'തങ്കന്‍' ഗസ്റ്റ് റോള്‍ അല്ല, ഷൂട്ടിങ് മൂന്നുദിവസവുമല്ല, ലിജോ എഗ്രിമെന്റ് പുറത്തുവിടണം- ജോജു ജോര്‍ജ്

6 months ago 6

Joju George Lijjo Jose Pellissery

ലിജോ ജോസ് പെല്ലിശ്ശേരി, ജോജു ജോർജ്‌ | Photo: Mathrubhumi, Instagram/ jojugeorgeactorofficial

കൊച്ചി: ചുരുളി എന്ന ചിത്രത്തിലെ താന്‍ അവതരിപ്പിച്ച തങ്കന്‍ എന്ന കഥാപാത്രം അതിഥിവേഷമാണെന്ന സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അവകാശവാദം തള്ളി നടന്‍ ജോജു ജോര്‍ജ്. ചിത്രത്തിലെ തങ്കന്‍ പ്രധാനകഥാപാത്രമാണ്. അതിഥിവേഷമല്ല. ചിത്രത്തിന്റെ ഷൂട്ടിങ് മൂന്നുദിവസമായിരുന്നില്ലെന്നും ജോജു പറഞ്ഞു.

'അത് അതിഥിവേഷമായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? അതെങ്ങനെ ഗസ്റ്റ് റോള്‍ ആവും? ഗസ്റ്റ് റോള്‍ അല്ല അത്, മെയിന്‍ ക്യാരക്ടറാണ്. പൈസ കിട്ടിയില്ല എന്ന് ഞാന്‍ പറഞ്ഞത്, പൈസ കിട്ടാത്തതുകൊണ്ടുതന്നെയാണ്. ഷൂട്ടിങ് മൂന്നുദിവസമൊന്നുമല്ല', കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ജോജു പറഞ്ഞു.

'ഇത് പൈസയുടെ പ്രശ്‌നമല്ല. ഞാന്‍ അനുഭവിച്ചത് എന്താണെന്ന് എനിക്ക് മാത്രമേ അറിയുകയുള്ളൂ. അഭിമുഖത്തില്‍ ഞാനത് പറഞ്ഞിരുന്നില്ലെങ്കില്‍ എന്റെ ഉള്ളില്‍ തന്നെ കിടക്കുമായിരുന്നു. സിനിമ വിറ്റ് ഭീകരമായ ലാഭം വന്ന ശേഷം മാത്രം ഞാന്‍ സാമ്പത്തിക കാര്യം എല്ലാവരോടും ചോദിച്ചിരുന്നു. അതിന് മുമ്പ് യാതൊരു സംസാരവുമില്ല, ഇതൊരു ഫെസ്റ്റിവല്‍ പടമാണ്. എന്റെ പറച്ചില്‍ എനിക്ക് തന്നെ പണിയാവാറുണ്ട്', ജോജു പറഞ്ഞു.

'ആ തുണ്ട് പേപ്പര്‍ അല്ലാതെ, സിനിമയ്ക്ക് ഒരു എഗ്രിമെന്റ് ഉണ്ടാവില്ലേ. അതല്ലേ അവര്‍ പുറത്തുവിടേണ്ടത്. ഞാന്‍ ലിജോയുടെ ശത്രുവോ, ലിജോയുമായി വാഗ്വാദത്തില്‍ വിജയിക്കാനോ പറയുന്നതല്ല. എന്റെ നിലനില്‍പ്പിനുവേണ്ടിയാണ് ഇപ്പോള്‍ ഇത് വന്നുപറയുന്നത്', ജോജു വ്യക്തമാക്കി.

'ലക്ഷങ്ങളുടേയും കോടികളുടേയും കണക്കല്ല ഇവിടെ പറയേണ്ടകാര്യം. പൊതുസമൂഹത്തില്‍ വരുമ്പോള്‍ പൈസയുടെ അളവ് വലിയ സംസാരം ആവും. അഞ്ചുലക്ഷം എനിക്ക് കിട്ടിയ തുകയാണ്. ജോസഫ്, പൊറിഞ്ചു എന്ന രണ്ടുസിനിമയ്ക്ക് ശേഷമാണ് ചുരുളി ചെയ്യുന്നത്. അങ്ങനെ ഒരു സമയത്ത് ഞാന്‍ എന്തായിരിക്കും എങ്ങനെയായിരിക്കും എന്ന് ഞാന്‍ പറയേണ്ട കാര്യമില്ല. ഇതാണ് എന്റെ സാലറി എന്ന് പറഞ്ഞ് അവര്‍ക്ക് എഴുതി ഒപ്പിട്ടുകൊടുത്തശേഷം ഇത് പറഞ്ഞാല്‍ വലിയ ചെറ്റത്തരം ആണ്. പൈസ വാങ്ങിയിട്ട് കിട്ടിയില്ലെന്ന് പറഞ്ഞാല്‍, ഞാന്‍ ചെയ്യുന്ന മോശം കാര്യമാണത്. പൈസയല്ല എന്റെ വിഷയം. വ്യക്തി ജീവിതത്തില്‍ എനിക്കുണ്ടാക്കിയ കോട്ടം ചെറുതല്ല. പ്രതിഫലത്തിന്റെ പേരിലുള്ള വിഷയമായി ദയവുചെയ്ത് ഇത് മാറരുത്', ജോജു പറഞ്ഞു.

'ഫെസ്റ്റിവല്‍ സിനിമയാണെന്ന് പറഞ്ഞതിന്റെ പേരിലാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചത്. എന്റെ വീട്ടില്‍ ഉണ്ടായിട്ടുള്ള ചെറിയ സങ്കടകരമായ കാര്യം എന്റെ മകളില്‍നിന്ന് കേട്ടതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ആ അഭിമുഖത്തില്‍ പറഞ്ഞത്. ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചത് തെറിയില്ലാത്ത പതിപ്പാണ്. കേസുവന്നപ്പോള്‍ ലിജോ പോലും എന്നെ വിളിച്ചില്ല. ഞാന്‍ ലിജോ എന്ന സംവിധായകന്റെ ആരാധകനാണ്. സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹത്തെ ബഹുമാനിക്കുന്ന ആളാണ്. എനിക്കുണ്ടായ വിഷമം എന്താണെന്ന് ആരും ചോദിച്ചിട്ടില്ല. ചില വേഷങ്ങള്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ച ആളാണ് ഞാന്‍', ജോജു വ്യക്തമാക്കി.

'ആ സിനിമയും കഥാപാത്രത്തേയും എനിക്ക് ഇഷ്ടമാണ്. കുറഞ്ഞപക്ഷം എന്റെ വീട്ടിലെങ്കിലും എനിക്ക് കംഫര്‍ട്ടബിളായി ഇരിക്കേണ്ടേ? അവരെ ബാധിക്കുന്നു എന്ന അവസ്ഥ വന്നപ്പോഴാണ് ഞാന്‍ പ്രതികരിച്ചത്. തീര്‍ച്ചയായും എഗ്രിമെന്റ് പുറത്തുവിടണം. ഒരുവേഷം കിട്ടാന്‍ ലിജോയുടെ അടുത്ത് ചിരിച്ചുകാണിച്ച ആളല്ല. എനിക്ക് ലിജോയോട് തോന്നിയത് സൗഹൃദമാണ്. സൗഹൃദത്തിന്റെ പുറത്താണ് അങ്ങനെ ഒരു സിനിമ ചെയ്തത്. സൗഹൃദത്തിന്റെ പുറത്ത് പറഞ്ഞ കാര്യങ്ങളില്‍ മാറ്റംവന്നപ്പോള്‍, ഞാന്‍ ചോദിച്ചിരുന്നു. പിന്നീട് ഞാനത് വിട്ടു', ജോജു കൂട്ടിച്ചേര്‍ത്തു.

Content Highlights: Joju George refutes manager Lijo Jose Pellissery claims that his relation successful Churuli was cameo

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article