താരങ്ങള്‍ മുംബൈ വിടുന്നതിനു പിന്നില്‍ സൂര്യയോ? അഭ്യൂഹങ്ങള്‍ക്കെതിരേ രൂക്ഷവിമർശനവുമായി താരം

9 months ago 7

03 April 2025, 06:32 PM IST

surya-kumar-yadav-denies-mumbai-transfers

Photo: AP

മുംബൈ: ഇന്ത്യന്‍ താരം യശസ്വി ജയ്‌സ്വാള്‍ അടുത്ത ആഭ്യന്തര സീസണില്‍ മുംബൈ വിട്ട് ഗോവയിലേക്ക് പോകുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. അടുത്ത സീസണില്‍ ഗോവയ്ക്കായി കളിക്കാന്‍ എന്‍ഒസി ആവശ്യപ്പെട്ട് ജയ്‌സ്വാള്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന് ഇ-മെയില്‍ അയച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനു പിന്നാലെ സൂര്യകുമാര്‍ യാദവും മുംബൈ ടീം വിട്ട് ഗോവയിലേക്ക് ചേക്കേറാന്‍ പോകുകയാണെന്നും സമീപകാലത്ത് മുംബൈയില്‍നിന്ന് താരങ്ങള്‍ മറ്റ് ടീമുകളിലേക്ക് പോകുന്നതിനു പിന്നില്‍ സൂര്യയാണെന്നുമുള്ള റിപ്പോര്‍ട്ടുകളും വന്നു. എന്നാല്‍, ഇത്തരം അഭ്യൂഹങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൂര്യ.

താരങ്ങള്‍ മുംബൈ വിടുന്നതിനു പിന്നില്‍ താനാണെന്ന തരത്തില്‍ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചാണ് സൂര്യകുമാര്‍ ഇത്തരത്തില്‍ വന്ന അഭ്യൂഹങ്ങള്‍ തള്ളിയത്. ഇത്തരം കാര്യങ്ങള്‍ എഴുതിപ്പിടിപ്പിച്ചത് തിരക്കഥാകൃത്താണോ അതോ മാധ്യമപ്രവര്‍ത്തകന്‍ തന്നെയാണോ എന്ന് സൂര്യ കുറിച്ചു. ഇനി കോമഡി സിനിമകള്‍ കാണുന്നത് നിര്‍ത്തി താന്‍ ഇത്തരം വാര്‍ത്തകള്‍ വായിക്കാന്‍ പോകുകയാണെന്നും സൂര്യ തമാശരൂപേണ പറഞ്ഞു.

അടുത്തിടെ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍, സിദ്ധേഷ് ലാഡ് എന്നിവരും മുംബൈ ടീം വിട്ട് ഗോവന്‍ ടീമിലേക്ക് മാറിയിരുന്നു. താരങ്ങള്‍ അന്താരാഷ്ട്ര മത്സരങ്ങളില്ലാത്ത സമയത്ത് ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെന്ന് ബിസിസിഐയുടെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഇതോടെ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫിക്കു ശേഷം തിരികെയെത്തിയ ജയ്സ്വാള്‍ മുംബൈക്കായി രഞ്ജി ട്രോഫിയില്‍ കളത്തിലിറങ്ങുകയും ചെയ്തിരുന്നു.

ജയ്സ്വാള്‍ ഗോവയ്ക്കു വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും തങ്ങള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ശംഭ ദേശായി പിടിഐയോട് പ്രതികരിച്ചു. അടുത്ത സീസണ്‍ മുതല്‍ ജയ്സ്വാള്‍ ഗോവയ്ക്കായി കളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Yashasvi Jaiswal`s determination to Goa sparks rumors of Surya Kumar Yadav`s involvement

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article