താരങ്ങളുടെ പിന്‍മാറ്റം; ഇന്ത്യ-പാക് ലെജന്‍സ്ഡ് മത്സരം റദ്ദാക്കി

6 months ago 7

india-pak

ഇന്ത്യ-പാക് മത്സരത്തിനായി ഇറക്കിയ പോസ്റ്റർ

ന്യൂഡല്‍ഹി: ഇന്ന് നടക്കേണ്ടിയിരുന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം റദ്ദാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും മറ്റ് നിരവധി താരങ്ങളും പിന്മാറിയതിനെ തുടര്‍ന്നാണിത്. ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ ഇന്ന് നടക്കേണ്ട മത്സരമാണ് റദ്ദാക്കിയത്. പാകിസ്താനെതിരെ കളിക്കില്ലെന്ന് ശിഖര്‍ ധവാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

പാകിസ്താനെതിരെ കളിക്കില്ലെന്ന തന്റെ തീരുമാനം അറിയിച്ചുകൊണ്ട് സംഘാടകര്‍ക്ക് എഴുതിയ കത്ത് ധവാന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തു. അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെയും, പ്രത്യേകിച്ച് പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ തീരുമാനം. മറ്റു ചില ഇന്ത്യന്‍ താരങ്ങളും പാകിസ്താനെതിരെ കളിക്കില്ലെന്ന് ഭീഷണി മുഴക്കിയിരുന്നു.

'ഇന്ത്യ-പാകിസ്താന്‍ മത്സരം (ജൂലൈ 20, ഞായറാഴ്ച, വൈകുന്നേരം 4.30) റദ്ദാക്കി. സ്റ്റേഡിയം അടച്ചിടുന്നതിനാല്‍ ദയവായി ആരും വരരുത്. ടിക്കറ്റ് എടുത്ത എല്ലാവര്‍ക്കും മുഴുവന്‍ തുകയും തിരികെ നല്‍കുന്നതാണ്' സംഘാടകര്‍ അറിയിച്ചു.

ഇന്ത്യ-പാക് മത്സരത്തിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ കടുത്ത ഭാഷയിലാണ് ആരാധകര്‍ പ്രതികരിച്ചിരുന്നത്. പാകിസ്താനെതിരേ കളിക്കരുതെന്ന ആവശ്യമാണ് പ്രധാനമായും ഉന്നയിക്കപ്പെടുന്നത്. കുറ്റവാളികള്‍ക്കൊപ്പം എന്തിനാണ് കളിക്കുന്നതെന്നടക്കം രൂക്ഷമായ പ്രതികരണങ്ങളും ഉയര്‍ന്നിരുന്നു.

ഇരുരാജ്യങ്ങളിലെയും പ്രധാന മുന്‍ താരങ്ങള്‍ ടീമിലുണ്ടായിരുന്നു. യുവ്രാജ് സിങ്ങാണ് ഇന്ത്യയെ നയിക്കുന്നത്. സുരേഷ് റെയ്ന, മുഹമ്മദ് കൈഫ്, ഇര്‍ഫാന്‍ പഠാന്‍, റോബിന്‍ ഉത്തപ്പ, ഹര്‍ഭജന്‍ സിങ് തുടങ്ങിയ താരങ്ങള്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്.

യൂനിസ് ഖാനാണ് പാക് ടീമിനെ നയിക്കുന്നത്. ഷൊയ്ബ് മാലിക്, മുഹമ്മദ് ആമിര്‍, കമ്രാന്‍ അക്മല്‍ എന്നിവര്‍ പാക് ടീമിലുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ വിവാദപരാമര്‍ശം നടത്തിയ ഷാഹിദ് അഫ്രിദിയും പാക് സംഘത്തിലുണ്ടായിരുന്നു. അഫ്രീദി പാക് മാധ്യമങ്ങളിലൂടെ ഇന്ത്യന്‍ സുരക്ഷാ സേനയ്ക്കെതിരെയാണ് മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. ഇത് വന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു.

ഈ വര്‍ഷം നടക്കുന്ന ഏഷ്യാ കപ്പിലും വനിതാ ലോകകപ്പിലും ഇന്ത്യ-പാക് പോരാട്ടമുണ്ടാകും. സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ആതിഥേയര്‍ ഇന്ത്യയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റുകള്‍ നിഷ്പക്ഷ വേദികളിലോ അല്ലെങ്കില്‍ ഹൈബ്രിഡ് മോഡലുകളിലോ നടത്താറാണ് പതിവ്. ഇത്തവണയും ഇത് നടപ്പിലാക്കും. എന്നാല്‍ ഏഷ്യാ കപ്പ് മത്സരക്രമം ഇനിയും പുറത്തുവന്നിട്ടില്ല.

ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് കീഴില്‍ നടക്കുന്ന ഏഷ്യാ കപ്പിലും മാത്രമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാറുള്ളത്. 2008-ലെ മുംബൈ ഭീകരാക്രമണത്തോടെ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായിരുന്നു. ആക്രമണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ വഷളായതിനാല്‍, 2008-ല്‍ ഏഷ്യാ കപ്പില്‍ പങ്കെടുത്തതിനുശേഷം ഇന്ത്യ, പാകിസ്താനില്‍ പര്യടനം നടത്തിയിട്ടില്ല.

അടുത്തിടെ പാകിസ്താനില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായും ഇന്ത്യ, പാകിസ്താനിലേക്ക് യാത്ര ചെയ്തിരുന്നില്ല. പകരം ടൂര്‍ണമെന്റി ഹൈബ്രിഡ് മോഡലിലാക്കി ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായില്‍ നടത്തുകയായിരുന്നു. 2024-2027 കാലത്തില്‍ ഇന്ത്യയിലോ പാകിസ്താനിലോ നടക്കുന്ന എല്ലാ ഐസിസി ടൂര്‍ണമെന്റുകള്‍ക്കും ഹൈബ്രിഡ് മോഡല്‍ ഏര്‍പ്പെടുത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തീരുമാനിച്ചിരുന്നു.

Content Highlights: No India vs Pakistan Match In WCL After Shikhar Dhawan, Other Players Pull Out

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article