Published: October 14, 2025 06:03 PM IST
1 minute Read
ന്യൂഡൽഹി∙ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കു മുന്നോടിയായി ടീമിനൊപ്പം ചേരാൻ വെറ്ററൻ താരം വിരാട് കോലി ഇന്ത്യയിലെത്തി. ചൊവ്വാഴ്ച രാവിലെയാണ് ലണ്ടനിൽനിന്ന് കോലി ന്യൂഡൽഹിയിലെത്തിയത്. ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്നു വിരമിച്ച ശേഷം ഭാര്യ അനുഷ്ക ശർമയ്ക്കും മക്കൾക്കുമൊപ്പം ലണ്ടനിലാണ് കോലി സ്ഥിരതാമസം. ലണ്ടനിൽ കോലിക്ക് സ്വന്തമായി വീടുണ്ട്. ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയത്തിനു പിന്നാലെ കഴിഞ്ഞ ജൂണിലാണ് കോലി ഇന്ത്യ വിട്ടത്.
ഒക്ടോബർ 19ന് പെര്‍ത്തിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. നാലു മാസത്തിനു ശേഷം നാട്ടിലെത്തിയ കോലിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ ആരാധകരുമെത്തിയിരുന്നു. താടിയിലെ നരയെല്ലാം കറുപ്പിച്ച കോലി, പുതിയ ലുക്കിലാണ് ഡൽഹിയിലെത്തിയത്. തന്റെ താടിയിൽ ഡൈ ചെയ്യേണ്ട സമയമായെന്ന് കോലി മുൻപ് ഒരു സ്വകാര്യ ചടങ്ങിൽ പ്രതികരിച്ചിരുന്നു. ലണ്ടൻ ജീവിതത്തിനിടെ നരച്ച താടിയുള്ള കോലിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഡൽഹിയിലെത്തിയ കോലിക്കൊപ്പം സെൽഫിയെടുക്കാനായി ആരാധകർ അഭ്യർഥിച്ചെങ്കിലും, താരം തിരക്കിട്ട് കാറിൽ കയറി പോകുകയായിരുന്നു. കോലിയുടെ പുതിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഓസ്ട്രേലിയയ്ക്കെതിരെ മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഈ പരമ്പരയ്ക്കു ശേഷം കോലി കരിയർ പൂർണമായും അവസാനിപ്പിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ടുകൾ. എന്നാൽ കോലിക്ക് 2027 ഏകദിന ലോകകപ്പ് വരെ കളിക്കാൻ താൽപര്യമുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
English Summary:








English (US) ·