തനത് ശബ്ദം കേള്‍ക്കാം, 600 മുതല്‍ 10000 രൂപവരെ വില; പഴയകാല എൽപി റെക്കോഡുകൾക്ക് പ്രിയമേറുന്നു

5 months ago 6

lp records

ഒരു വടക്കൻ വീരഗാഥ സിനിമയുടെ എൽപി റെക്കോഡ്, ധ്വനി സിനിമയുടെ എൽപി റെക്കോഡ് കവർ | Photo: Special Arrangement

പത്തനംതിട്ട: പഴയകാല എൽപി റെക്കോഡുകൾക്ക് സംഗീത പ്രേമികൾക്കിടയിൽ വീണ്ടും പ്രിയമേറുന്നു. ടേപ്പ് കാസറ്റുകളും, പിന്നാലെ ഡിജിറ്റൽ ഓഡിയോകളുടെയും കടന്നുവരവോടെ സ്വീകരണമുറികൾ ഒഴിഞ്ഞവയാണ് ലോങ് പ്ലേ (എൽപി) റെക്കോഡുകൾ. മൂന്ന് നാല് വർഷത്തിനിടയിൽ ഇവ വാങ്ങാനും, സൂക്ഷിച്ചുവെക്കാനും ഒട്ടേറെ ആളുകൾ കടന്നുവന്നിട്ടുണ്ട്. ഇതോടെ എൽപി റെക്കോഡുകളുടെ സെക്കൻഡ് ഹാൻഡ് വിപണിയും സജീവമായി. പഴയ റെക്കോഡുകൾക്ക് കണ്ടീഷൻ അനുസരിച്ചാണ് വില. ശരാശരി 600 മുതലാണ് വില. മികച്ച കളക്ഷനുകൾക്ക് മോഹവിലയാണ്, 2000 മുതൽ മുകളിലേക്ക് പോകും. ദി ജെറ്റ്‌ലൈനേഴ്സിന്റെ അറ്റ് ദി താജ് മഹൽ ബോംബെ, ആനന്ദ ശങ്കർ ആൻഡ് ഹിസ് മ്യൂസിക്, ബപ്പി ലാഹിരിയുടെ ദഹ്ശത് തുടങ്ങിയ എൽപികൾക്ക് മോഹവിലയാണ്. റെക്കോഡ് പ്ലയറുകൾക്കും സെക്കൻഡ് ഹാൻഡ് മാർക്കറ്റിൽ നല്ല വിലയുണ്ട്. 3000 രൂപ മുതൽ ലഭിക്കുമെങ്കിലും നല്ല കണ്ടീഷനിലുള്ളതിന് വില കൂടുതലാണ്. പുതിയ പ്ലെയർ 5000 രൂപ മുതൽ ലഭിക്കും. അത്യാവശ്യം നല്ലതിന് 10000 രൂപയൊക്കെയാണ് ശരാശരി വില. സെക്കൻഡ് ഹാൻഡ് കച്ചവടം ഭൂരിഭാഗവും നടക്കുന്നത് വാട്സാപ്പ്, ഫെയ്‌സ്ബുക്ക് പോലെയുള്ള ഓൺലൈൻ പ്ലാറ്റഫോമുകൾ വഴിയാണ്.

വീണ്ടുമെത്തി എൽപി
എൽപി റെക്കോഡിന് വീണ്ടും ആവശ്യക്കാർ എത്തിയതോടെ പല ഓഡിയോ കമ്പനികളും വീണ്ടും അവ ഇറക്കിത്തുടങ്ങി. 1988-ലാണ് മലയാളത്തിൽ അവസാനമായി ചിത്രം സിനിമയുടെ എൽപി റെക്കോഡ് ഇറങ്ങിയത്. പിന്നീട് 2011-ൽ സത്യം ഓഡിയോസ് ടൈലെസ് മെലഡീസ് എന്ന പേരിൽ ഒരെണ്ണം ഇറക്കിയിരുന്നു. 2016-ൽ ഉല്ലാസ് പറമ്പത്ത് എന്നയാൾ ഗ്രാമഫോൺ ആൻഡ് മ്യൂസിക് ലൗവേഴ്സ് എന്ന പേരിൽ എൽപി റെക്കോഡുകൾ ഇഷ്ടപ്പെടുന്ന ആളുകളെ ചേർത്ത് ഒരു വാട്‌സാപ്പ് കൂട്ടായ്മ തുടങ്ങി. ഗ്രാമഫോൺ ആൻഡ് വിനയ്ൽ ഫ്രണ്ട്‌സ് എന്ന പേരിൽ ഒരു ഫെയ്‌സ്ബുക്ക് കൂട്ടായ്മയും തുടങ്ങി. ശേഷം ഇദ്ദേഹത്തിന്റെ നേതൃത്തിൽ 2021-ൽ തോമസ് കൊരുള, അനിൽരാജ് എന്നിവർചേർന്ന് തിരുവനന്തപുരം സ്വരം മ്യൂസിക്കിന്റെ ബാനറിൽ താമരപ്പൂക്കളും ഞാനും എന്ന പേരിൽ ഒരു എൽപി റെക്കോഡ് ഇറക്കി.

തുടർന്ന് ധ്വനി, മണിച്ചിത്രത്താഴ്, ഒരു വടക്കൻ വീരഗാഥ, പൊന്നിതളോരം തുടങ്ങിയവയും പുറത്തിറങ്ങി. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം (2022), വർഷങ്ങൾക്കുശേഷം (2024) എന്നീ പുതിയ സിനിമകളുടെ എൽപി റെക്കോഡുകളും പുറത്തിറങ്ങിയിരുന്നു. ഒപ്പം അടുത്തിടെ ആറാം തമ്പുരാൻ, അനിയത്തിപ്രാവ്, വിയറ്റ്നാം കോളനി, സമ്മർ ഇൻ ബത്‌ലഹേം, മഴയെത്തും മുൻപേ തുടങ്ങിയ ഒട്ടേറെ സിനിമാ പാട്ടുകളുടെ എൽപി റെക്കോഡുകളും വീണ്ടും ഇറക്കിയിരുന്നു. മിക്കവയ്ക്കും 2000 രൂപയാണ് ശരാശരി വില. എൽപി ഡിസ്കുകൾ നിലവിൽ ഇന്ത്യയിൽ നിർമിക്കുന്നില്ല. യൂറോപ്പിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

എൽപി റെക്കോഡുകൾ
എൽപി റെക്കോഡുകൾ അഥവാ ലോങ് പ്ലേ റെക്കോഡുകൾ, സംഗീതം റെക്കോഡ് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന വിനൈൽ ഡിസ്കുകളാണ്. ആദ്യകാലത്ത് ഗ്രാമഫോണുകളിൽ ഉപയോഗിച്ചിരുന്ന ഡിസ്കുകളുടെ പരിഷ്കരിച്ച പതിപ്പാണ്. ആദ്യകാല ഡിസ്കിൽ വളരെ കുറച്ച് പാട്ടുകൾ മാത്രമേ റെക്കോഡ് ചെയ്യാൻ സാധിച്ചിരുന്നുള്ളു. എൽപിയിൽ ഒരു വശത്ത് ഏകദേശം 22 മിനിറ്റ് വരെ ശബ്ദം സംഭരിക്കാൻ കഴിയും.

തനത് ശബ്ദം കേൾക്കാൻ സാധിക്കും
എൽപി റെക്കോഡുകൾ വീണ്ടും തരംഗമാകാൻ ഗ്രാമഫോൺ ആൻഡ് മ്യൂസിക് ലൗവേഴ്സ് കൂട്ടായ്മയ്ക്കും വലിയപങ്കുണ്ട്. എൽപി റെക്കോഡുകളുടെ പ്രത്യേകത അനലോഗ് സൗണ്ടായതിനാൽ കുറച്ചു കൂടി തനത് ശബ്ദം കേൾക്കാൻ സാധിക്കും. കൂടാതെ ഇതിൽ സംഗീതത്തേക്കാൾ പാടുന്നയാളുടെ ശബ്ദത്തിനാണ് പ്രാധാന്യം ലഭിക്കുക.
- ഉല്ലാസ് പറമ്പത്ത്, അധ്യാപകൻ, ഗ്രാമഫോൺ ആൻഡ് മ്യൂസിക് ലൗവേഴ്സ് കൂട്ടായ്മയ്ക്ക് തുടക്കമിട്ടയാൾ

Content Highlights: LP Records: A Resurgence successful Music

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article