ഒളിംപിക്സും ഏഷ്യൻ ഗെയിംസുമില്ല. പുരുഷ ക്രിക്കറ്റിൽ ലോകകപ്പ് പോരാട്ടങ്ങളുമുണ്ടായിരുന്നില്ല. എന്നിട്ടും കായിക രംഗത്ത് ലോക വിജയങ്ങളുടെ പെരുമഴക്കാലമായിരുന്നു ഇന്ത്യയ്ക്ക് 2025. വനിതാ ക്രിക്കറ്റിലെ ലോക കിരീടത്തിനായുള്ള രാജ്യത്തിന്റെ കാത്തിരിപ്പ് സഫലമായ വർഷം ക്രിക്കറ്റിന്റെ ബൗണ്ടറികൾ കടന്നും നമ്മുടെ വിജയങ്ങൾ പരന്നു. ചെസിൽ ദിവ്യ ദേശ്മുഖും അത്‍ലറ്റിക്സിൽ നീരജ് ചോപ്രയും പാരാ ആർച്ചറിയിൽ ശീതൾ ദേവിയുമെല്ലാം രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തി.
വണ്ടർ 19
ജനുവരിയിൽ മലേഷ്യയിൽ നടന്ന അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിൽ ജേതാക്കളായാണ് ഇന്ത്യ 2025ലെ കായികരംഗത്തെ വിജയക്കുതിപ്പിന് തുടക്കമിട്ടത്. അനായാസ വിജയങ്ങളുമായി ടൂർണമെന്റിൽ മുന്നേറിയ ഇന്ത്യ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ചത് 9 വിക്കറ്റിന്. അണ്ടർ 19 വനിതാ ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം കിരീടനേട്ടം.
90 കടന്ന് നീരജ്
ജാവലിൻത്രോയിലെ സ്വപ്നദൂരമായ 90 മീറ്റർ പിന്നിട്ട് ഇന്ത്യൻ താരം നീരജ് ചോപ്ര. മേയിൽ ദോഹ ഡയമണ്ട് ലീഗ് മീറ്റിൽ 90.23 മീറ്റർ ദൂരത്തിൽ ജാവലിൻ പായിച്ച നീരജ് കരിയറിലെ നിർണായക നേട്ടത്തിനായുള്ള വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടു. ഓഗസ്റ്റിൽ ഡയമണ്ട് ലീഗ് ഫൈനൽസിൽ നീരജ് വെള്ളിയും നേടി.
ദ് ചാംപ്യൻസ്
ഐസിസി ഏകദിന ക്രിക്കറ്റ് കിരീടത്തിനായുള്ള 12 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യൻ പുരുഷ ടീം ചാംപ്യൻസ് ട്രോഫി ജേതാക്കളായി. ദുബായിൽ നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ ന്യൂസീലൻഡിനെ 4 വിക്കറ്റിനു തോൽപിച്ചു. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മൂന്നാം കിരീടം.
ചരിത്രം എയ്ത് ശീതൾ
ലോക പാരാ ആർച്ചറിയിൽ ഇന്ത്യയുടെ ആദ്യ വനിതാ ലോക ചാംപ്യനായി ജമ്മു കശ്മീർ സ്വദേശിനി ശീതൾ ദേവി. സെപ്റ്റംബറിൽ കൊറിയയിൽ നടന്ന ചാംപ്യൻഷിപ്പിൽ വ്യക്തിഗത കോംപൗണ്ട് ആർച്ചറിയിലാണ് ഇരു കൈകളും ഇല്ലാതെ ഞാൺ വലിക്കുന്ന പതിനെട്ടുകാരി ശീതൾ ജേതാവായത്.
ലക്ഷ്യം നേടി
ബാഡ്മിന്റനിൽ കിരീട വരൾച്ച നേരിട്ട വർഷം ഇന്ത്യയ്ക്ക് ആശ്വാസമായത് ലക്ഷ്യ സെന്നിന്റെ വിജയം. ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റനിൽ ജേതാവായ ഇരുപത്തിനാലുകാരൻ ലക്ഷ്യ ഫോമിലേക്ക് തിരിച്ചെത്തി. ഓഗസ്റ്റിൽ നടന്ന ലോക ചാംപ്യൻഷിപ്പിൽ സാത്വിക് സായ്‌രാജ്– ചിരാഗ് ഷെട്ടി ഡബിൾ സഖ്യം വെങ്കലം നേടി.
ഇന്ത്യൻ ഇരമ്പം
ഏകദിന ക്രിക്കറ്റിലെ ആദ്യ ലോകകപ്പ് നേട്ടത്തോടെ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ. നാട്ടിൽ നടന്ന ലോകകപ്പിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനു തോൽപിച്ച് ടീം ഇന്ത്യ ട്രോഫിയിൽ മുത്തമിട്ടു. വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ ട്രോഫി.
ഏഷ്യൻ കിങ്സ്
അടിമുടി വിവാദങ്ങൾ നിറഞ്ഞ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ക്ലൈമാക്സിൽ ഇന്ത്യയ്ക്ക് കിരീടത്തിളക്കം. സെപ്റ്റംബറിൽ ദുബായിൽ നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ പാക്കിസ്ഥാനെതിരെ 5 വിക്കറ്റ് ജയം. ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ പുരുഷ ടീമിന്റെ ഒൻപതാം കിരീടം.
ജയ്ഹോക്കി
8 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഏഷ്യാ കപ്പ് പുരുഷ ഹോക്കി കിരീടം തിരിച്ചുപിടിച്ച് ഇന്ത്യൻ പുരുഷ ടീം. ഫൈനലിൽ നിലവിലെ ചാംപ്യന്മാരായ ദക്ഷിണ കൊറിയയെ 4–1ന് തോൽപിച്ച ഇന്ത്യ, അടുത്ത വർഷത്തെ ഹോക്കി ലോകകപ്പിനും യോഗ്യത നേടി. വനിതാ ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യ റണ്ണറപ്പായി.
ചെക്ക് ദേ ഇന്ത്യ
വനിതാ ലോകകപ്പ് ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന ചരിത്രവിജയം കുറിച്ച് പത്തൊൻപതുകാരി ദിവ്യ ദേശ്മുഖ്. ജൂലൈയിൽ നടന്ന ലോകകപ്പിന്റെ ഫൈനലിൽ ദിവ്യ തോൽപിച്ചത് ഇന്ത്യൻ താരം കൊനേരു ഹംപിയെ. ഈ വിജയത്തോടെ ഗ്രാൻഡ്മാസ്റ്റർ പദവിയും ദിവ്യയ്ക്ക് സ്വന്തമായി.
അകക്കണ്ണിൻ തിളക്കം!
വനിതാ ബ്ലൈൻഡ് ക്രിക്കറ്റിലെ പ്രഥമ ട്വന്റി20 ലോക കിരീടം നവംബറിൽ ഇന്ത്യൻ വനിതകൾ സ്വന്തമാക്കി. കൊളംബോയിൽ നടന്ന ഫൈനലിൽ നേപ്പാളിനെതിരെ 7 വിക്കറ്റ് വിജയത്തോടെയാണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്.
English Summary:








English (US) ·