
സംവിധായകൻ തരുൺ മൂർത്തി | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ | മാതൃഭൂമി
വെറും മൂന്ന് ചിത്രങ്ങൾകൊണ്ട് മലയാള സിനിമയുടെ മുൻനിരയിൽ ഇരിപ്പുറപ്പിച്ച സംവിധായകനാണ് തരുൺ മൂർത്തി. കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച വിജയമാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ ചിത്രമായ തുടരും സ്വന്തമാക്കിയത്. മറ്റൊരു സന്തോഷംകൂടി തരുണിനെ തേടിയെത്തിയിരിക്കുകയാണിപ്പോൾ. രാഷ്ട്രപതി ഭവനിൽനിന്നുള്ള ഒരു കത്താണ് അത്.
ഈ വരുന്ന സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന 'അറ്റ് ഹോം റിസപ്‌ഷൻ' എന്ന പരിപാടിയിൽ പങ്കെടുക്കാൻ രാഷ്‌ട്രപതി തരുൺ മൂർത്തിയെ ക്ഷണിച്ചിരിക്കുകയാണ്. തരുൺ തന്നെയാണ് ഈ സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഈ ക്ഷണം ലഭിച്ചത് ഒരു ബഹുമതിയായി കാണുന്നുവെന്ന് തരുൺ മൂർത്തി ചിത്രങ്ങൾക്കൊപ്പം കുറിച്ചു.
‘നമ്മുടെ സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന 'അറ്റ്-ഹോം റിസപ്ഷനിലേക്ക്' പ്രസിഡന്റ് ദ്രൗപതി മുർമു എന്നെ ക്ഷണിച്ചിരിക്കുന്നു. ഇതൊരു ബഹുമതിയായി കരുതുന്നു’, തരുൺ മൂർത്തിയുടെ വാക്കുകൾ.
നിരവധി പേരാണ് വിവരമറിഞ്ഞ് അഭിനന്ദനങ്ങളുമായെത്തിയത്. നടി കൂടിയായ ചിപ്പി, മകൾ അവന്തിക എന്നിവരും പ്രതികരണവുമായെത്തിയവരിൽ ഉൾപ്പെടുന്നു. അഭിമാനകരവും പ്രചോദനാത്മകവുമായ നിമിഷമെന്നാണ് ഒരു ഫോളോവർ പ്രതികരിച്ചത്. നാഷണൽ അവാർഡ് ഉറപ്പിക്കാമെന്ന് കമന്റ് ചെയ്തവരുമുണ്ട്.
ഫഹദ് ഫാസിൽ, തമിഴ് നടൻ അർജുൻ ദാസ്, നസ്ലിൻ, ഗണപതി എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ടോർപിഡോ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് തരുൺ ഇപ്പോൾ. നടൻ ബിനു പപ്പുവാണ് തിരക്കഥ. സുഷിൻ ശ്യാം ഒരിടവേളയ്ക്കുശേഷം സംഗീത സംവിധായകനായി തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ടോർപിഡോയ്ക്കുണ്ട്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് നിർമാണം.
Content Highlights: Director Tharun Moorthy Honored with Presidential Invitation for Independence Day Reception
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·