ജയ്പുർ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഈ സീസണിൽ ഏറ്റവും ട്രോളുകളേറ്റു വാങ്ങിയ കാഴ്ചയെന്താണ്? ഉത്തരം എന്തായാലും അതിലൊന്ന് തീർച്ചയായും രാജസ്ഥാൻ റോയൽസിന്റെ ഡഗ്ഔട്ടിലിരുന്ന് സ്ഥിരമായി ‘എന്തോ’ കുത്തിക്കുറിക്കുന്ന മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡായിരിക്കും. രാജസ്ഥാൻ റോയൽസിന്റെ ഡഗ്ഔട്ടിലേക്ക് എപ്പോഴക്കെ ക്യാമറ നീണ്ടാലും ദ്രാവിഡ് അവിടെ എഴുത്തിലായിരിക്കും! ഈ സീസണിന്റെ തുടക്കം മുതൽ വീൽചെയറിലിരുന്ന് സ്ഥിരമായി എഴുതിക്കൊണ്ടിരുന്ന ദ്രാവിഡിനെപ്പോലും, ‘എഴുത്തുനിർത്തി’ വീൽചെയറിൽനിന്ന് ചാടിയെഴുന്നേറ്റ് കയ്യടിക്കാൻ പ്രേരിപ്പിച്ചു എന്നതിലുണ്ട് വൈഭവ് സൂര്യവംശി എന്ന പതിനാലുകാരന്റെ ‘വൈഭവം’!.
പവർ ഹിറ്റിങ്ങിനു വേണ്ട പക്വതയും അവിശ്വസനീയമായ ആത്മവിശ്വാസവും സ്വതസിദ്ധമായ കഴിവിന്റെ സമ്പൂർണതയും ഉൾച്ചേർന്ന ഐതിഹാസിക ഇന്നിങ്സ് – വൈഭവ് സൂര്യവംശിയെന്ന പതിനാലുകാരൻ പയ്യൻ ഇന്നലെ ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടത്തിയ അസാധ്യ ബാറ്റിങ് പ്രദർശനത്തെ ഇങ്ങനെ വിശേഷിപ്പിക്കാം.
38 പന്തിൽ 11 സിക്സും 7 ഫോറുമടക്കം 101 റൺസുമായി പെയ്തിറങ്ങിയ ‘വൈഭവ് വർഷത്തിൽ’ ഗുജറാത്ത് ബോളർമാർ നനഞ്ഞൊട്ടിപ്പോയി. ഇടംകൈ ബാറ്റർ നൽകിയ അസാമാന്യ തുടക്കത്തിന്റെ ബലത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് 8 വിക്കറ്റിന്റെ ആധികാരിക ജയം. കന്നി ഐപിഎൽ സെഞ്ചറിയുമായി കളം നിറഞ്ഞ വൈഭവ് തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ഐപിഎലിൽ അർധ സെഞ്ചറി, സെഞ്ചറി എന്നിവ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡുകൾ ഇനി വൈഭവിന്റെ പേരിൽ. ക്രിസ് ഗെയ്‌ലിനു ശേഷം ഐപിഎലിലെ വേഗമേറിയ സെഞ്ചറിയെന്ന റെക്കോർഡും വൈഭവിനു സ്വന്തം.
അങ്ങനെ ‘വഴിയേ പോയവരെ’ തല്ലി നേടിയ സെഞ്ചറിയല്ല ഇത് എന്നതാണ് വൈഭവ് സൂര്യവംശിയുടെ ഇന്നിങ്സിനെ ശ്രദ്ധേയമാകുന്നത്. ഐസിസി റാങ്കിങ്ങിൽ ട്വന്റി20 ബോളർമാരിൽ ദീർഘകാലം ഒന്നാമനായിരുന്നു, ഇപ്പോഴും ആദ്യ പത്തിലുള്ള സാക്ഷാൽ റാഷിദ് ഖാൻ, ഈ ഐപിഎൽ കളിക്കുന്നവരിൽ ഏറ്റവും പരിചയസമ്പന്നനായ, 100 ടെസ്റ്റ് മത്സരങ്ങളുടെ പരിചയസമ്പത്തുള്ള ഇഷാന്ത് ശർമ, ഈ സീസണിൽ മിന്നുന്ന ഫോമിലുള്ള, വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമതുള്ള പ്രസിദ്ധ് കൃഷ്ണ, ഇന്ത്യൻ ടീമിന്റെ ബോളിങ് കുന്തമുനകളിൽപ്പെട്ട മുഹമ്മദ് സിറാജ്, രാജ്യാന്തര ക്രിക്കറ്റിൽ രവിചന്ദ്രൻ അശ്വിന്റെ പിൻഗാമിയായി ഇന്ത്യ കണ്ടെത്തിയ വാഷിങ്ടൻ സുന്ദർ, ഈ സീസണിലെ ‘സ്പിൻ വണ്ടർ’ സായ് കിഷോർ, അഫ്ഗാൻ കരുത്തുമായി ഐപിഎൽ അരങ്ങേറ്റത്തിനെത്തിയ കരിം ജാനത്ത്.... ബിഹാറിൽ നിന്നുള്ള വൈഭവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞവർ ചില്ലറക്കാരല്ല എന്നതാണ് വാസ്തവം.
അതിൽത്തന്നെ വെറ്ററൻ താരം ഇഷാന്ത് ശർമയെ വൈഭവ് കൈകാര്യം ചെയ്ത ആ ഒരു ഓവർ എങ്ങനെ മറക്കും! പരിചയസമ്പത്തിൽ ഈ സീസണിലെ മറ്റു ബോളർമാർക്കും മുന്നിലുള്ള ഇഷാന്ത് ഐപിഎലിൽ അരങ്ങേറുമ്പോൾ ജനിച്ചിട്ടുപോലുമില്ല വൈഭ്. പറഞ്ഞിട്ടെന്തുകാര്യം! ഇഷാന്തിന്റെ ഒറ്റ ഓവറിൽ മൂന്നു സിക്സും രണ്ടു ഫോറും സഹിതം വൈഭവ് അടിച്ചുകൂട്ടിയത് 28 റൺസാണ്. ആദ്യ ഓവറിൽ എട്ടു റൺസ് മാത്രം വഴങ്ങിയതിന്റെ പൊലിമയിൽ ബോളിങ്ങിനെത്തിയ ഇഷാന്തിനെ, വൈഭവ് അക്ഷരാർഥത്തിൽ നാണംകെടുത്തിയെന്നു പറയാം. തന്റെ പരിചയസമ്പത്തിന്റെ ആവനാഴിയിൽനിന്ന് ഇഷാന്ത് എടുത്തുപ്രയോഗിച്ച സർവ ആയുധങ്ങളും നിഷ്പ്രഭമാക്കിയ കടന്നാക്രമണമായിരുന്നു വൈഭവിന്റേത്. അൽപം വൈഡായി എറിഞ്ഞ പന്ത് തോളിനു മുകളിലാണ് എത്തിയതെങ്കിലും, അൽപം മാറിനിന്ന ശേഷം വൈഭവ് പുൾ ചെയ്ത പന്ത് ഡീപ് ബാക്ക്‌വാഡ് സ്ക്വയർ ലെഗിനു മുകളിലൂടെ ഗാലറിയിലേക്ക്... സിക്സ്!
സ്റ്റംപ് ലക്ഷ്യമിട്ട് ഫുൾ ലെങ്തിലെത്തിയ രണ്ടാം പന്തിൽ ഡീപ് മിഡ്‌വിക്കറ്റിനു മുകളിലൂടെ 91 മീറ്റർ ദൂരം പിന്നിട്ട പടുകൂറ്റൻ സിക്സർ. സ്ലോവർ ബോളിൽ ‘വഞ്ചിക്കാനുള്ള’ ശ്രമം തടഞ്ഞ് തൊടുത്ത ഡ്രൈവ്, മുഹമ്മദ് സിറാജിന്റെ ഡൈവിങ് ക്യാച്ചിനുള്ള ശ്രമത്തെ അതിജീവിച്ച പന്ത് ബൗണ്ടറിയിലേക്ക്. നാലാം പന്ത് കട്ട് ചെയ്ത് ബൗണ്ടറി കണ്ടെത്താനുള്ള വൈഭവിന്റെ ശ്രമം പാളിയതോടെ ഇഷാന്തിന് ഡോട്ട്ബോളിന്റെ ആശ്വാസം. ആ ആശ്വാസം ഒറ്റ സെക്കൻഡിലേക്ക് എന്ന് ഉറപ്പാക്കി അടുത്ത പന്ത് തേഡ്മാനു മുകളിലൂടെ സിക്സ്. പതിനാലുകാരനു മുന്നിൽ ഇഷാന്ത് പതറിയെന്ന് സൂചന നൽകി പിന്നാലെ തുടർച്ചയായി രണ്ടു വൈഡുകൾ. ഇതിനു പിന്നാലെ ഇത് വൈഭവിന്റെ ദിവസമാണെന്ന് ഉറപ്പാക്കിക്കൊണ്ട് എഡ്ജായ പന്ത് വീണ്ടും തേഡ്മാനിലൂടെ ബൗണ്ടിറിയിലേക്ക്!
തൊട്ടടുത്ത ഓവറിൽ വാഷിങ്ടൻ സുന്ദറിന്റെ സ്പിൻ പരീക്ഷിച്ച താൽക്കാലിക നായകൻ റാഷിദ് ഖാന് വീണ്ടും പാളി. ഇത്തവണ വൈഭവ് അടിച്ചെടുത്ത രണ്ടു സിക്സും ഒരു ഫോറും സഹിതം ആകെ പിറന്നത് 21 റൺസ്. ഇതിനിടെ 17 പന്തിൽ കന്നി ഐപിഎൽ അർധ സെഞ്ചറി കുറിച്ച വൈഭവിന്റെ ബലത്തിൽ പവർപ്ലേ അവസാനിക്കുമ്പോൾ രാജസ്ഥാൻ സ്കോർ 87ൽ എത്തി. പവർപ്ലേ കഴിഞ്ഞും അടി തുടർന്ന രാജസ്ഥാൻ ഓപ്പണർമാർ 7.4 ഓവറിൽ സ്കോർ 100 കടത്തി.
ഇതിനിടെ ഐപിഎൽ അരങ്ങേറ്റത്തിലെ ആദ്യ ഓവർ എറിയാനെത്തിയ അഫ്ഗാൻ താരം കരിം ജനയുടെ കാര്യമാണ് കൂടുതൽ കഷ്ടം. ആദ്യ പന്തു തന്നെ ഡീപ് സ്ക്വയർ ലെഗിനു മുകളിലൂടെ ഗാലറിയിലെത്തിച്ചായിരുന്നു കരിമിനുള്ള സ്വാഗതം. തുടർന്നുള്ള പന്തുകളിൽ സ്കോർ ബോർഡിൽ തെളിഞ്ഞത് ഇങ്ങനെ: 4, 6, 4, 4, 6! ഐപിഎലിലെ ആദ്യ ഓവറിൽ കരിം ജന വഴങ്ങിയത് 30 റൺസ്! ഐപിഎലെ ആദ്യ ഓവറിൽ ഒരു ബോളറുടെ ഏറ്റവും മോശം പ്രകടനമെന്ന നാണക്കേട് വേറെ. ‘രക്ഷപ്പെട്ടത്’ 2019ൽ കൊൽക്കത്തയ്ക്കായി ഐപിഎലിലെ ആദ്യ ഓവർ എറിയാനെത്തി പഞ്ചാബ് കിങ്സിനെതിരെ 25 റൺസ് വഴങ്ങിയ വരുൺ ചക്രവർത്തി!
ഒടുവിൽ റാഷിദ് ഖാന്റെ പന്ത് മിഡ് വിക്കറ്റ് ബൗണ്ടറിയിലൂടെ സിക്സിനു പറത്തി 35 പന്തിൽ വൈഭവ് തന്റെ സെഞ്ചറി കുറിച്ചു. പിന്നാലെ പ്രസിദ്ധ് കൃഷ്ണയുടെ യോർക്കറിൽ ബോൾഡായി മടങ്ങുമ്പോഴേക്കും രാജസ്ഥാൻ വിജയത്തിന് അരികിലെത്തിയിരുന്നു. സിക്സും ഫോറും തലങ്ങും വിലങ്ങും പറത്തിയ വൈഭവ് 7 റൺസ് മാത്രമാണ് ഓടിയെടുത്തത്; ബാക്കി 94 റൺസും നേടിയതു ബൗണ്ടറികളിലൂടെ.
English Summary:








English (US) ·