
തലവര ചിത്രീകരണത്തിനിടെയുണ്ടായ അപകടം. അണിയറപ്രവർത്തകർ പുറത്തുവിട്ട വീഡിയോയിൽനിന്ന് | സ്ക്രീൻഗ്രാബ്
അർജുൻ അശോകൻ നായകനായ ചിത്രം 'തലവര' തിയേറ്ററുകള്‍തോറും മികച്ച അഭിപ്രായം നേടിക്കൊണ്ട് മുന്നേറുകയാണ്. ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച ചിത്രം അഖില്‍ അനില്‍കുമാറാണ്റെ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ ലൊക്കേഷനിൽ വെച്ചുണ്ടായ ഒരു അപകടത്തിന്‍റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. അർജുൻ അശോകനും ശരത് സഭയും ചേർന്നുള്ള ദൃശ്യം ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്.
ഇതിൻ്റെ ബ്രേക്ക് എവിടെ..? ങ്ഹേ.. ഇതിൻ്റെ ബ്രേക്ക് എവിടെടാ..? എന്ന് കുറിച്ചുകൊണ്ടാണ് സിനിമയുടെ സംവിധായകൻ അഖിൽ അനിൽകുമാർ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ശരത് സഭ ഓടിക്കുന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് അർജുൻ അശോകനെ ഇടിക്കുന്നതും അദ്ദേഹം നിലത്ത് വീഴുന്നതുമാണ് വീഡിയോയിലുള്ളത്. സ്കൂട്ടർ മറ്റൊരാൾ ഓടിവന്ന് പിടിച്ചുനിർത്തുന്നതും ദൃശ്യത്തിൽ കാണാം.
അതിനിടെ പ്രായഭേദമന്യേ പ്രേക്ഷകരിൽ നിന്നും നല്ല പ്രതികരണങ്ങളാണ് ചിത്രത്തിന് റിലീസ് ദിനം മുതൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. അർജുൻ അശോകന്‍റെ കരിയറിൽ തന്നെ ഏറെ ചർച്ചയായിരിക്കുന്ന വേഷമായിരിക്കുകയാണ് 'തലവര'യിലെ ജ്യോതിഷ് എന്നാണ് പ്രേക്ഷകാഭിപ്രായം.പാലക്കാടിന്‍റെ പശ്ചാത്തലത്തിൽ തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ചിത്രത്തിൽ വിറ്റിലിഗോ രോഗാവസ്ഥയുള്ളൊരു യുവാവിന്‍റെ ജീവിതവും പ്രണയവും സംഘർഷങ്ങളുമൊക്കെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ 'പാണ്ട' എന്ന കഥാപാത്രമായി അർജുൻ അശോകനെത്തിയപ്പോൾ ജ്യോതി എന്ന നായിക കഥാപാത്രമായി രേവതി ശർമയാണ് എത്തിയിരിക്കുന്നത്.
ഷാജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി, അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിൻ ബെൻസൺ, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാർ, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിച്ചിരിക്കുന്നത്.
അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് അനീഷും എഡിറ്റിംഗ് രാഹുൽ രാധാകൃഷ്ണനും ഹൃദ്യമായ പാട്ടുകള്‍ ഒരുക്കിയിട്ടുള്ളത് ഇലക്ട്രോണിക് കിളിയുമാണ്. പിആർഒ -ആതിര ദിൽജിത്ത്.
Content Highlights: Watch the BTS mishap video from Thalavara, starring Arjun Ashokan





English (US) ·