'തമിഴിലെ മോഹൻലാൽ ഫാൻ ബോയ്സ്'; തരുണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ച് സൂര്യയും കാർത്തിയും

8 months ago 7

Tharun Moorthy with Surya and Karthi

കാർത്തി, സൂര്യ, ജ്യോതിക എന്നിവർക്കൊപ്പം സംവിധായകൻ തരുൺ മൂർത്തിയും കുടുംബവും | ഫോട്ടോ: INSTAGRAM

ബോക്സോഫീസിൽ പുതിയ റെക്കോർഡുകൾ തീർത്ത് വിജയക്കുതിപ്പ് തുടരുകയാണ് മോഹൻലാൽ നായകനായ തുടരും എന്ന ചിത്രം. പ്രേക്ഷകരിൽനിന്നും നിരൂപകരിൽനിന്നും സിനിമാ മേഖലയ്ക്കകത്തുനിന്നുമെല്ലാം ചിത്രത്തിന് അഭിനന്ദന പ്രവാഹമാണ്. ചിത്രം ഇഷ്ടമായെന്നറിയിച്ച് സംവിധായകൻ തരുൺ മൂർത്തിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ചിരിക്കുകയാണ് തമിഴിലെ താരസഹോദരന്മാരായ സൂര്യയും കാർത്തിയും.

തരുൺ മൂർത്തിയാണ് ഈ സന്തോഷവാർത്ത അറിയിച്ചത്. കുടുംബസമേതമാണ് തരുൺ സൂപ്പർതാരങ്ങളെ കണ്ടത്. സൂര്യ, ജ്യോതിക, കാർത്തി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. ഇങ്ങനെയൊരു കൂടിക്കാഴ്ചയ്ക്ക് തരുൺ മൂർത്തി സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ നന്ദി അറിയിച്ചു. തുടരും സിനിമയോടും മോഹൻലാലിനോടുമുള്ള മൂവരുടേയും സ്നേഹവും ബഹുമാനവും അത്രയേറെയുണ്ടെന്ന് തരുൺ മൂർത്തി കുറിച്ചു.

കോളിവുഡിലും 'തുടരും' തരം​ഗം എന്ന തലക്കെട്ടിലാണ് കാർത്തിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് തരുൺ മൂർത്തി കുറിച്ചത്. എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ള ഫാൻ ബോയ്സിനെ കണക്റ്റ് ചെയ്യുന്നു. എന്നെ ക്ഷണിച്ചതിനും മലയാളസിനിമയോടും ലാൽ സാറിനോടുമുള്ള നിങ്ങളുടെ സ്നേഹത്തിനും കരുതലിനും നന്ദിയുണ്ട്. ഒരു വികാരം, പല നിർവചനങ്ങൾ. ആ വികാരത്തിന്റെ പേരാണ് മോഹൻലാൽ. കാർത്തിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം അദ്ദേഹത്തെ ടാ​ഗ്ചെയ്തുകൊണ്ട് തരുൺ മൂർത്തി എഴുതി.

'തുടരും' കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ചിത്രം ആഗോളതലത്തില്‍ 200 കോടിയും പിന്നിട്ടാണ് മുന്നേറുന്നത്. തരുൺ മൂർത്തിയും കെ.ആർ. സുനിലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. ശോഭനയാണ് നായിക. ഫർഹാൻ ഫാസിൽ, പ്രകാശ് വർമ, ബിനു പപ്പു, മണിയൻപിള്ള രാജു, ഇർഷാദ്, തോമസ് മാത്യു, ആർഷ ചാന്ദ്നി, അമൃതവർഷിണി, അർജുൻ അശോകൻ എന്നിവരാണ് മറ്റു വേഷങ്ങളിൽ. ജേക്സ് ബിജോയ് ആണ് സം​ഗീത സംവിധാനം.

Content Highlights: Mohanlal's Thudarum: Box Office Triumph Celebrated by Kollywood Stars Surya and Karthi

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article