തകർത്തടിച്ച് 90 പന്തിൽ 190 റൺസ്; ഇംഗ്ലണ്ട് പര്യടനത്തിനു പുറപ്പെടും മുൻപേ കരുത്തുകാട്ടി വൈഭവ് സൂര്യവംശി- വിഡിയോ

7 months ago 6

ഓൺലൈൻ ഡെ‌സ്‌ക്

Published: June 11 , 2025 12:38 PM IST

1 minute Read

പരിശീലന മത്സരത്തിൽ വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് (വിഡിയോ ദൃശ്യം)
പരിശീലന മത്സരത്തിൽ വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് (വിഡിയോ ദൃശ്യം)

ബെംഗളൂരു∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) 18–ാം സീസണിലൂടെ താരത്തിളക്കത്തിലേക്ക് ഉയർന്നതിനു പിന്നാലെ, ക്രിക്കറ്റ് ലോകത്ത് വീണ്ടും ചർച്ചയായി പതിനാലുകാരൻ വൈഭവ് സൂര്യവംശിയുടെ പ്രകടനം. ഇത്തവണ ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി സംഘടിപ്പിച്ച പരിശീലന മത്സരത്തിൽ വൈഭവ് പുറത്തെടുത്ത പ്രകടനമാണ് ചർച്ചയാകുന്നത്. മത്സരത്തിൽ 90 പന്തിൽ വൈഭവ് സൂര്യവംശി അടിച്ചുകൂട്ടിയത് 190 റൺസ്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു (എൻസിഎ) പരിശീലന മത്സരം.

ഇന്ത്യയുടെ അണ്ടർ 19 ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിനായി പുറപ്പെടാനിരിക്കെയാണ് ചൊവ്വാഴ്ച പരിശീലന മത്സരം സംഘടിപ്പിച്ചത്. ഗ്രൗണ്ടിന്റെ നാലു ഭാഗത്തേക്കും യഥേഷ്ടം ഷോട്ടുകൾ പായിച്ചാണ് വൈഭവ് 190 റൺസെടുത്തത്. അതേസമയം, ഇരട്ടസെഞ്ചറിക്ക് 10 റൺസ് മാത്രം അകലെ താരം പുറത്തായി.

ജൂൺ 24ന് ആരംഭിക്കുന്ന ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിൽ 5 ഏകദിനങ്ങളും 2 ദ്വിദിന മത്സരങ്ങളുമുണ്ട്. മുംബൈ സ്വദേശിയും ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഓപ്പണിങ് ബാറ്ററുമായ ആയുഷ് മാത്രെ നയിക്കുന്ന ടീമിൽ മലയാളി ലെഗ് സ്പിന്നർ മുഹമ്മദ് ഇനാനും ഇടംപിടിച്ചിരുന്നു.

കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരായ ടെസ്റ്റിൽ സെഞ്ചറി നേടിയ വൈഭവ് സൂര്യവംശി ഒരു സെഞ്ചറിയും ഒരു അർധ സെഞ്ചറിയും നേടിയാണ് ഈ സീസൺ ഐപിഎലിൽ വരവറിയിച്ചത്. പതിനേഴുകാരനായ ആയുഷ് മാത്രെ ഐപിഎലിൽ ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിനു പരുക്കേറ്റപ്പോഴാണു ടീമിലെത്തിയത്.

കഴിഞ്ഞ ഒക്ടോബറിൽ ഓസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് തൃശൂർ പുന്നയൂർക്കുളം പരൂർ സ്വദേശിയായ മുഹമ്മദ് ഇനാന് വീണ്ടും ഇന്ത്യൻ ടീമിലേക്കു വഴിയൊരുക്കിയത്. 2 മത്സരങ്ങളിൽനിന്ന് 16 വിക്കറ്റുകൾ വീഴ്ത്തിയ ഇനാൻ പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതെത്തിയിരുന്നു. പിന്നാലെ അണ്ടർ 19 ഏഷ്യാ കപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിലും ഇടംനേടി.

English Summary:

14-Year-Old Vaibhav Suryavanshi Blasts 190 Before England Trip

Read Entire Article