
റിഷാദ് ഹൊസൈൻ | Photo:X.com
ന്യൂഡല്‍ഹി: പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചതിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരേ ആഞ്ഞടിച്ച് ബംഗ്ലാദേശ് സ്പിന്നറും പിഎസ്എല്‍ ടീം ലാഹോര്‍ ക്വാലാന്‍ഡേഴ്‌സ് താരവുമായ റിഷാദ് ഹൊസൈന്‍. ഡ്രോണ്‍ ആക്രമണത്തിന്റെ വിവരങ്ങള്‍ താരങ്ങളില്‍ നിന്ന് പിസിബി മറച്ചുവെച്ചതായി റിഷാദ് ആരോപിച്ചു. ശേഷിക്കുന്ന മത്സരങ്ങള്‍ കറാച്ചിയില്‍ നടത്താനാണ് ആദ്യ ഘട്ടത്തില്‍ നീക്കം നടത്തിയതെന്നും എന്നാല്‍ താരങ്ങള്‍ ആശങ്കയറിയിച്ചതിന് പിന്നാലെയാണ് തീരുമാനം മാറ്റിയതെന്നും റിഷാദ് പ്രതികരിച്ചു.
'നിലവിലെ സാഹചര്യത്തിൽ ഞങ്ങളുടെ ആശങ്കകൾ മനസിലാക്കാൻ ഒരു യോഗം നടത്തിയിരുന്നു. ടൂർണമെന്റ് നടത്താൻ ദുബായ് ആണ് സുരക്ഷിതമായ സ്ഥലമെന്ന് ഒട്ടുമിക്ക വിദേശ കളിക്കാരും പറഞ്ഞു. എന്നാൽ ശേഷിക്കുന്ന മത്സരങ്ങൾ കറാച്ചിയിൽ നടത്താമെന്നാണ് പിസിബി ചെയർമാൻ പറഞ്ഞത്. തലേദിവസം രണ്ട് ഡ്രോൺ ആക്രമണങ്ങൾ നടന്ന കാര്യം അദ്ദേഹം ഞങ്ങളിൽ നിന്ന് മറച്ചുവെക്കാൻ ശ്രമിച്ചു. അത് ഞങ്ങൾ പിന്നീടാണ് അറിഞ്ഞത്. പിന്നീട് എല്ലാവരും ദുബായിലേക്ക് മാറാൻ തീരുമാനമെടുക്കുകയായിരുന്നു. ദുബായിലെത്താൻ സഹായിച്ച പിസിബി ചെയർമാനും പാകിസ്താൻ ക്രിക്കറ്റ് ബോർഡിനും നന്ദി.'- റിഷാദ് ഹൊസൈന്‍ പറഞ്ഞു.
പിഎസ്എൽ അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചതിന് പിന്നാലെ രാജ്യം വിടാനൊരുങ്ങിയ വിദേശതാരങ്ങള്‍ നേരിട്ട സാഹചര്യത്തെ കുറിച്ച് നേരത്തേ റിഷാദ് വെളിപ്പെടുത്തിയിരുന്നു. 'വിദേശതാരങ്ങളായ സാം ബില്ലിങ്‌സ്, ഡാരില്‍ മിച്ചല്‍, കുശാല്‍ പെരേര, ഡേവിഡ് വീസെ, ടോം കറന്‍ എന്നിവര്‍ ഭയന്നുപോയി. ഈ സാഹചര്യത്തില്‍ ഇനി പാകിസ്താനില്‍ പോകില്ലെന്നാണ് ദുബായില്‍ എത്തിയശേഷം മിച്ചല്‍ പറഞ്ഞത്. എല്ലാവരും പരിഭ്രാന്തരായിരുന്നു.'- ദുബായിലെത്തിയ ശേഷം റിഷാദ് മാധ്യമങ്ങളോട് പ്രതികരിച്ചു.
നാട്ടിലേക്ക് മടങ്ങവേ ഇംഗ്ലണ്ട് താരം ടോം കറന്‍ കരഞ്ഞതായും ചുറ്റുമുള്ളവര്‍ താരത്തെ ആശ്വസിപ്പിച്ചെന്നും റിഷാദ് കൂട്ടിച്ചേര്‍ത്തു.'ടോം കറന്‍ വിമാനത്താവളത്തില്‍ പോയപ്പോൾ വിമാനത്താവളം അടച്ചതായി അറിഞ്ഞു. പിന്നാലെ അദ്ദേഹം കുട്ടിയെപ്പോലെ കരയാന്‍ തുടങ്ങി. രണ്ടുമൂന്നുപേര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ ആശ്വസിപ്പിച്ചത്.'- റിഷാദ് പറഞ്ഞു.
'ദുബായിലെ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് 20 മിനിറ്റിനുശേഷം ഒരു മിസൈൽ അവിടെ പതിച്ചു എന്നൊരു വിവരം കേട്ടു. ആ വാർത്ത ഭയപ്പെടുത്തുന്നതും ദുഃഖകരവുമായിരുന്നു. ദുബായിൽ എത്തിയപ്പോഴാണ് ഞങ്ങൾക്ക് ആശ്വാസമായത്. ഞാൻ കളിക്കാൻ പുറത്തുപോകുമ്പോഴെല്ലാം വീട്ടുകാർ പരിഭ്രമിക്കാറുണ്ട്. ഇപ്പോൾ പാകിസ്താനിലെ ബോംബ് സ്ഫോടനങ്ങളും മിസൈൽ ആക്രമണങ്ങളും കേട്ടപ്പോൾ അവർ സ്വാഭാവികമായും ടെൻഷനടിച്ചു.' - റിഷാദ് പറഞ്ഞു.
Content Highlights: pakistan cricket committee fell details of drone attacks says psl star








English (US) ·