തകർന്നടിഞ്ഞ് കേരളം, ഒറ്റയ്ക്കുനിന്ന് പൊരുതി ക്യാപ്റ്റൻ സഞ്ജു സാംസൺ, അർധ സെഞ്ചറി; തോൽവി

1 month ago 2

ഓൺലൈൻ ഡെസ്ക്

Published: December 06, 2025 04:09 PM IST

1 minute Read

 KCA
സഞ്ജു സാംസൺ. Photo: KCA

ലക്നൗ∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ആന്ധ്രപ്രദേശിനെതിരായ മത്സരത്തിൽ കേരളത്തിനായി ഒറ്റയ്ക്കുനിന്നു പൊരുതി ക്യാപ്റ്റൻ സഞ്ജു സാംസൺ. നിർണായക മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത കേരളം ഏഴു വിക്കറ്റ് നഷ്ടത്തിൽ 119 റൺസിൽ ഒതുങ്ങിയപ്പോൾ സഞ്ജു സാംസൺ അർധ സെഞ്ചറി നേടി പുറത്താകാതെനിന്നു. 56 പന്തുകൾ നേരിട്ട താരം 73 റൺസാണു നേടിയത്. മൂന്ന് സിക്സുകളും എട്ട് ഫോറുകളും സഞ്ജു ബൗണ്ടറി കടത്തി.

ഒരു വശത്തു കേരള ബാറ്റർമാർ ഒന്നിനു പിറകേ ഒന്നായി പുറത്തായി മടങ്ങിയപ്പോൾ, ഓപ്പണറായി ഇറങ്ങിയ സഞ്ജു അവസാന പന്തുവരെ ബാറ്റിങ് തുടര്‍ന്നു. സഞ്ജുവിനു പുറമേ എം.ഡി. നിധീഷ് മാത്രമാണ് കേരള നിരയിൽ രണ്ടക്കം കടന്നത്. രോഹൻ കുന്നുമ്മൽ (രണ്ട്), മുഹമ്മദ് അസറുദ്ദീൻ (ആറ്), കൃഷ്ണ പ്രസാദ് (അഞ്ച്), അബ്ദുൽ ബാസിത്ത് (രണ്ട്), സൽമാൻ നിസാര്‍ (അഞ്ച്), ഷറഫുദ്ദീൻ (മൂന്ന്) എന്നിങ്ങനെയാണു പുറത്തായ കേരള താരങ്ങളുടെ സ്കോറുകൾ.

ആന്ധ്രപ്രദേശിനായി വെങ്കട നരസിംഹ രാജു, സൗരഭ് കുമാർ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും, കെ.വി. ശശികാന്ത്, പൃഥ്വിരാജ് യാറ, ബി. യശ്വന്ത് എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി. ആന്ധ്രപ്രദേശിനെതിരായ മത്സരത്തിനു ശേഷം, ട്വന്റി20 പരമ്പരയ്ക്കു വേണ്ടി സഞ്ജു സാംസൺ ഇന്ത്യൻ ടീം ക്യാംപിലേക്കു മാറിയേക്കും.

English Summary:

Syed Mushtaq Ali Trophy Twenty 20: Kerala vs Andhra Pradesh Match Updates

Read Entire Article