ബര്‍മിങ്ങാം: ഇന്ത്യ ഉയര്‍ത്തിയ റണ്‍മലയ്ക്ക് മുന്നിലെ ഇംഗ്ലീഷ് പോരാട്ടം 407 റൺസിന് അവസാനിച്ചു. ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് 180 റൺസിന്റെ ലീഡും സ്വന്തം. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 84 റൺസെന്ന നിലയിൽ നിന്ന് മൂന്നൂറ് റൺസ് കൂട്ടുകെട്ടിലൂടെ ഹാരി ബ്രൂക്കും ജെയ്മി സ്മിത്തുമാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്. ഒടുക്കം ബ്രൂക്കിനെ(158) പുറത്താക്കി ആകാശ്ദീപാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സ്മിത്ത് 184 റൺസോടെ പുറത്താവാതെ നിന്നു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് ആറുവിക്കറ്റെടുത്തു. ആദ്യ ഇന്നിങ്‌സില്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ ഇരട്ട സെഞ്ചുറി മികവില്‍ ഇന്ത്യ 587 റണ്‍സാണെടുത്തത്.
രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെത് മികച്ച തുടക്കമായിരുന്നു. ജയ്സ്വാളും കെ.എൽ. രാഹുലും എട്ടാം ഓവറില്‍ തന്നെ ടീമിനെ അമ്പത് കടത്തി. പിന്നാലെ ജയ്‌സ്വാള്‍(28) പുറത്തായി. മൂന്നാംദിനം കളിയവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. കരുണ്‍ നായരും(7) രാഹുലുമാണ്(28) ക്രീസില്‍. നിലവിൽ ഇന്ത്യക്ക് 244 റൺസിന്റെ ലീഡാണുള്ളത്.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം കളിയാരംഭിച്ചത്. മൂന്നാം ദിനം തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ട് പതറി. രണ്ടുവിക്കറ്റുകള്‍ കൂടി പിഴുതെടുത്ത് ഇന്ത്യ, ഇംഗ്ലീഷ് നിരയെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ജോ റൂട്ടും(22), ബെന്‍ സ്‌റ്റോക്ക്‌സും(0) ആണ് പുറത്തായത്. രണ്ട് താരങ്ങളെയും മുഹമ്മദ് സിറാജാണ് പുറത്താക്കിയത്.
അതോടെ ഇംഗ്ലണ്ട് 84-5 എന്ന നിലയിലായി. പിന്നീട് ക്രീസില്‍ ഒന്നിച്ച ഹാരി ബ്രൂക്കും ജെയ്മി സ്മിത്തും ഇംഗ്ലണ്ടിനെ കരകയറ്റുന്നതാണ് കണ്ടത്. ആറാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച ഇരുവരും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പിടികൊടുത്തില്ല. ബാസ്‌ബോള്‍ ശൈലിയില്‍ ബാറ്റേന്തിയ ഇരുവരും സ്‌കോര്‍ വേഗം ഉയര്‍ത്തി. ബ്രൂക്കും സ്മിത്തും അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ഇംഗ്ലണ്ട് 200-കടന്നു.
ഇന്ത്യന്‍ ബൗളര്‍മാര്‍ മാറിമാറിയെറിഞ്ഞെങ്കിലും സ്മിത്തും ബ്രൂക്കും ബര്‍മിങ്ങാമില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. പിന്നാലെ 80 പന്തില്‍ നിന്ന് സ്മിത്തിന്റെ സെഞ്ചുറിയെത്തി. അധികം വൈകാതെ ബ്രൂക്കും മൂന്നക്കം തൊട്ടതോടെ ഇന്ത്യ അല്‍പ്പം പ്രതിരോധത്തിലായി. പിന്നാലെ ഇരുന്നൂറ് റണ്‍സ് കൂട്ടുകെട്ടും ആറാംവിക്കറ്റില്‍ വന്നുചേര്‍ന്നു. രണ്ടാം സെഷൻ കഴിഞ്ഞ് മൂന്നാം സെഷനിലേക്ക് മത്സരം കടന്നപ്പോഴും ഇന്ത്യൻ ബൗളർമാർക്ക് പിടികൊടുക്കാതെ ഇരുവരും ബാറ്റേന്തി. ശ്രദ്ധയോടെ സ്കോറുയർത്തിയ താരങ്ങൾ റെക്കോഡ് കൂട്ടുകെട്ടിലേക്ക് നീങ്ങുകയും ചെയ്തു. ഇരുവരും 150 റൺസും തികച്ചതോടെ ആറാം വിക്കറ്റ് കൂട്ടുകെട്ട് 300 റൺസിലെത്തി. പിന്നാലെ ബ്രൂക്കിനെ ബൗൾഡാക്കി ആകാശ്ദീപ് കൂട്ടുകെട്ട് പൊളിച്ചു. അതോടെ ടീം 387-6 എന്ന നിലയിലായി. 303 റൺസിന്റെ റെക്കോഡ് കൂട്ടുകെട്ടാണ് ബ്രൂക്കും സ്മിത്തും ചേർന്ന് പടുത്തുയർത്തിയത്. ബ്രൂക്ക് 158 റൺസെടുത്താണ് പുറത്തായത്.
പിന്നാലെ വന്നവരെല്ലാം വേഗം കൂടാരം കയറിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. ക്രിസ് വോക്ക്‌സ്(5), ബ്രൈഡന്‍ കാഴ്‌സ്(0), ജോഷ് ടങ്ക്(0), ഷൊയ്ബ് ബാഷിർ(0) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. അതോടെ ഇംഗ്ലണ്ട് ഇന്നിങ്സ് 407 റൺസിന് അവസാനിച്ചു. സിറാജ് ആറുവിക്കറ്റും ആകാശ്ദീപ് നാലുവിക്കറ്റുമെടുത്തു.
ഒന്നാമിങ്സിൽ തകര്‍ച്ചയോടെയാണ് ഇംഗ്ലണ്ട് തുടങ്ങിയത്. 25-റണ്‍സിനിടെ ടീമിന് മൂന്നുവിക്കറ്റ് നഷ്ടമായി. സാക് ക്രോളി (19), ബെന്‍ ഡക്കറ്റ്(0), ഒല്ലി പോപ്(0) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ബെന്‍ ഡക്കറ്റിനെയും ഒല്ലി പോപ്പിനെയും ആകാശ് ദീപ് പുറത്താക്കിയപ്പോള്‍ സാക് ക്രോളിയെ മുഹമ്മദ് സിറാജ് കൂടാരം കയറ്റി.
ആദ്യ ഇന്നിങ്സിൽ ഇന്ത്യ 587 റൺസിന് പുറത്തായിരുന്നു. തകര്‍പ്പന്‍ ഇരട്ട സെഞ്ചുറിയുമായി ഗിൽ(269) ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായി. ഗില്ലും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ടീമിനെ കൂറ്റൻ സ്കോർ സമ്മാനിച്ചത്. യശസ്വി ജയ്സ്വാളും(87) ജഡേജയും(89) അർധസെഞ്ചുറി തികച്ചു.
ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ നായകനാണ് ഗില്‍. മൻസൂർ അലി ഖാൻ പട്ടൗഡിയാണ് ഇരട്ട സെഞ്ചുറി തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ നായകന്‍. ഇംഗ്ലീഷ് മണ്ണിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോറാണിത്. ഗില്ലിന് പുറമേ സുനില്‍ ഗാവസ്‌കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഇംഗ്ലണ്ടില്‍ ടെസ്റ്റ് ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങള്‍.
Content Highlights: England vs India 2nd Test unrecorded updates








English (US) ·