തകർത്തടിച്ച ബ്രെവിസ് പുറത്തായപ്പോൾ ഗ്രൗണ്ടിൽ ‘ഷോ’ കാണിച്ചു, കൊൽക്കത്ത താരത്തിനു വൻ തുക പിഴ- വിഡിയോ

8 months ago 7

ഓൺലൈൻ ഡെസ്ക്

Published: May 08 , 2025 07:28 PM IST

1 minute Read

 X@IPL
വിക്കറ്റു വീഴ്ത്തിയപ്പോൾ വരുൺ ചക്രവർത്തിയുടെ ആഹ്ലാദം. Photo: X@IPL

കൊൽക്കത്ത∙ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിനിടയിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്പിന്നർ വരുൺ ചക്രവർത്തിക്കു വൻ തുക പിഴ ചുമത്തി. അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരിലാണു നടപടി. അർധ സെഞ്ചറി നേടിയ ഡെവാൾഡ് ബ്രെവിസിനെ പുറത്താക്കിയപ്പോൾ കയറിപ്പോകാനായി കൈ കൊണ്ട് ആംഗ്യം കാണിച്ചതാണു നടപടിക്കു കാരണം. മാച്ച് ഫീയുടെ 25 ശതമാനം വരുൺ ചക്രവർത്തി പിഴയായി അടയ്ക്കേണ്ടിവരും.

മാച്ച് റഫറിയുടെ ശിക്ഷാ നടപടി വരുൺ ചക്രവർത്തി അംഗീകരിച്ചതായും താരത്തിനെതിരെ ഒരു ഡിമെറിറ്റ് പോയിന്റു ചുമത്തുമെന്നും സംഘാടകർ അറിയിച്ചു. മത്സരത്തിൽ 25 പന്തിൽ 52 റൺസെടുത്ത ഡെവാൾഡ് ബ്രെവിസിനെ വരുൺ ചക്രവർത്തിയുടെ പന്തിൽ റിങ്കു സിങ് ക്യാച്ചെടുത്താണു പുറത്താക്കിയത്. വിക്കറ്റു ലഭിച്ചതോടെ ചക്രവർത്തിയുടെ ആഘോഷം അതിരുവിടുകയായിരുന്നു. ബാറ്റിങ് തകർച്ചയിൽ നിന്ന് കരകയറി തിരിച്ചടിച്ച ചെന്നൈ കൊൽക്കത്തയ്ക്കെതിരെ രണ്ടു വിക്കറ്റു വിജയമാണു നേടിയത്.

180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് 60 റൺസ് എടുക്കുന്നതിനിടെ ആദ്യ 5 വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നാൽ അതിവേഗ അർധ സെഞ്ചറി കുറിച്ച ഡെവാൾഡ് ബ്രെവിസിന്റെയും (25 പന്തിൽ 52) ശിവം ദുബെയുടെയും (40 പന്തിൽ 45) ഇന്നിങ്സുകൾ ചെന്നൈയെ കരകയറ്റി. ജയിക്കാൻ 8 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ ആന്ദ്രെ റസലിനെതിരെ സിക്സർ നേടിയ എം.എസ്.ധോണി (18 പന്തിൽ 17*) വിജയമുറപ്പാക്കുകയും ചെയ്തു. 

സ്കോർ: കൊൽക്കത്ത– 20 ഓവറി‍ൽ 6ന് 179. ചെന്നൈ– 19.4 ഓവറിൽ 8ന് 183. 4 വിക്കറ്റ് വീഴ്ത്തിയ ചെന്നൈ സ്പിന്നർ നൂർ അഹമ്മദാണ് പ്ലെയർ ഓഫ് ദ് മാച്ച്. തുടർച്ചയായ 4 തോൽവികൾക്കുശേഷമുള്ള ചെന്നൈയുടെ ആശ്വാസ ജയമാണിത്. ഐപിഎലിൽ 7 വർഷങ്ങൾക്കുശേഷമാണ് 179ന് മുകളിലുള്ള വിജയലക്ഷ്യം ചെന്നൈ ടീം കീഴടക്കുന്നത്. തോൽവിയോടെ കൊൽക്കത്തയുടെ പ്ലേഓഫ് സാധ്യതകൾ ഏറക്കുറെ അവസാനിച്ചു. 

English Summary:

Varun Chakaravarthy Faces BCCI's Wrath Over Gesture To CSK Star Dewald Brevis

Read Entire Article