താണ്ഡവമാടി അഭിഷേകും ​ഗില്ലും; സൂപ്പർ ഫോറിലും പാകിസ്താൻ തരിപ്പണം, ഇന്ത്യക്ക് ജയം 

4 months ago 4

ദുബായ്: മൈതാനത്തിനകത്തും പുറത്തും കത്തിനിന്ന വിവാദങ്ങൾ. വിട്ടുകൊടുക്കാത്ത നിലപാടുകൾ. ഒടുക്കം മൈതാനത്ത് വീണ്ടും വിജയഭേരി മുഴക്കി ഇന്ത്യ. സൂപ്പർ ഫോറിലും പാകിസ്താനെ സൂര്യകുമാറും സംഘവും തകർത്തെറിഞ്ഞു. ആറു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. പാകിസ്താൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. അർധസെഞ്ചുറി തികച്ച അഭിഷേക് ശർമയും ​ഗില്ലിന്റെ ഇന്നിങ്സുമാണ് ഇന്ത്യയ്ക്ക് കരുത്തായത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെത് സ്വപ്‌നസമാനമായ തുടക്കമായിരുന്നു. ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ സിക്‌സറടിച്ചാണ് ഇന്ത്യ തുടങ്ങിയത്. ഷഹീന്‍ അഫ്രീദിയെ അഭിഷേക് ശര്‍മയാണ് അതിര്‍ത്തികടത്തിയത്. അതൊരു സൂചനയായിരുന്നു. പിന്നീട് സ്റ്റേഡിയത്തില്‍ കണ്ടത് ഇന്ത്യന്‍ ഓപ്പണര്‍മാരുടെ താണ്ഡവമായിരുന്നു. അഭിഷേകും ശുഭ്മാന്‍ ഗില്ലും പാക് ബൗളര്‍മാരെ നിലംതൊടീച്ചില്ല.

ആറോവറില്‍ 69 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. എട്ടാം ഓവറില്‍ അഭിഷേക് അര്‍ധസെഞ്ചുറി തികച്ചു. അഭിഷേകിനൊപ്പം ഗില്ലും കത്തിക്കയറിയതോടെ ഇന്ത്യ ഒമ്പതാം ഓവറില്‍ തന്നെ നൂറുകടന്നു. എന്നാല്‍ പത്താം ഓവറില്‍ പാകിസ്താന് ബ്രേക്ക് ത്രൂ കിട്ടി. ഫഹീം അഷ്‌റഫ് ഗില്ലിനെ ബൗള്‍ഡാക്കി. 28 പന്തില്‍ നിന്ന് 47 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്. പിന്നാലെ നായകൻ സൂര്യകുമാർ യാദവും പുറത്തായി. താരം ഡക്കായി മടങ്ങി.

ടീം സ്കോർ 123-ല്‍ നില്‍ക്കേ അഭിഷേക് ശര്‍മയും പുറത്തായത് ഇന്ത്യയെ അല്‍പ്പം പ്രതിരോധത്തിലാക്കി. 39 പന്തില്‍ നിന്ന് 74 റണ്‍സെടുത്താണ് അഭിഷേക് പുറത്തായത്. എന്നാല്‍ നാലാം വിക്കറ്റില്‍ സഞ്ജുവും തിലക് വര്‍മയും ചേര്‍ന്ന് ടീമിനെ മുന്നോട്ടുനയിച്ചു. അതിനിടെ സഞ്ജുവിനെ (13) ഹാരിസ് റൗഫ് ബൗൾഡാക്കി. എന്നാൽ തിലക് വർമയും ഹാർദിക് പാണ്ഡ്യയും ഇന്ത്യയെ വിജയതീരത്തെത്തിച്ചു.

പാകിസ്താൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ പതിയെ ആണ് തുടങ്ങിയത്. മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും ഡക്കായി മടങ്ങിയ സയിം അയൂബ് ഇത്തവണ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തില്ല. പകരം ഫഖര്‍ സമാനാണ് ഓപ്പണറായെത്തിയത്. പാകിസ്താന് ആദ്യം നഷ്ടമായതും ഫഖര്‍ സമാന്റെ വിക്കറ്റാണ്. ഒമ്പത് പന്തില്‍ നിന്ന് താരം 15 റണ്‍സെടുത്തു. ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ സഞ്ജുവിന്റെ കൈകളില്‍ ഫഖറിന്റെ ഇന്നിങ്‌സ് അവസാനിച്ചു.

രണ്ടാം വിക്കറ്റില്‍ ഒന്നിച്ച സഹിബ്‌സാദ ഫര്‍ഹാനും സയിം അയൂബും പിന്നീട് ടീമിനെ കരകയറ്റുന്നതാണ് കണ്ടത്. ആദ്യം ശ്രദ്ധയോടെയാണ് ഇരുവരും ബാറ്റിങ് ആരംഭിച്ചത്. ആറോവറില്‍ 55-1 എന്ന നിലയിലായിരുന്നു പാകിസ്താന്‍. പിന്നീട് ഫര്‍ഹാനും സയിം അയൂബും ഇന്ത്യന്‍ ബൗളര്‍മാരെ തകര്‍ത്തടിക്കാന്‍ തുടങ്ങി. അതിനിടെ മൂന്ന് തവണ ഇന്ത്യ പാക് ബാറ്റര്‍മാരുടെ ക്യാച്ച് വിട്ടുകളഞ്ഞു.

പാക് നിരയില്‍ ഫര്‍ഹാനായിരുന്നു കൂടുതല്‍ അപകടകാരി. ഇന്ത്യന്‍ ബൗളര്‍മാര്‍ മാറിമാറിയെറിഞ്ഞെങ്കിലും ഫര്‍ഹാന്‍ ശ്രദ്ധയോടെ നേരിട്ടു. പിന്നാലെ അര്‍ധസെഞ്ചുറിയും തികച്ചു. 34 പന്തിലാണ് താരത്തിന്റെ അര്‍ധസെഞ്ചുറി. പത്തോവര്‍ അവസാനിക്കുമ്പോള്‍ 91-1 എന്ന നിലയിലായിരുന്നു പാകിസ്താന്‍.

പിന്നാലെ 21 റണ്‍സെടുത്ത സയിം അയൂബിനെ ശിവം ദുബെ പുറത്താക്കി. പിന്നീട് കൂടുതൽ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ തിരിച്ചടിക്കുന്നതാണ് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കണ്ടത്. ഹുസ്സൈന്‍ താലത്തും(10) ഫര്‍ഹാനും പിന്നാലെ കൂടാരം കയറി. 45 പന്തില്‍ നിന്ന് 58 റണ്‍സെടുത്താണ് ഫര്‍ഹാന്‍ പുറത്തായത്. അതോടെ പാകിസ്താന്‍ പ്രതിരോധത്തിലായി.

അഞ്ചാം വിക്കറ്റില്‍ നായകന്‍ സല്‍മാന്‍ ആഗയും മുഹമ്മദ് നവാസും ചേര്‍ന്നാണ് പിന്നീട് പാകിസ്താനായി രക്ഷാപ്രവര്‍ത്തനം നടത്തിയത്. അവസാനഓവറുകളില്‍ ഇരുവരും റണ്‍സ് കണ്ടെത്തി. 21 റണ്‍സെടുത്ത നവാസിനെ സൂര്യ തന്ത്രപരമായി റണ്ണൗട്ടാക്കി.നിശ്ചിത 20 ഓവറിൽ പാകിസ്താൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. ആഗയും (17) ഫഹീം അഷ്‌റഫും(20) പുറത്താവാതെ നിന്നു. ഇന്ത്യക്കായി ശിവം ദുബെ രണ്ട് വിക്കറ്റെടുത്തു.

Content Highlights: India vs. Pakistan: Asia Cup Super Four Clash Reignites Rivalry successful Dubai

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article