Published: August 27, 2025 12:59 PM IST
1 minute Read
-
യുഎസ് ഓപ്പണിൽ കാർലോസ് അൽകാരസിന് വിജയത്തുടക്കം
-
കാണികൾക്ക് കൗതുകമായി അൽകാരസിന്റെ പുതിയ ലുക്ക്
-
വീനസ് വില്യംസ് ആദ്യ റൗണ്ടിൽ പുറത്ത്
ന്യൂയോർക്ക്∙ ഹെയർസ്റ്റൈലിൽ കോംപ്രമൈസ് ചെയ്യാം. പക്ഷേ, കളിയുടെ സ്റ്റൈലിൽ ഒരു കോംപ്രമൈസിനും കാർലോസ് അൽകാരസ് തയാറല്ല! പുതിയ ലുക്കിൽ, തല മൊട്ടയടിച്ച് കോർട്ടിലെത്തിയ സ്പാനിഷ് താരം അൽകാരസിന് യുഎസ് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ വിജയത്തുടക്കം. യുഎസ് താരം റൈലി ഒപെൽകയെ നേരിട്ടുള്ള സെറ്റുകൾക്കാണ് (6–4, 7–5, 6–4) രണ്ടാം സീഡായ അൽകാരസ് തോൽപിച്ചത്. നോർവേ താരം കാസ്പർ റൂഡ്, റഷ്യയുടെ ആന്ദ്രേ റുബ്‌ലേവ്, യുഎസ് താരം ഫ്രാൻസിസ് ടിഫോ, ഡെൻമാർക്കിന്റെ ഹോൾഗർ റൂണെ എന്നിവരാണ് പുരുഷ സിംഗിൾസിൽ രണ്ടാം റൗണ്ടിൽ കടന്ന മറ്റു പ്രധാന താരങ്ങൾ.
ട്രിമ്മർ ചതിച്ചതാ...! ആദ്യ റൗണ്ട് മത്സരത്തിനായി അൽകാരസ് ആർതർ ആഷ് സ്റ്റേഡിയത്തിലേക്കെത്തിയപ്പോൾ കാണികൾ ഒന്നടങ്കം അമ്പരന്നു. ഒരാഴ്ച മുൻപ് തല നിറയെ മുടിയുമായി മിക്സ്ഡ് ഡബിൾസ് മത്സരം കളിച്ച സ്പാനിഷ് താരമിതാ ‘മൊട്ട’ ലുക്കിൽ! മത്സരത്തിൽ അൽകാരസിന്റെ പ്രകടനത്തെക്കാൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് ആ തലയാണ്. മത്സരം അൽകാരസ് അനായാസം ജയിച്ചെങ്കിലും ആരാധകർ കാത്തിരുന്നത് പുതിയ ലുക്കിന്റെ രഹസ്യമറിയാനായിരുന്നു. മത്സര ശേഷം നടന്ന മാധ്യമ സമ്മേളനത്തിൽ അൽകാരസ് തന്നെ ആ രഹസ്യത്തിന്റെ ചുരുളഴിച്ചു. ‘കഴിഞ്ഞ ദിവസം സഹോദരൻ എന്റെ മുടിവെട്ടുന്നതിനിടെ ഒരു അബദ്ധം പറ്റി. ട്രിമ്മർ ഉപയോഗിച്ചു മുടി മുറിക്കുന്നതിനിടെ ഒരു ഭാഗത്തെ മുടി പൂർണമായി നഷ്ടപ്പെട്ടു. അതോടെ തല മൊട്ടയടിക്കുകയല്ലാതെ മറ്റു വഴിയുണ്ടായിരുന്നില്ല. പിന്നെ, മുടിയല്ലേ ഇന്നു പോയാൽ നാളെ വരുമല്ലോ’– ചിരിയോടെ അൽകാരസ് പറഞ്ഞു.
വീനസ് വീണുരണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം യുഎസ് ഓപ്പണിൽ മത്സരിക്കാനെത്തിയ മുൻ ചാംപ്യൻ വീനസ് വില്യംസിന് ആദ്യ റൗണ്ടിൽ തന്നെ അടിതെറ്റി. ചെക് റിപ്പബ്ലിക് താരം കരോലിന മുച്ചോവയാണ് നാൽപത്തിയഞ്ചുകാരി വീനസിനെ വീഴ്ത്തിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടെങ്കിലും രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചടിച്ച വീനസിനെ മൂന്നാം സെറ്റിലാണ് മുച്ചോവ പിടിച്ചുകെട്ടിയത് (6-3, 2-6, 6-1). ഓസ്ട്രേലിയൻ ഓപ്പൺ ചാംപ്യൻ മാഡിസൻ കീസും ആദ്യ റൗണ്ടിൽ പുറത്തായപ്പോൾ വിമ്പിൾഡൻ ചാംപ്യൻ പോളണ്ടിന്റെ ഇഗ സ്യാംതെക് രണ്ടാം റൗണ്ടിൽ കടന്നു.
ക്വിറ്റോവ വിരമിച്ചുയുഎസ് ഓപ്പൺ വനിതാ സിംഗിൾസിലെ ആദ്യ റൗണ്ട് മത്സരത്തിൽ തോറ്റതിനു പിന്നാലെ പ്രഫഷനൽ ടെന്നിസിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ച് മുൻ വിമ്പിൾഡൻ ചാംപ്യൻ പെട്ര ക്വിറ്റോവ. ഈ വർഷത്തെ ഗ്രാൻസ്‌ലാം ടൂർണമെന്റുകൾക്കു പിന്നാലെ പ്രഫഷനൽ കരിയർ മതിയാക്കുമെന്ന് മുപ്പത്തിയഞ്ചുകാരി ക്വിറ്റോവ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഫ്രാൻസിന്റെ ഡിയാൻ പെറിയാണ് ചെക് റിപ്പബ്ലിക് താരത്തെ ആദ്യ റൗണ്ടിൽ വീഴ്ത്തിയത്. സ്കോർ: 6–1, 6–0. 2011ലും 2014ലും വിമ്പിൾഡനിൽ കിരീടമുയർത്തിയ ക്വിറ്റോവ, കരിയറിൽ 31 ഡബ്ല്യുടിഎ സിംഗിൾസ് ട്രോഫികൾ നേടിയിട്ടുണ്ട്.
English Summary:








English (US) ·