Published: September 01, 2025 12:57 PM IST
1 minute Read
ന്യൂഡല്‍ഹി∙ ബാറ്റിങ്ങിന് ഇറങ്ങുമ്പോഴെല്ലാം ‘ഹനുമാൻ ചാലിസ’ പോക്കറ്റിൽ സൂക്ഷിക്കാറുണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം നിതീഷ് റാണ. ഡൽഹി പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനം നടത്തുന്ന നിതീഷിനോട് ഫോമിന്റെ കാരണങ്ങള്‍ ചോദിച്ചപ്പോഴാണ് പോക്കറ്റിൽനിന്ന് ഹനുമാൻ ചാലിസ പുറത്തെടുത്തു കാണിച്ചത്. ‘‘ഓരോ തവണ ബാറ്റിങ്ങിന് ഇറങ്ങുമ്പോഴും ഇത് ഞാനെന്റെ പോക്കറ്റിൽ സൂക്ഷിച്ചുവയ്ക്കും.’’– നിതീഷ് റാണ അഭിമുഖത്തിൽ വെളിപ്പെടുത്തി.
ക്യാപ്റ്റൻ നിതീഷ് റാണയുടെ ബാറ്റിങ് കരുത്തിൽ സെൻട്രൽ ഡൽഹി കിങ്സിനെ തോൽപിച്ച് വെസ്റ്റ് ഡൽഹി ലയണ്‍സ് ഡൽഹി പ്രീമിയർ ലീഗ് കിരീടം നേടിയിരുന്നു. ആറു വിക്കറ്റ് വിജയമാണ് ഫൈനലിൽ വെസ്റ്റ് ഡൽഹി ലയൺസ് സ്വന്തമാക്കിയത്. മത്സരത്തിൽ 49 പന്തുകൾ നേരിട്ട നിതീഷ് റാണ 79 റൺസടിച്ചു പുറത്താകാതെനിന്നു. ഏഴു സിക്സുകളും നാലു ഫോറുകളുമാണു നിതീഷ് റാണ ബൗണ്ടറി കടത്തിയത്.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത സെൻട്രൽ ഡൽഹി കിങ്സ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണു നേടിയത്. യുഗൽ സെയ്നിയും (48 പന്തിൽ 65), പ്രൻഷു വിജയ്‍രനും (24 പന്തിൽ 50) സെൻട്രൽ ഡൽഹിക്കുവേണ്ടി അർധ സെഞ്ചറി തികച്ചു. മനൻ ഭരധ്വാജും ശിവങ്ക് വസിഷ്ടും വെസ്റ്റ് ഡൽഹിക്കായി രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ 18 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റ് ഡൽഹി വിജയലക്ഷ്യത്തിലെത്തുകയായിരുന്നു. ക്യാപ്റ്റൻ റാണയ്ക്കു പുറമേ 27 പന്തിൽ 42 റണ്‍സടിച്ച ഹൃതിക് ഷോകീനും വെസ്റ്റ് ഡൽഹി നിരയിൽ പുറത്താകാതെനിന്നു.
English Summary:








English (US) ·