മൂന്നു ലോകകപ്പുകളുടെ ഫൈനൽ കളിച്ചിട്ടും ഒരിക്കൽപ്പോലും കിരീടം നേടാത്തവർ എന്നൊരു ദൗർഭാഗ്യത്തിന്റെ പേരിലാണ് നെതർലൻഡ്സ് അറിയപ്പെടുന്നത്. എന്നാൽ, മുൻപെങ്ങുമില്ലാത്ത വിധം പക്വതയും പരിചയസമ്പത്തുമായാണ് തങ്ങളുടെ ടീം ഇത്തവണ ലോകകപ്പിന് ഒരുങ്ങുന്നതെന്ന് നെതർലൻഡ്സിന്റെ ക്യാപ്റ്റൻ വിർജിൽ വാൻ ദെയ്ക് പറയുന്നു. വ്യക്തിഗത മികവുള്ള കളിക്കാരുണ്ടായതുകൊണ്ടു മാത്രം ഒരു ടീം ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റ് വിജയിക്കില്ല. ടീമെന്ന നിലയിൽ ഒരുക്കവും അച്ചടക്കവും അതിന് അനിവാര്യമാണെന്ന് ഇംഗ്ലിഷ് ക്ലബ് ലിവർപൂളിന്റെ ക്യാപ്റ്റൻകൂടിയായ സെന്റർ ബാക്ക് വാൻ ദെയ്ക് വിശദീകരിച്ചു.
ലോകകപ്പിനെ വ്യക്തിപരമായി എങ്ങനെ കാണുന്നു?
ക്ലബ്ബിനൊപ്പം ഒന്നിലേറെ ചാംപ്യൻസ് ലീഗ് ഫൈനലുകൾ കളിച്ചയാളാണ് ഞാൻ. പക്ഷേ, ലോകകപ്പിന് എത്രത്തോളം ജനപ്രീതിയുണ്ടെന്നു 2022ൽ ഖത്തറിലെ ആദ്യ മത്സരത്തിൽനിന്നു തന്നെ മനസ്സിലായി. അത്രയേറെ സവിശേഷമായ ഓർമകളാണ് ആ ലോകകപ്പ് എനിക്കു നൽകിയത്. ലോകകപ്പിൽ രാജ്യത്തിനു വേണ്ടി കളിക്കുകയെന്നതു കരിയറിന്റെ കൊടുമുടിയാണ് എന്നു പറയാം.
ഖത്തറിൽനിന്ന് യുഎസിലേക്കു വരുമ്പോൾ മനസ്സിൽ എന്താണ്?
കഴിഞ്ഞ ലോകകപ്പിലെ പരിചയസമ്പത്തു തന്നെ പ്രധാനപ്പെട്ട സംഗതി. അതൊരു മുതൽക്കൂട്ടായി ഒപ്പമുണ്ട്. അർജന്റീനയോടു ക്വാർട്ടർ ഫൈനലിൽ തോൽക്കുകയായിരുന്നല്ലോ. അതൊരു വേദനയായി ഇപ്പോഴും കൂടെയുണ്ട്. പക്ഷേ, അവർ ലോകകപ്പ് നേടിയപ്പോൾ ഞങ്ങളുടെ സങ്കടം അൽപമൊന്നു കുറഞ്ഞു. ലോകചാംപ്യന്മാരോടാണല്ലോ തോറ്റത് എന്നോർത്തായിരുന്നു അത്. അതിലെ ആരാധകരുടെ ആവേശം മറക്കാൻ പറ്റുന്നില്ല. ഖത്തറിലായിരുന്നു കളിയെങ്കിലും അതു നടന്നത് അർജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസിലാണോ എന്നു തോന്നിപ്പോയിട്ടുണ്ട്. കാരണം, അത്രയ്ക്ക് ആരാധക പിന്തുണ അവർക്ക് ആ മത്സരത്തിലുണ്ടായിരുന്നു.
ഈ ലോകകപ്പിൽ എന്താണു പ്രതീക്ഷ?
ഇത്തവണ ഞങ്ങൾക്കു ലോകകപ്പ് നേടണം. അതു നേടിയെടുക്കാൻ കഴിയുന്ന മികച്ച കളിക്കാർ ടീമിലുണ്ട്. എങ്കിലും വ്യക്തിഗത മികവു മാത്രം പോരല്ലോ, അതിനപ്പുറം ഒട്ടേറെ കാര്യങ്ങൾ ആവശ്യമാണ്. ചില കാര്യങ്ങളിൽ ഭാഗ്യവും പ്രധാനമാണ്.
2010 ലോകകപ്പിനു ശേഷം റഗുലർ ടൈം കളിയിൽ നെതർലൻഡ്സ് പരാജയപ്പെട്ടിട്ടില്ല. 2014ലും 2022ലും പെനൽറ്റി ഷൂട്ടൗട്ടിലായിരുന്നു പുറത്താകൽ. രണ്ടിലും ഡച്ച് ടീമിനെ പുറത്താക്കിയത് അർജന്റീന. ഇക്കുറി ലോകകപ്പിനു മുൻപു പെനൽറ്റി ഷൂട്ടൗട്ടിനായി നെതർലൻഡ്സ് ടീം പ്രത്യേകം പരിശീലനം നടത്തുന്നതായി ഫിഫ ഡോട്ട് കോമുമായുള്ള അഭിമുഖത്തിൽ വിർജിൽ വാൻ ദെയ്ക് വെളിപ്പെടുത്തി.
1974, 1978, 2010 വർഷങ്ങളിൽ നെതർലൻഡ്‌സ് ഫൈനലിൽ തോറ്റു. ആ മത്സരങ്ങൾ കണ്ടിട്ടുണ്ടോ
2010ൽ ദക്ഷിണാഫ്രിക്കയിൽ സ്പെയിനെതിരെ നടന്ന ഫൈനൽ ഞാൻ കണ്ടിട്ടുണ്ട്. അതൊരു ഗംഭീര ലോകകപ്പായിരുന്നു. ആര്യൻ റോബനു ലഭിച്ച അവസരം എല്ലാവരും ഓർക്കുന്നുണ്ടാവുമല്ലോ. സ്പെയിൻ ഗോളി കസിയ്യസ് അതു കാലുകൊണ്ടാണു തട്ടികയകറ്റിയത്. എങ്കിലും നെതർലൻഡ്സിനെപ്പോലെ ഒരു കൊച്ചുരാജ്യത്തിന് അത് അഭിമാനകരമായ ഒരു നേട്ടമായിരുന്നു.
English Summary:





English (US) ·