തഗ് ലൈഫ്

7 months ago 6

മുജീബുര്‍റഹ്മാന്‍ കരിയാടന്‍

മണിരത്‌നം, കമല്‍ഹാസന്‍, എ ആര്‍ റഹ്മാന്‍- പ്രേക്ഷകര്‍ക്ക് പ്രതീക്ഷവെക്കാന്‍ ഈ പേരുകള്‍ തന്നെ ധാരാളം. നീണ്ട 38 വര്‍ഷത്തിന് ശേഷം മണിരത്‌നവും കമല്‍ഹാസനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും. കാഴ്ചക്കാര്‍ അമിത പ്രതീക്ഷയുമായി തിയേറ്ററിലേക്ക് പോയാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.

അടിസ്ഥാനപരമായി തഗ് ലൈഫ് സിനിമയുടെ ഭാഷ തമിഴാണെങ്കിലും കഥ നടക്കുന്നത് ഡല്‍ഹിയിലാണ്. സാധാരണ തമിഴില്‍ കവിഞ്ഞൊരു പേര് സിനിമയ്ക്ക് നല്‍കാറില്ലെങ്കിലും കഥയുടെ പശ്ചാതലം തമിഴല്ലാത്തതു കൊണ്ടായിരിക്കണം പേര് ഇംഗ്ലീഷിലേക്ക് മാറ്റിയത്. പഴയ ഡല്‍ഹിയും പുതിയ ഡല്‍ഹിയുമാണ് പശ്ചാതലത്തിലുള്ളതെങ്കിലും കഥയുടെ ചുറ്റുവട്ടം തമിഴാണ്. ഡല്‍ഹിക്കു പുറമേ കഥ പറയാനുള്ള സൗകര്യത്തിനായിരിക്കണം ഇടക്ക് ഗോവയിലും ജയ്‌സാല്‍മീറിലും നേപ്പാളിലുമൊക്കെയായി പോയി വരുന്നുണ്ട്.

സിനിമയുടെ ആദ്യ പകുതി നല്‍കുന്ന കഥപറച്ചില്‍ രീതിയും സുഖവും രണ്ടാം പകുതി കൈവിട്ടു പോകുന്നുണ്ട്. തമിഴിന്റെ കവിത തുളുമ്പുള്ള വരികളുള്ള ഗാനവും അതിന് എ ആര്‍ റഹ്മാന്‍ നല്‍കിയ സംഗീതവും ഏതുതരം പ്രേക്ഷകരേയും 'കൊതിപ്പിക്കുന്നതാണ്.'

ഡല്‍ഹിയിലെ രണ്ട് ഗുണ്ടാ വിഭാഗങ്ങള്‍ തമ്മിലുള്ള കുടിപ്പകയിലാണ് ജീവിതം 'തഗ്ഗ്' ആകുന്നത്. സ്വാഭാവികമായും ഗുണ്ടാ സംഘത്തില്‍ ഒരു വിഭാഗം നെറികേടുള്ളവരും മറ്റേ വിഭാഗം നേരും നെറിയുമുള്ളവരുമാണ്.

ഇന്ത്യന്‍ സിനിമാ ലോകത്തെ എണ്ണം പറഞ്ഞ അഭിനേതാക്കളിലൊരാളായ കമല്‍ ഹാസനിലെ നടനെ എടുത്തു കാണിക്കാവുന്ന രംഗങ്ങളൊന്നും തഗ് ലൈഫിലില്ലെങ്കിലും കമല്‍ ഹാസനെന്ന എഴുപതുകാരന്‍ നടത്തുന്ന ശാരീരിക പ്രകടനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. സംഘട്ടന രംഗങ്ങളിലും ശാരീരികാധ്വാനം ആവശ്യമായ ഭാഗങ്ങളിലുമെല്ലാം യുവാവിന്റെ ചുറുചുറുക്കാണ് അദ്ദേഹം പ്രകടമാക്കുന്നത്.

മലയാളത്തില്‍ നിന്നും മൂന്നു അഭിനേതാക്കള്‍ തഗ് ലൈഫിന്റെ ഭാഗമായിട്ടുണ്ട്. രംഗരാജ ശക്തിവേലിന്റെ സംഘത്തിലെ പത്രോസായി ജോജു ജോര്‍ജ്ജും പൊലീസുകാരന്‍ സാമുവേല്‍ റോയപ്പയായി ബാബുരാജും അന്നയെന്ന ചന്ദ്രയായി ഐശ്വര്യ ലക്ഷ്മിയും. അതില്‍ ജോജുവിന്റെ കഥാപാത്രം പത്രോസ് താന്‍ മലയാളിയാണെന്നും കാഞ്ഞിരപ്പള്ളിക്കാരനാണെന്നും ഒരിടത്ത് പറയുന്നുണ്ട്.

thuglife 2 og

ഗുണ്ടാ സംഘങ്ങള്‍ക്കിടയിലെ കുടിപ്പക പരസ്പരം ഏറ്റുമുട്ടുന്നതിലും പൊലീസുകാര്‍ക്ക് ഒറ്റിക്കൊടുക്കുന്നതിലേക്കുമെല്ലാം എത്തുന്നുണ്ട്. അത്തരമൊരു ഒറ്റിനിടയിലെ വെടിവെയ്പ് അമറെന്ന ഏഴുവയസ്സുകാരനും അവന്റെ സഹോദരി നാലുവയസ്സുകാരി ചന്ദ്രയ്ക്കും അവരുടെ അപ്പനെ നഷ്ടപ്പെടുത്തുന്നു. സഹോദരിയെ കാണാതെ വിഷമിക്കുന്ന അമറിനെ തന്നോടൊപ്പം കൂട്ടുന്ന ശക്തിവേല്‍ പെങ്ങളെ കാണിച്ചുകൊടുക്കുമെന്ന് വാക്കുകൊടുക്കുകയും അതിനായി അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്.

പുതുമ അവകാശപ്പെടാനില്ലാത്തതാണ് കഥയെങ്കിലും സിനിമയുടെ മേക്കിംഗിലും സംവിധാന മികവിലും മണിരത്‌നം പരമാവധി ചെയ്തിട്ടുണ്ട്. കമല്‍ ഹാസനും മണിരത്‌നവും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.

സിലമ്പരസനും ജോജു ജോര്‍ജ്ജും അഭിരാമിയും തങ്ങളുടെ അമരനേയും പത്രോസിനേയും ജീവയേയും മികവുറ്റ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നാസറിന്റെ മാണിക്കം അദ്ദേഹത്തിന്റെ പതിവ് രീതിയിലുള്ള കഥാപാത്രം തന്നെയാണ്. ചെറിയ സമയം മാത്രമേ സ്‌ക്രീനിലുള്ളുവെങ്കിലും മലയാളത്തില്‍ കാണാത്തൊരു കഥാപാത്ത്രതെയാണ് ബാബുരാജ് കൈകാര്യം ചെയ്തിരിക്കുന്നത്.

സിനിമയുടെ മൂഡിനും അതേസമയം ആസ്വാദകനിലേക്ക് ഇറങ്ങിച്ചെല്ലുന്ന വിധത്തിലുമുള്ള എ ആര്‍ റഹ്മാന്റെ സംഗീതം തഗ് ലൈഫിന്റെ ആത്മാവായി പ്രവര്‍ത്തിക്കുന്നുണ്ട്. കമല്‍ ഹാസനോടൊപ്പം മൂന്നാമത്തേയും മണിരത്‌നത്തോടൊപ്പം പത്തൊന്‍പതാമത്തേയും എ ആര്‍ റഹ്മാന്‍ സിനിമയാണ് തഗ് ലൈഫ്.

രവി കെ ചന്ദ്രന്റെ ക്യാമറയ്ക്കും തഗ് ലൈഫില്‍ വലിയ പങ്ക് വഹിക്കാനായിട്ടുണ്ട്. ജയ്‌സാല്‍മീറിലെ മരുഭൂമിയും നേപ്പാളിലെ മഞ്ഞുമലകളും ഗോവയിലെ കടലുമെല്ലാം അതിന്റെ മനോഹാരിതയോടെ സ്‌ക്രീനില്‍ പ്രേക്ഷകന്‍ നേരിട്ടു കാണുന്ന അതേവികാരത്തോടെ രവി കെ ചന്ദ്രന്‍ ചിത്രീകരിച്ചിട്ടുണ്ട്. തഗ് ലൈഫ് കാഴ്ചയുടെ ഒരു പ്രത്യേകത മരുഭൂമിയും കടലും മഞ്ഞും ഒരേ പ്രാധാന്യത്തോടെ വെള്ളിത്തിര നിറഞ്ഞു കാഴ്ചപ്പെടുന്നുവെന്നതാണ്.

കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് തഗ് ലൈഫ് നിര്‍മിച്ചിരിക്കുന്നത്.

അശ്വിനി പി

ഓതറിനെ കുറിച്ച്

അശ്വിനി പി

അശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കൂ

Read Entire Article