Published: June 01 , 2025 01:08 PM IST Updated: June 01, 2025 01:14 PM IST
1 minute Read
ലിവർപൂൾ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഡൽഹി ക്യാപിറ്റൽസ് പ്ലേഓഫ് കാണാതെ പുറത്തായതിനു പിന്നാലെ ഇംഗ്ലണ്ടിലേക്കു പോയ ഇന്ത്യൻ യുവതാരത്തിന് സെഞ്ചറി. ഇന്ത്യ എ ടീമിന്റെ ഭാഗമായി ഇംഗ്ലണ്ടിൽ ഇരട്ടസെഞ്ചറി കുറിച്ച ഡൽഹി ക്യാപിറ്റൽസിന്റെ തന്നെ കരുണ്‍ നായർക്കു പിന്നാലെയാണ്, മറ്റൊരു ടൂർണമെന്റിൽ ഡൽഹിയുടെ വേറൊരു താരം കൂടി സെഞ്ചറി നേടിയത്. ഐപിഎലിൽ ഡൽഹി നിരയിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച അശുതോഷ് ശർമയാണ്, ഇംഗ്ലണ്ട് മണ്ണിൽ വെറും 70 പന്തിൽനിന്ന് സെഞ്ചറിയുമായി തിളങ്ങിയത്.
ലിവർപൂൾ ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് കോംപറ്റീഷനിൽ, വിഗാൻ ക്രിക്കറ്റ് ക്ലബിനായിട്ടായിരുന്നു അശുതോഷിന്റെ സെഞ്ചറി പ്രകടനം. ഇസിബി പ്രിമിയർ ലീഗിന്റെ ഭാഗമാണ് ഈ ടൂർണമെന്റ്.
ഫോംബി സിസിക്കെതിരെ സ്വന്തം ടീം ബാറ്റിങ് തകർച്ച നേരിടുമ്പോൾ അഞ്ചാമനായി ക്രീസിലെത്തിയ അശുതോഷ്, ഓപ്പണർ അവീൻ ദലുഗോഡിനൊപ്പം സെഞ്ചറി കൂട്ടുകെട്ടും തീർത്തു. 9.5 ഓവറിൽ വിഗാൻ ക്രിക്കറ്റ് ക്ലബ് മൂന്നിന് 17 റൺസ് എന്ന നിലയിൽ ബാറ്റിങ് തകർച്ച നേരിടുമ്പോഴാണ് അശുതോഷ് ക്രീസിലെത്തുന്നത്. തുടർന്ന് അവീനൊപ്പം തകർപ്പൻ സെഞ്ചറി കൂട്ടുകെട്ട് തീർത്ത് ടീമിന്റെ രക്ഷകനായി.
23.4 ഓവർ ക്രീസിൽ നിന്ന ഇരുവരും 153 റൺസാണ് സ്കോർ ബോർഡിൽ എത്തിച്ചത്. എട്ടു ഫോറും ആറു സിക്സും സഹിതമാണ് അശുതോഷ് 70 പന്തിൽ സെഞ്ചറിയിലെത്തിയത്. സെഞ്ചറിക്കു തൊട്ടുപിന്നാലെ 34–ാം ഓവറിൽ അശുതോഷ് പുറത്തായി. ഇതിനു പിന്നാലെ വിഗാൻ ക്രിക്കറ്റ് ക്ലബ് മറ്റൊരു കൂട്ടത്തകർച്ചയെ അഭിമുഖീകരിക്കുകയും ചെയ്തു.
ഒരു ഘട്ടത്തിൽ മൂന്നിന് 170 റൺസ് എന്ന നിലയിലായിരുന്ന വിഗാൻ ക്രിക്കറ്റ് ക്ലബ്, പിന്നാലെ 41 ഓവറിൽ ഏഴിന് 195 റൺസ് എന്ന നിലയിലേക്ക് പതിച്ചു. ലാറി എഡ്വാർഡാണ് അശുതോഷിനെ പുറത്താക്കിയത്. ഒടുവിൽ വികാൻ ക്രിക്കറ്റ് ക്ലബ് 52–ാം ഓവറിൽ 241 റൺസിന് പുറത്താകുകയും ചെയ്തു. മറുപടി ബാറ്റിങ്ങിൽ ഒരു ഘട്ടത്തിൽ അഞ്ചിന് 169 റൺസ് എന്ന നിലയിൽ തകർന്ന ഫോംബി, ഒടുവിൽ വിജയത്തിലെത്തി.
ഇന്ത്യൻ പ്രിമിയർ ലീഗിൽ ഡൽഹിയുടെ മത്സരങ്ങൾ അവസാനിച്ചതിനു പിന്നാലെ, മത്സരദിവസം പുലർച്ചെയാണ് അശുതോഷ് ഇംഗ്ലണ്ടിലെത്തിയത്. കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സിനായി കളിച്ചിരുന്ന അശുതോഷിനെ ഇത്തവണ താരലേലത്തിലാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. 29.14 ശരാശരിയിൽ 160.62 സ്ട്രൈക്ക് റേറ്റോടെ 204 റൺസാണ് അശുതോഷ് ഇത്തവണ നേടിയത്.
English Summary:








English (US) ·