17 April 2025, 11:46 AM IST

അഭിഷേക് നായർ | PTI
ന്യൂഡല്‍ഹി: കഴിഞ്ഞ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയ്ക്കിടെ ഇന്ത്യയുടെ ഡ്രസ്സിങ് റൂമിലെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് കടുത്ത നടപടികളിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ട്. പരിശീലകന്‍ ഗൗതം ഗംഭീറിന്റെ സപ്പോര്‍ട്ട് സ്റ്റാഫിലുള്ള മൂന്നുപേരെ ബിസിസിഐ പുറത്താക്കാനൊരുങ്ങുന്നതായി ദൈനിക് ജാഗരനാണ് റിപ്പോര്‍ട്ട് ചെയ്തത്. അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍, ഫീല്‍ഡിങ് കോച്ച് ടി ദിലീപ്, ട്രെയിനര്‍ സോഹം ദേശായി എന്നിവരെ പുറത്താക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഡ്രസ്സിങ് റൂമിലെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തിന് ഒരു താരം താത്പര്യം പ്രകടിപ്പിച്ചതായുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. പരിശീലകന്‍ ഗൗതം ഗംഭീര്‍ സര്‍ഫറാസ് ഖാനെ കുറ്റപ്പെടുത്തിയതായും അന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതുമായി ബന്ധപ്പെട്ടാണ് കര്‍ശന നടപടിക്ക് ബിസിസിഐ ഒരുങ്ങുന്നത്. അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരെ ഉള്‍പ്പടെ ബിസിസിഐ പുറത്താക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അഭിഷേക് ടീമിനൊപ്പം ചേര്‍ന്നിട്ട് എട്ട് മാസം മാത്രമേ ആകുന്നുള്ളൂ. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ വന്നിട്ടില്ല.
അതേസമയം മൂന്ന് വര്‍ഷത്തിലധികമായി ടീമില്‍ തുടരുന്ന സപ്പോര്‍ട്ട് സ്റ്റാഫുകളെ പുറത്താക്കാന്‍ ബിസിസിഐ നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ നോട്ടീസയച്ചെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു പരാമര്‍ശം. ആ പശ്ചാത്തലത്തില്‍ ടീമിനൊപ്പം മൂന്ന് വര്‍ഷമായുള്ള ഫീല്‍ഡിങ് കോച്ച് ടി ദിലീപ്, ട്രെയിനര്‍ സോഹം ദേശായി എന്നിവരും പുറത്തായേക്കും. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ബിസിസിഐ വൃത്തങ്ങളില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല.
ബോര്‍ഡര്‍ ഗാവസ്‌കര്‍ പരമ്പരയിൽ കനത്ത പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ മത്സരം മാത്രമാണ് ഇന്ത്യക്ക് വിജയിക്കാനായത്. മൂന്ന് ടെസ്റ്റില്‍ ഓസീസ് ജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയിലായി. തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്താകുകയും ചെയ്തിരുന്നു.
Content Highlights: bcci to sack 3 enactment staffs connected dressing country quality leak report








English (US) ·