05 June 2025, 09:50 PM IST

തഗ് ലൈഫ് പോസ്റ്റർ, ദുൽഖർ സൽമാൻ | ഫോട്ടോ: X, ഷാനി ഷാകി
കമൽഹാസനെ നായകനാക്കി മണിരത്നം 37 വർഷങ്ങൾക്കുശേഷം ചെയ്യുന്ന ചിത്രം എന്നായിരുന്നു തഗ് ലൈഫിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. വലിയ താരനിരയും എ.ആർ.റഹ്മാന്റെ സംഗീതവും കൂടിയായപ്പോൾ ചിത്രം ഈ വർഷത്തെ വലിയ ഹിറ്റുകളിലൊന്നാവുമെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാൽ പ്രതീക്ഷകൾക്ക് വിരുദ്ധമായി അത്ര നല്ല പ്രതികരണമല്ല ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തേക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു ചർച്ച നടക്കുന്നുണ്ട്. മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാനാണ് ഈ ചർച്ചയിലെ കേന്ദ്രബിന്ദു.
തഗ് ലൈഫിൽ ചിമ്പു ചെയ്ത വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് ദുൽഖർ സൽമാനെയായിരുന്നു. ദുൽഖറിന്റെ ക്യാരക്റ്റർ പോസ്റ്ററും അണിയറപ്രവർത്തകർ ഇറക്കിയിരുന്നു. എന്നാൽ ചിത്രത്തിൽനിന്ന് താമസിയാതെ താരം പിൻമാറി. ദുൽഖറിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്നായിരുന്നു അന്നീ തീരുമാനത്തെ പലരും വിശേഷിപ്പിച്ചത്. തഗ് ലൈഫ് ട്രെയിലർ ഇറങ്ങിയപ്പോൾ ചിമ്പുവും കമൽഹാസനും തമ്മിലുള്ള രംഗങ്ങൾ കണ്ടപ്പോൾ ഈ കാര്യം പ്രേക്ഷകർ ഒന്നുകൂടി ഉറപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ തഗ് ലൈഫ് റിലീസായതോടെ ആ അഭിപ്രായങ്ങളെല്ലാം ഒന്നൊഴിയാതെ മാറുന്നതാണ് കാണുന്നത്. ദുൽഖർ പിന്മാറിയത് എന്തുകൊണ്ടും നന്നായെന്നാണ് ഇപ്പോൾ വരുന്ന പ്രതികരണങ്ങൾ. തഗ് ലൈഫിൽനിന്നൊഴിഞ്ഞ് ദുൽഖർ ചെയ്തത് ലക്കി ഭാസ്കർ എന്ന ചിത്രമാണ്. ഈ ചിത്രം 100 കോടി ആഗോള കളക്ഷൻ നേടിയിരുന്നു. കൂടാതെ തെലങ്കാന സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും ദുൽഖറിനെ തേടിയെത്തി. ഇതെല്ലാം പരിഗണിച്ച് ദുൽഖർ ശരിക്കും ലക്കിയാണെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.
അതേസമയം ദുൽഖറിന് പുറമേ രവി മോഹനും തഗ് ലൈഫിൽനിന്ന് പിന്മാറിയിരുന്നു. അശോക് സെൽവനാണ് ഈ കഥാപാത്രം പിന്നീട് ചെയ്തത്.
Content Highlights: Dulquer Salman`s determination to not prima successful Mani Ratnam`s Thug Life is present being praised
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·