'തല്‍ക്കാലം ഞാന്‍ സിനിമ വിടുകയാണ്, പിന്നീടെപ്പോഴെങ്കിലും കാണാം'; ത്യാഗരാജനോട് രതീഷ് പറഞ്ഞു

6 months ago 6

ratheesh and thyagarajan

രതീഷും ത്യാഗരാജനും. (Photo: എ.കെ.ബിജുരാജ്, ബി.മുരളീകൃഷ്ണൻ | മാതൃഭൂമി)

സിനിമയിലും ജീവിതത്തിലും കനത്ത പരാജയങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും അയാളുടെ പ്രതീക്ഷകള്‍ക്ക് മുകളില്‍ ഇരുട്ട് വീണിരുന്നില്ല. നിറഞ്ഞാടിയ വെള്ളിത്തിരക്കാലത്ത് ഒപ്പമുണ്ടായിരുന്നവരില്‍ അധികമാരുംതന്നെ ഒരു കൈത്താങ്ങായി ആ ദുരിതപര്‍വത്തില്‍ അയാള്‍ക്കൊപ്പമുണ്ടായതുമില്ല. യഥാര്‍ത്ഥത്തില്‍ അപ്പോള്‍ മാത്രമായിരുന്നു സിനിമയ്ക്കുള്ളിലെ മനുഷ്യരില്‍ പലരെയും അയാള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത്. മുന്‍നിര നായകനിരയില്‍ അവരോധിക്കപ്പെട്ടപ്പോഴും എപ്പോഴോ പിന്തള്ളപ്പെട്ടപ്പോഴും അയാളെ ചേര്‍ത്തുനിര്‍ത്തിയവരില്‍ ത്യാഗരാജനുമുണ്ടായിരുന്നു. ഒരു കൊച്ചുകുഞ്ഞിനെ വളര്‍ത്തുമ്പോലെ സിനിമയില്‍ അയാളെ ഉയര്‍ത്തിക്കൊണ്ടുവന്നെങ്കിലും ഒരു പരിധിക്കപ്പുറം അയാളുടെ വീഴ്ചകളില്‍ അയാള്‍ തന്നെയായിരുന്നു ഉത്തരവാദി. വിജയത്തിന്റെയും പരാജയത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും അപ്രതീക്ഷിത വിയോഗത്തിന്റെയും കഥയാണ് രതീഷ് എന്ന നടന്റെ കരിയറിലുണ്ടായത്. നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും ആ ജീവിതം നേരില്‍ കണ്ടവരില്‍ ഒരാള്‍ ത്യാഗരാജനായിരുന്നു. നാല്‍പ്പത്തിയെട്ടാം വയസ്സില്‍ പൊലിഞ്ഞുപോയ രതീഷിന്റെ ജീവിതം പറയാതെ പറയുന്നത് സിനിമയില്‍ ഒരു നടന്‍ എങ്ങനെ ജീവിക്കണമെന്നും എങ്ങനെ ജീവിക്കരുതെന്നും കൂടിയാണ്.

ശ്രീകുമാരന്‍ തമ്പിയുടെ 'ഇടിമുഴക്ക'ത്തിന്റെ സെറ്റില്‍ വെച്ചാണ് ത്യാഗരാജനുമായി രതീഷ് അടുക്കുന്നത്. അതിനുമുന്‍പേ ഉദയായുടെ 'പാലാട്ട് കുഞ്ഞിക്കണ്ണ'ന്റെ ചിത്രീകരണവേളയില്‍ രതീഷിനെ ത്യാഗരാജന്‍ കണ്ടുമുട്ടിയെങ്കിലും പരിചയപ്പെടലിനപ്പുറം ദീര്‍ഘമായ ഒരു സംസാരം അവര്‍ തമ്മിലുണ്ടായില്ല. പാലാട്ട് കുഞ്ഞിക്കണ്ണനില്‍ ആക്ഷന്‍ സീക്വന്‍സുകളൊന്നും രതീഷിനുണ്ടായിരുന്നില്ല. ഒന്നോ രണ്ടോ സീനുകളില്‍ മാത്രം ഒതുങ്ങുന്ന കഥാപാത്രം. ഇടിമുഴക്കത്തില്‍ ജയനും ജനാര്‍ദ്ദനനും ലാലു അലക്‌സിനുമൊപ്പം ചെറിയൊരു വേഷത്തില്‍ വന്നെങ്കിലും അതും ശ്രദ്ധേയമായിരുന്നുവെന്ന് പറയാന്‍ കഴിയില്ല. മൂന്നു വര്‍ഷങ്ങള്‍കൊണ്ട് മൂന്നോ നാലോ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ഒരു നടനെന്ന നിലയില്‍ രതീഷിന് കുറച്ചെങ്കിലും ശ്രദ്ധിക്കപ്പെടാന്‍ അവസരമൊരുക്കിയ ചിത്രം കെജി ജോര്‍ജിന്റെ സംവിധാനത്തില്‍ 1979 ല്‍ പുറത്തുവന്ന 'ഉള്‍ക്കടല്‍' ആയിരുന്നു.

ഇടിമുഴക്കത്തിന്റെ ചിത്രീകരണകാലത്ത് രതീഷ് ചോദിച്ചു. 'മാസ്റ്റര്‍... എനിക്ക് സിനിമയില്‍ നല്ലൊരു ഭാവിയുണ്ടാകുമോ?' 'ആത്മവിശ്വാസം ഒട്ടുമില്ല അല്ലേ?' ത്യാഗരാജന്‍ തിരിച്ചു ചോദിച്ചു. കഷണ്ടികയറിയ തലയും പൂച്ചക്കണ്ണും കറുത്തനിറവുമൊക്കെ തനിക്ക് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കുന്ന ഘടകങ്ങളാണെന്ന് രതീഷ് വിശ്വസിച്ചിരുന്നു. എന്നാല്‍, ഒത്ത ഉയരവും തടിയും മോശമല്ലാത്ത ശബ്ദവുമൊക്കെയുള്ള രതീഷില്‍ ഒരു സ്റ്റാര്‍ മെറ്റീരിയല്‍ ഉണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത് സംവിധായകന്‍ ഐവി ശശിയാണ്. അതിന്റെ പ്രധാന കാരണം നടന്‍ ജയന്റെ അപകടമരണവും. പുതിയൊരു ജയനു വേണ്ടിയുള്ള അന്വേഷണത്തില്‍ പലരെയും പരിഗണിച്ചു. കൂട്ടത്തില്‍ നറുക്ക് വീണത് രതീഷിനായി. 'അയാള്‍ക്ക് ഫൈറ്റൊന്നും അറിയില്ല, മാസ്റ്റര്‍ നല്ല ട്രെയിനിങ് കൊടുത്താലേ ശരിയാകൂ. 'രതീഷിന്റെ കാര്യം ഐവി ശശി ത്യാഗരാജന് മുന്നില്‍ വ്യക്തമാക്കി. അങ്ങനെ ജയനെവെച്ച് പ്ലാന്‍ ചെയ്ത അത്യുഗ്രന്‍ ആക്ഷന്‍ ത്രില്ലറായ തുഷാരം ജയന്റെ മരണത്തെ തുടര്‍ന്ന് രതീഷിനെ വെച്ചെടുക്കാന്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ പലര്‍ക്കും വിയോജിപ്പുണ്ടായിരുന്നുവെങ്കിലും ഐവി. ശശിക്ക് രതീഷില്‍ വലിയ വിശ്വാസമുണ്ടായിരുന്നു. 'ഇയാളെ ശരിയാക്കി എടുക്കാന്‍ കഴിയും എന്ന ഉത്തമ ബോധ്യം.' ആ ഉറച്ചബോധ്യത്തില്‍ തുഷാരം ചിത്രീകരണം ആരംഭിച്ചു. സ്റ്റണ്ട് സീക്വന്‍സുകളില്‍ രതീഷിന് കഠിനമായ പരിശീലനംതന്നെ വേണ്ടിവന്നു. ശശിയുടെ മദ്രാസിലെ വീടിന്റെ ടെറസ്സില്‍ വെച്ചായിരുന്നു ത്യാഗരാജന്‍ രതീഷിന് പരിശീലനം നല്‍കിയത്. കാശ്മീരില്‍ ചിത്രീകരിച്ച 'തുഷാര'ത്തിലെ ആക്ഷന്‍ രംഗങ്ങളില്‍ രതീഷിന്റെ ഡ്യുപ്പായി പ്രവര്‍ത്തിച്ചത് സുബ്ബരായനായിരുന്നു. ചില സീനുകളില്‍ താന്‍ തന്നെ അഭിനയിക്കാമെന്ന് രതീഷ് പറഞ്ഞെങ്കിലും ത്യാഗരാജനും ശശിയും അതിനനുവദിച്ചില്ല. ജയന്റെ മരണത്തിന്റെ നടുക്കവും വേദനയും അവരില്‍ അപ്പോഴുമുണ്ടായിരുന്നു.

actor ratheesh

നടൻ രതീഷ് വിവിധ ചിത്രങ്ങളിൽ

തുഷാരം സൂപ്പര്‍ഹിറ്റായി. രതീഷ് സൂപ്പര്‍താര പദവിയിലേക്കും. രാവും പകലുമില്ലാതെ ഷൂട്ടിംഗിന്റെ തിരക്കുകളിലാണ്ടു പോയ ജീവിതമായിരുന്നു പിന്നീട് രതീഷിന്റേത്. പ്രേംനസീറും മധുവും സോമനും സുകുമാരനുമൊക്കെ നിറഞ്ഞുനിന്ന ആ വെള്ളിത്തിരക്കാലത്ത് രതീഷിനും ആരാധകരേറെ യുണ്ടായി. നായകനും ഉപനായകനുമൊക്കെയായി നിരവധി ചിത്രങ്ങള്‍. ഐവി ശശിയുടെയും പിജി വിശ്വംഭരന്റെയും ശ്രീകുമാരന്‍ തമ്പിയുടെയും ബേബിയുടേയും ജോഷിയുടെയുമൊക്കെ സിനിമകളിലെ കഥാപാത്രങ്ങള്‍ രതീഷ് ശ്രദ്ധേയമാക്കി. പക്ഷേ, ജീവിതത്തിലെ അച്ചടക്കമില്ലായ്മ തന്റെ കരിയറിന് ഇടിവ് വീഴ്ത്തുന്നത് എന്തുകൊണ്ടോ രതീഷ് തിരിച്ചറിയാതെപോയി. ഷൂട്ടിംഗിന്റെ തിരക്കുകളിലേക്ക് തെറിച്ചു വീണുകൊണ്ടിരുന്നപ്പോള്‍ തനിക്ക് വന്ന വേഷങ്ങളിലേക്ക് രതീഷ് മറ്റുനടന്മാരെ ശുപാര്‍ശ ചെയ്തു. അതാകട്ടെ അവര്‍ക്ക് രതീഷിന് മുന്നിലെത്താനുള്ള വഴിയായി പരിണമിക്കുകയും ചെയ്തു.

അമിതമായ മദ്യപാനം, ഡേറ്റ് നല്‍കിയിട്ടും അഡ്വാന്‍സ് വാങ്ങിയിട്ടും സെറ്റില്‍ എത്താതിരിക്കല്‍... അങ്ങനെ പലതും രതീഷിന്റെ സിനിമാജീവിതത്തിന് വിള്ളലുകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. 'നിന്റെ ഈ പോക്ക് നാശം വരുത്തും.' ത്യാഗരാജന്‍ പലവട്ടം പറഞ്ഞു. സമയത്തിന് സെറ്റിലെത്താത്ത രതീഷിനെ രണ്ടു മൂന്നു തവണ കടുത്ത ഭാഷയില്‍ ത്യാഗരാജന് ശകാരിക്കേണ്ടതായും വന്നു. ഏറെക്കാലം തന്റെ സ്റ്റാര്‍ഡം നിലനിര്‍ത്താന്‍ രതീഷിനായില്ല. പിറകിലുണ്ടായിരുന്ന പലരും തനിക്ക് മുന്നില്‍ നിറഞ്ഞാടുന്ന കാഴ്ച രതീഷിന് തന്നെ കാണേണ്ടിവന്നു. ഒടുവില്‍ വളരെ മോശപ്പെട്ട സിനിമകളില്‍ അഭിനയിക്കേണ്ട അവസ്ഥയിലേക്കും നായകവേഷങ്ങളില്‍ നിന്ന് വില്ലന്‍ വേഷങ്ങളിലേക്കും ആ നടന്‍ കൂപ്പുകുത്തി. അക്കാലത്തൊരിക്കല്‍ രതീഷ് പറഞ്ഞു.'തല്‍ക്കാലം ഞാന്‍ സിനിമ വിടുകയാണ് മാസ്റ്റര്‍. പിന്നീടെപ്പോഴെങ്കിലും നമുക്ക് കാണാം.' ത്യാഗരാജനോട് ഇത്രയും പറഞ്ഞാണ് രതീഷ് അന്ന് മദ്രാസില്‍ നിന്നും നാട്ടിലേക്ക് പുറപ്പെട്ടത്.

ratheesh

രതീഷും സുരേഷ് ഗോപിയും ശോഭനയും കമ്മീഷണർ സിനിമയിൽ

ആ യാത്രപറച്ചിലിനെ തുടര്‍ന്ന് കുറേകാലത്തേക്ക് രതീഷിനെ സിനിമയില്‍ കണ്ടില്ല. 'രതീഷ് സിനിമ നിര്‍ത്തി ബിസിനസ്സ് ചെയ്യുകയാണ്.' സിനിമാവൃത്തങ്ങളില്‍ നിന്നുതന്നെ ത്യാഗരാജനറിഞ്ഞു. 'കഴിവുള്ള നടനായിരുന്നു. വഴിതെറ്റിപ്പോയി.' അങ്ങനെയും പറഞ്ഞ സിനിമക്കാരെ ത്യാഗരാജനറിയാം. പിന്നീടൊരു വരവായിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം 'കമ്മീഷണറി'ലെ മോഹന്‍ തോമസായി. രതീഷ് എന്ന നടന്റെ അഭിനയസാധ്യതകള്‍ തെളിഞ്ഞുകണ്ട ചിത്രം. 'സിനിമയില്‍ ഇനിയൊരു നായകപദവി ഉണ്ടാവില്ല മാസ്റ്റര്‍. എന്നാലും ഇനിയുള്ള കാലം ഞാന്‍ സിനിമയിലുണ്ടാകും. എനിക്കൊരു പുനര്‍ജന്മം തന്നത് സിനിമയാണ്' മദ്രാസില്‍ വെച്ച് വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ത്യാഗരാജനോട് രതീഷ് പറഞ്ഞു.

പിന്നീടുള്ള എട്ടുവര്‍ഷങ്ങള്‍ രതീഷിന്റെ കരിയറില്‍ മികച്ച വേഷങ്ങള്‍ വന്നുകൊണ്ടിരുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും സിനിമകളില്‍ രതീഷും നിറഞ്ഞുനിന്നു. മിക്കതും വില്ലന്‍ വേഷങ്ങള്‍. എന്നിട്ടും പ്രേക്ഷകര്‍ ആ വില്ലനെ ഇഷ്ടപ്പെട്ടു. പക്ഷേ, രതീഷ് എന്ന മനുഷ്യന്‍ എവിടെയൊക്കയോ തകര്‍ന്നു പോയിരുന്നു. ആ തകര്‍ച്ചയില്‍ നിന്നും സിനിമ അയാളെ രക്ഷപ്പെടുത്തി വരികയായിരുന്നു. അപ്പോഴേക്കും... ഹൃദയാഘാതം ആ നടനെയും മനുഷ്യനെയും ഇല്ലാതാക്കി. ആ വേര്‍പാടിനെ കുറിച്ചോര്‍ക്കുമ്പോള്‍ ത്യാഗരാജന്‍ പറയുന്നത് ഇത്രമാത്രം. 'എങ്ങനെ ജീവിക്കണം എങ്ങനെ ജീവിക്കരുത് എന്നതിന്റെ ഏറ്റവും വലിയ തെളിവ് രതീഷാണ്.' സിനിമയിലെ സിംഹാസനം സ്വയം തച്ചുടച്ച പ്രതിഭ എന്നുകൂടി ത്യാഗരാജന്‍ രതീഷ് എന്ന പേരിനൊപ്പം ചേര്‍ത്തുവായിക്കും.

Content Highlights: thyagarajan the communicative of Malayalam histrion Ratheesh, his meteoric rise, struggles, and eventual demise

ABOUT THE AUTHOR

എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്

More from this author

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article