Published: April 06 , 2025 09:12 AM IST
1 minute Read
മുല്ലൻപൂർ∙ ഹൈദരാബാദിനെതിരെ നാല് ഓവറിൽ 76 റൺസ്, കൊൽക്കത്തയ്ക്കെതിരെ 2.3 ഓവറിൽ 33. മുൻ മത്സരങ്ങളിൽ കണക്കിനു തല്ലുവാങ്ങിയെങ്കിലും ജോഫ്ര ആർച്ചറുടെ മികവിൽ വിശ്വാസമർപ്പിച്ചതിന് രാജസ്ഥാന് ലഭിച്ച പ്രതിഫലമായിരുന്നു പഞ്ചാബ് ഇന്നിങ്സിന്റെ തുടക്കത്തിൽ വീണ രണ്ടു വിക്കറ്റുകൾ. ഒന്നാം ഓവറിൽ 5 പന്തുകളുടെ വ്യത്യാസത്തിൽ പ്രിയാംശ് ആര്യയുടെയും ശ്രേയസ് അയ്യരുടെയും വിക്കറ്റ് വീഴ്ത്തിയ ആർച്ചറുടെ പ്രഹരമാണ് കരുത്തുറ്റ ബാറ്റിങ് നിരയുള്ള പഞ്ചാബിന്റെ ചേസിങ് അട്ടിമറിച്ചത്.
തങ്ങളുടെ ആദ്യ മത്സരത്തിൽ പഞ്ചാബ് ഗുജറാത്തിനെതിരെ 243 റൺസ് നേടിയപ്പോൾ നിർണായകമായത് പ്രിയാംശിന്റെയും (47) ശ്രേയസിന്റെയും (97) ഇന്നിങ്സുകളായിരുന്നു. ഐപിഎൽ ചരിത്രത്തിൽ ആദ്യ ഓവറിൽ 8 വിക്കറ്റുകൾ നേടിയിട്ടുള്ള ആർച്ചർക്ക് 3.53 ആണ് ഒന്നാം ഓവറിലെ ഇക്കോണമി. പഞ്ചാബ് കിങ്സിനെതിരെ നാലോവറുകൾ പന്തെറിഞ്ഞ ആർച്ചർ 25 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകളാണു വീഴ്ത്തിയത്. ആര്‍ച്ചറുടെ പന്തുകളിൽ നാലു ഫോറുകൾ നേടിയെങ്കിലും സിക്സടിക്കാൻ പഞ്ചാബ് ബാറ്റർമാർക്കു സാധിച്ചിരുന്നില്ല.
12.50 കോടി രൂപയ്ക്കാണ് ജോഫ്ര ആർച്ചറെ മെഗാലേലത്തിൽ രാജസ്ഥാൻ വാങ്ങിയത്. ലേലത്തിൽ രാജസ്ഥാൻ കൂടുതൽ തുക മുടക്കിയതും ആർച്ചറിനു വേണ്ടിയായിരുന്നു. തുടർച്ചയായ പരുക്കുകളും ഫോമില്ലായ്മയും കാരണം ബുദ്ധിമുട്ടുന്ന ഇംഗ്ലിഷ് പേസറെ വൻ തുകയ്ക്കു വാങ്ങിയതിൽ രാജസ്ഥാൻ ആരാധകർ തൃപ്തരായിരുന്നില്ല. ആദ്യ മത്സരത്തിൽ റെക്കോർഡ് സ്കോർ വഴങ്ങിയപ്പോഴും ആര്‍ച്ചർക്കെതിരെ വിമർശനങ്ങൾ ശക്തമായി. അതെല്ലാം കാറ്റിൽ പറത്തിയാണ് പഞ്ചാബ് കിങ്സിനെതിരെ ആർച്ചർ തിരിച്ചുവന്നത്.
English Summary:








English (US) ·