ചെന്നൈ∙ ചെന്നൈ സൂപ്പർ കിങ്സ് 120 പന്തുകൾ നേരിട്ട് നേടിയത് ഒരേയൊരു സിക്സ്. ആദ്യ ഏഴു പന്തുകൾക്കിടെ തന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അടിച്ചെടുത്തത് രണ്ടു സിക്സ്; ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) ചെന്നൈ – കൊൽക്കത്ത പോരാട്ടത്തിന്റെ രത്നച്ചുരുക്കം ഈ ചെറിയ കണക്കുകളിൽത്തന്നെയുണ്ട്. ബാറ്റിങ്ങിൽ നേർവിപരീത ദിശകളിലൂടെ സഞ്ചരിച്ച രണ്ടു ടീമുകൾ മുഖാമെത്തിയ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ അവരുടെ തട്ടകത്തിൽ എട്ടു വിക്കറ്റിന് തകർത്ത് നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. സാക്ഷാൽ എം.എസ്. ധോണി ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരത്തിലാണ് ചെന്നൈ സീസണിലെ ഏറ്റവും നാണംകെട്ട തോൽവി വഴങ്ങിയത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 103 റൺസ്. മറുപടി ബാറ്റിങ്ങിൽ 9.5 ഓവറും എട്ടു വിക്കറ്റും ബാക്കിയാക്കി കൊൽക്കത്ത വിജയത്തിലെത്തി. 18 പന്തിൽ രണ്ടു ഫോറും അഞ്ച് സിക്സും സഹിതം 44 റൺസെടുത്ത ഓപ്പണർ സുനിൽ നരെയ്നാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. ഡികോക്ക് 16 പന്തിൽ മൂന്നു സിക്സുകൾ സഹിതം 23 റൺസെടുത്തു. വിജയത്തോടെ കൊൽക്കത്ത ആറു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറി. ആറു മത്സരങ്ങളിൽനിന്ന് അഞ്ചാം തോൽവി വഴങ്ങിയ ചെന്നൈ രണ്ടു പോയിന്റുമായി ഒൻപതാം സ്ഥാനത്തു തുടരുന്നു. ചെന്നൈയ്ക്ക് പിന്നിലുള്ളത് സൺറൈസേഴ്സ് ഹൈദരാബാദ് മാത്രം.
ഒരു സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് തുടർച്ചയായി അഞ്ച് കളികൾ തോൽക്കുന്നത് ഐപിഎൽ ചരിത്രത്തിൽത്തന്നെ ആദ്യമാണ്. ചെപ്പോക്കിൽ ഒരു സീസണിൽ ചെന്നൈ മൂന്നു മത്സരങ്ങൾ തുടർച്ചയായി തോൽക്കുന്നതും ഇതാദ്യം. മാത്രമല്ല, ഐപിഎൽ ചരിത്രത്തിൽ ബാക്കിയുള്ള പന്തുകൾ കണക്കാക്കിയാൽ ചെന്നൈയുടെ ഏറ്റവും കനമുള്ള തോൽവിയും ഇതുതന്നെ.
ക്യാപ്റ്റൻ അജിൻക്യ രഹാനെ 17 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 20 റൺസോടെയും, റിങ്കു സിങ് 12 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 15 റൺസോടെയും പുറത്താകാതെ നിന്നു. ഓപ്പണിങ് വിക്കറ്റിൽ ഡികോക്ക് – നരെയ്ൻ സഖ്യം 25 പന്തിൽ 46 റൺസും, രണ്ടാം വിക്കറ്റിൽ രഹാനെ – നരെയ്ൻ സഖ്യം 18 പന്തിൽ 39 റൺസും കൂട്ടിച്ചേർത്തു. പിരിയാത്ത മൂന്നാം വിക്കറ്റിൽ രഹാനെ – റിങ്കു സിങ് സഖ്യം 18 പന്തിൽ 22 റൺസ്. കൊൽക്കത്തയ്‌ക്ക് നഷ്ടമായ രണ്ടു വിക്കറ്റുകൾ അൻഷുൽ കംബോജ്, നൂർ അഹമ്മദ് എന്നിവർ പങ്കുവച്ചു.
∙ നാണക്കേടുമായി ചെന്നൈ
എം.എ. ചിദംബരം സ്റ്റേഡിയത്തിലെ സ്വന്തം കാണികൾക്കു മുന്നിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്സ്, ഓൾഔട്ടാകാതെ ‘രക്ഷപ്പെട്ടെങ്കിലും’ നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 103 റൺസ്. ഈ സീസണിൽ ഏതൊരു ടീമിന്റെയും ഏറ്റവും മോശം സ്കോറാണിത്. ഒരുവേള 100 കടക്കുമോ എന്നു സംശയിച്ച ചെന്നൈയെ, അവസാന ഘട്ടത്തിൽ ശിവം ദുബെ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് രക്ഷപ്പെടുത്തിയത്. ദുബെ 29 പന്തിൽ മൂന്നു ഫോറുകളോടെ 31 റൺസുമായി ടോപ് സ്കോററായി.
നാലു പേർ മാത്രം രണ്ടക്കം കടന്ന ചെന്നൈ ഇന്നിങ്സിൽ, രണ്ടു തവണ കൊൽക്കത്ത ഫീൽഡർമാർ കൈവിട്ടു സഹായിച്ച വിജയ് ശങ്കർ 21 പന്തിൽ 29 റൺസെടുത്തു. രണ്ടു ഫോറും ഒരു സിക്സും ഉൾപ്പെടുന്നതാണ് വിജയ് ശങ്കറിന്റെ ഇന്നിങ്സ്. അക്കൗണ്ട് തുറക്കും മുൻപേ ഹർഷിത് റാണയുടെ പന്തിൽ സുനിൽ നരെയ്നും, പിന്നീട് വ്യക്തിഗത സ്കോർ 20ൽ നിൽക്കെ ഹർഷിത് റാണയുടെ തന്നെ പന്തിൽ വെങ്കടേഷ് അയ്യരുമാണ് വിജയ് ശങ്കറിനെ കൈവിട്ട് സഹായിച്ചത്.
ഓപ്പണർ ഡിവോൺ കോൺവേ (11 പന്തിൽ രണ്ടു ഫോറുകളോടെ 12), രാഹുൽ ത്രിപാഠി (22 പന്തിൽ ഒരു ഫോർ സഹിതം 16) എന്നിവരാണ് ചെന്നൈ നിരയിൽ രണ്ടക്കത്തിലെത്തിയ മറ്റു രണ്ടു ബാറ്റർമാർ. ഓപ്പണർ രചിൻ രവീന്ദ്ര ഒൻപതു പന്തിൽ നാലു റൺസെടുത്ത് പുറത്തായി. ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരത്തിൽ മഹേന്ദ്രസിങ് ധോണി നാലു പന്തിൽ ഒരു റണ്ണെടുത്ത് പുറത്തായി. ആറാമനായെത്തിയ രവിചന്ദ്രൻ അശ്വിൻ മുതലുള്ള ആറു താരങ്ങളിൽ ഒരു റണ്ണിൽ കൂടുതൽ നേടിയ ഏക താരം പതിനൊന്നാമനായി എത്തിയ അൻഷുൽ കംബോജാണ്. കംബോജ് മൂന്നു പന്തിൽ മൂന്നു റൺസുമായി പുറത്താകാതെ നിന്നു.
അശ്വിൻ (ഏഴു പന്തിൽ ഒന്ന്), രവീന്ദ്ര ജഡേജ രണ്ടു പന്തിൽ പൂജ്യം), ദീപക് ഹൂഡ (നാലു പന്തിൽ പൂജ്യം), നൂർ അഹമ്മദ് (എട്ടു പന്തിൽ ഒന്ന്) എന്നിങ്ങനെയാണ് 6–11 വരെയുള്ള താരങ്ങളുടെ പ്രകടനം.
കൊൽക്കത്തയ്‌ക്കായി സുനിൽ നരെയ്ൻ നാല് ഓവറിൽ 13 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. വരുൺ ചക്രവർത്തി നാല് ഓവറിൽ 22 റൺസ് വഴങ്ങിയും ഹർഷിത് റാണ നാല് ഓവറിൽ 16 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതമെടുത്തു. മോയിൻ അലി നാല് ഓവറിൽ ഒരു മെയ്ഡൻ സഹിതം 20 റൺസ് വഴങ്ങിയം വൈഭവ് അറോറ നാല് ഓവറിൽ 31 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.
∙ ‘തല’യ്ക്ക് ടോസുമില്ല!
നേരത്തെ, ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ അജിൻക്യ രഹാനെ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിനു പരുക്കേറ്റതോടെയാണ് ധോണി പകരക്കാരനായി എത്തിയത്. ഗെയക്‌വാദിനു പകരം രാഹുൽ ത്രിപാഠിയും മുകേഷ് കുമാറിനു പകരം അൻഷുൽ കംബോജും കളിച്ചു. കൊൽക്കത്ത നിരയിൽ സ്പെൻസർ ജോൺസനു പകരം മോയിൻ അലി ടീമിലെത്തി.
English Summary:








English (US) ·