തകര്‍പ്പന്‍ ഫോമിലുള്ള സഞ്ജു സാംസൺ ഇന്ത്യന്‍ ഏകദിന ടീമിലേക്ക്? ഓസ്ട്രേലിയയ്ക്കെതിരെ കളിച്ചേക്കും

3 months ago 5

ഓൺലൈൻ ഡെസ്ക്

Published: September 28, 2025 07:45 PM IST

1 minute Read

ഒമാൻ ഓപ്പണർ ആമിർ കലീമിന്റെ വിക്കറ്റിനായി അപ്പീൽ ചെയ്യുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ. അർധസെഞ്ചറി പൂർത്തിയാക്കി 18–ാം ഓവറിലാണ് ആമിർ പുറത്തായത്. Photo by Sajjad HUSSAIN / AFP)
സഞ്ജു സാംസൺ ഏഷ്യാകപ്പിനിടെ. Photo: SajjadHussain/AFP

മുംബൈ∙ചാംപ്യന്‍സ് ട്രോഫിക്കു ശേഷം, ഇന്ത്യ കളിക്കുന്ന ആദ്യ ഏകദിന പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടായേക്കും. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20യുമാണ് ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ കളിക്കുന്നത്. ഒക്ടോബർ 19,23,25 തീയതികളിലാണ് ഏകദിന മത്സരങ്ങൾ. രോഹിത് ശർമ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു തിരിച്ചെത്തും. രോഹിതിനൊപ്പം സൂപ്പർ താരം വിരാട് കോലിയും ഇന്ത്യൻ ടീമില്‍ കളിച്ചേക്കും.

ടീമിൽ നിർണായകമായ ചില മാറ്റങ്ങൾക്ക് ബിസിസിഐ ഒരുങ്ങുന്നതായാണു പുറത്തുവരുന്ന വിവരം. രോഹിത് ശർമയും വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ഓപ്പണർമാരായുള്ള ടീമിലേക്ക് അഭിഷേക് ശര്‍മയെയും ബിസിസിഐ ഉൾപ്പെടുത്തിയേക്കും. ട്വന്റി20 ഫോർമാറ്റിൽ തകർത്തടിക്കുന്ന അഭിഷേകിന് ഏകദിന ക്രിക്കറ്റിലും അവസരങ്ങളൊരുക്കാനാണ് ബിസിസിഐയുടെ തീരുമാനം. ഏറെക്കാലത്തിനു ശേഷം ശ്രേയസ് അയ്യരും ഇന്ത്യൻ മധ്യനിരയിൽ ഇടം പിടിച്ചേക്കും.

കെ.എൽ. രാഹുലായിരിക്കും ഏകദിന പരമ്പരയിലെ പ്രധാന വിക്കറ്റ് കീപ്പർ. രണ്ടാം വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ ടീമിലെത്തിയേക്കും. ബാറ്റിങ്ങിൽ ഏതു പൊസിഷനിലും കളിപ്പിക്കാവുന്ന ബാറ്ററായ സഞ്ജു, ഫീൽഡറായും ഗംഭീര പ്രകടനമാണ് ഇന്ത്യൻ ടീമിൽ നടത്തിയിട്ടുള്ളത്. ഋഷഭ് പന്ത്  പരുക്കേറ്റു പുറത്തിരിക്കുന്ന സാഹചര്യത്തിലാണ് സഞ്ജുവിനെ ഏകദിന ടീമിലേക്കും പരിഗണിക്കുന്നത്.

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള സാധ്യതാ  ടീം– രോഹിത് ശര്‍മ (ക്യാപ്റ്റൻ), ശുഭ്മൻ ഗില്‍ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹാർദിക്് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കെ.എൽ. രാഹുൽ, സഞ്ജു  സാംസൺ, കുൽദീപ് യാദവ്,  വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, ഹർഷിത് റാണ, മുഹമ്മദ് ഷമി.

English Summary:

Sanju Samson Returns: India's Likely Squad For ODI Series vs Australia

Read Entire Article