ഹിസോർ (താജിക്കിസ്താൻ): കാഫ നേഷൻസ് ഫുട്‌ബോളിൽ താജിക്കിസ്താനെതിരേ ഇന്ത്യയുടെ ആദ്യ ഇലവനിൽ മലയാളി താരങ്ങളായ മുഹമ്മദ് ഉവൈസും ആഷിഖ് കുരുണിയനും. ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവാണ് നായകൻ. മറ്റൊരു മലയാളിതാരമായ ജിതിൻ എം.എസ്. പകരക്കാരുടെ ബെഞ്ചിലാണ്. പരിശീലകൻ ഖാലിദ് ജമീലിന്റെയും ഇന്ത്യൻ ടീമിന്റെയും പുതിയ തുടക്കം കൂടിയാണ് ടൂർണമെന്റ്.
നിലമ്പൂരുകാരനായ മുഹമ്മദ് ഉവൈസ് പ്രതിരോധതാരമാണ്. ഐഎസ്എല്ലിൽ പഞ്ചാബ് എഫ്‌സിയുടെ താരമാണ്. ഫുട്‌ബോൾ പരിശീലകനായ കമാലുദ്ധീൻ മോയിക്കലിന്റെ മകനാണ് ഉവൈസ്.
സ്പാനിഷ് പരിശീലകൻ മനോളോ മാർക്വേസിന്റെ പിൻഗാമിയായെത്തിയ ജമീലിനുകീഴിൽ ആദ്യമത്സരമാണ് താജികിസ്താനെതിരായത്. സമീപകാലത്ത് നേരിട്ട തിരിച്ചടികളിൽനിന്ന് ഇന്ത്യൻ ടീമിനെ കരകയറ്റുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് പരിശീലകനുള്ളത്. സന്ദേശ് ജിംഗാൻ, അൻവർ അലി, രാഹുൽ ബെക്കെ എന്നിവർ ടീമിലുണ്ട്.
കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാൻ കളിക്കാരെ വിട്ടുകൊടുക്കാത്തത് ടീമിന്റെ ശക്തികുറച്ചിട്ടുണ്ട്. ലിസ്റ്റൺ കൊളാസോ, അനിരുദ്ധ് ഥാപ്പ, സഹൽ അബ്ദുസമദ്, വിശാൽ കെയ്ത്ത്, ദീപക് ടാൻഗ്രി, മൻവീർ സിങ്, സുഭാസിഷ് ബോസ് എന്നിവർക്ക് ഇതുമൂലം ദേശീയടീമിനൊപ്പം ചേരാനായിട്ടില്ല.
ലോകറാങ്കിങ്ങിൽ 106-ാം സ്ഥാനത്തുള്ള താജികിസ്താൻ ഗെലെ ഷെകിലഡ്‌സെയുടെ പരിശീലനത്തിനുകീഴിലാണ് ഇറങ്ങുന്നത്. ഏഷ്യാകപ്പ് യോഗ്യതറൗണ്ടിൽ തിമൂറിനെ തോൽപ്പിക്കുകയും ഫിലിപ്പീൻസിനെ സമനിലയിൽ തളയ്ക്കുകയും ചെയ്തതിന്റെ ആത്മവിശ്വാസത്തിലാണ് ടീം വരുന്നത്. മുന്നേറ്റത്തിൽ ഷെഹ്‌റോം സമീവും മധ്യനിരയിൽ ക്യാപ്റ്റൻ പർവിസ്‌ദോഹനും ഗോൾ കീപ്പർ റുസ്തം യാട്ടിമോവും ടീമിന്റെ കരുത്താണ്.
Content Highlights: amerind shot squad khalid jamil muhammed uvais cafa nations cup








English (US) ·