
കൊച്ചി ടസ്ക്കേഴ്സ് കേരള | x.com/@Datascientist3_
കൊച്ചി ആസ്ഥാനമായ ഐപിഎൽ ടീം. ലോകക്രിക്കറ്റിലെ മിന്നുംതാരങ്ങളാൽ സമ്പന്നം. കൊച്ചി ടസ്ക്കേഴ്സ് കേരളയുടെ ഇന്ത്യൻ പ്രീമിയർ ലീഗിലേക്കുള്ള വരവ് ആവേശകരമായിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള ക്രിക്കറ്റ് ആരാധകർ ടീമിനെ ഉറ്റുനോക്കി. എന്നാൽ, അദ്യ സീസണിൽ നിരാശപ്പെടുത്തുന്നതായിരുന്നു ടീമിന്റെ പ്രകടനം. പിന്നാലെ ഞെട്ടിക്കുന്ന ആ വാർത്തയും ആരാധകരെ തേടിയെത്തി. ബിസിസിഐ ടീമിനെ ലീഗിൽനിന്നു പുറത്താക്കി. എട്ടാം സ്ഥാനത്ത് സീസൺ പൂർത്തിയാക്കിയ കൊച്ചി ടീം ഇന്ത്യൻ പ്രീമിയർ ലീഗിൽനിന്നു പുറത്താക്കപ്പെട്ടത് കരാർ വ്യവസ്ഥകൾ ലംഘിച്ചുവെന്ന കുറ്റത്തിനായിരുന്നു. പിന്നെ ബിസിസിഐക്കെതിരേ നീണ്ട നിയമപോരാട്ടം. ഐപിഎല്ലിൽ തിരിച്ചുവരാനുള്ള സാധ്യതകൾ ബോർഡ് അടച്ചതോടെ വിഷയം കോടതി കയറി. ഒടുക്കം നഷ്ടപരിഹാരം നൽകണമെന്ന ആർബിട്രേറ്റർ വിധി ബോംബെ ഹൈക്കോേടതിയും ശരിവെച്ചിരിക്കുകയാണ്.
2011 സീസണില്‍ മാത്രം കളിച്ച കൊച്ചി ടസ്‌ക്കേഴ്‌സിനെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന കുറ്റത്തിനാണ് ബിസിസിഐ പുറത്താക്കിയത്. മൊത്തം ഫീസിന്റെ പത്ത് ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും കൊച്ചി ടസ്‌ക്കേഴ്‌സിന് അത് ഹാജരാക്കാനായില്ല. തുടര്‍ന്ന് ടസ്‌ക്കേഴ്‌സുമായുള്ള കരാര്‍ ബിസിസിഐ റദ്ദാക്കുകയായിരുന്നു. ഇതിനെതിരെയാണ് കൊച്ചി ടസ്‌ക്കേഴ്‌സ് ആര്‍ബിട്രേറ്ററിനെ സമീപിച്ചത്. കൊച്ചി ടസ്‌കേഴ്‌സ് കേരളയ്ക്ക് 538 കോടി രൂപ നല്‍കണമെന്നാണ് വിധിച്ചത്. ആര്‍ബിട്രല്‍ ട്രൈബ്യൂണല്‍ വിധിയെ ചോദ്യം ചെയ്ത് ബിസിസിഐ ഹര്‍ജി നൽകി. ഇപ്പോഴിതാ ഹർജി തള്ളിയിരിക്കുകയാണ് ബോംബെ ഹൈക്കോടതി.
കൊച്ചിയുടെ വരവും വിവാദങ്ങളും
റെന്‍ദേവൂ സ്പോര്‍ട്സ് വേള്‍ഡ് എന്നപേരില്‍ അഞ്ച് കമ്പനികള്‍ ചേര്‍ന്നാണ് 2011-ല്‍ കൊച്ചി ടസ്ക്കേഴ്സ് കേരള എന്ന ടീം രൂപവത്കരിച്ചത്. 1560 കോടി രൂപയാണ് കേരള ടീമിന് ഐപിഎല്ലിലേക്കുള്ള പ്രവേശത്തിനായി വെക്കേണ്ടിവന്ന ലേലത്തുക. ഐപിഎല്ലില്‍ ഉയര്‍ന്ന രണ്ടാമത്തെ തുകയായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ തുകകൊടുത്തത് പുണെ ടീമാണ്. എന്നാൽ, കരാര്‍ ലംഘിച്ചെന്ന കാരണത്താല്‍ 2011-ല്‍, ആദ്യസീസണ്‍ കഴിഞ്ഞപ്പോള്‍ത്തന്നെ കൊച്ചിന്‍ ടീമിനെ ബിസിസിഐ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍നിന്ന് പുറത്താക്കുകയായിരുന്നു. കൊച്ചി ടീമിന്റെ എതിര്‍പ്പ് വകവെക്കാതെ അവര്‍ നല്‍കിയ ബാങ്ക് ഗ്യാരണ്ടിയില്‍നിന്ന് 156 കോടി രൂപ ബിസിസിഐ. പണമാക്കി പിന്‍വലിക്കുകയും ചെയ്തു.
പുതിയ ബാങ്ക് ഗ്യാരണ്ടി ആറുമാസത്തിനുള്ളില്‍ നല്‍കാന്‍ ക്രിക്കറ്റ് ബോര്‍ഡ് കൊച്ചി ടീമിനോടാവശ്യപ്പെട്ടെങ്കിലും അതു നടന്നില്ല. പുറത്താക്കുന്നതിനുമുമ്പ് 340 കോടി രൂപ ടീം ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയിരുന്നു. എന്നാല്‍, ഇതൊന്നും കണക്കാക്കാതെയായിരുന്നു ബിസിസിഐയുടെ നടപടി. ഇതോടെ കൊച്ചി ടീം ആര്‍ബിട്രേറ്ററെ സമീപിച്ചു. ടീമില്‍ കളിച്ചവര്‍ക്ക് പ്രതിഫലം ലഭിക്കുകയുണ്ടായില്ല. ടീമിനെതിരെ കോടതിയില്‍ പോകാനാണ് ബിസിസിഐ കളിക്കാരോട് ആവശ്യപ്പെട്ടത്.
നിയമപോരാട്ടം ആരംഭിച്ച കൊച്ചിക്ക് അനുകൂലമായിരുന്നു ആര്‍ബിട്രേറ്റര്‍ വിധി. ബിസിസിഐക്ക് ആകട്ടെ കനത്ത തിരിച്ചടിയുമേറ്റു. ബിസിസിഐ കൊച്ചി ടസ്‌ക്കേഴ്‌സിന് 1080 കോടി രൂപ നല്‍കണമെന്നായിരുന്നു വിധി. അതേസമയം, നിയമപോരാട്ടം തുടരാനാണ് ബിസിസിഐ തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ ചർച്ചയും നടത്തി.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കളിക്കുന്നതുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹിയില്‍ നടന്ന സ്‌പെഷ്യല്‍ ജനറല്‍ മീറ്റിങ്ങിലാണ് കൊച്ചി ടസ്‌ക്കേഴ്‌സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബിസിസിഐ ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരി ചര്‍ച്ചക്കെടുത്തത്. ബിസിസിഐക്കെതിരായ കേസില്‍ കൊച്ചി ടീം പ്രൊമോട്ടര്‍മാര്‍ വിജയിച്ചിട്ടുണ്ടെന്നും ആര്‍ബിട്രേറ്റര്‍ വിധിപ്രകാരം ബിസിസിഐ കൊച്ചി ടസ്‌ക്കേഴ്‌സിന് 1080 കോടി രൂപ നല്‍കണമെന്നും അന്ന് അമിതാഭ് ചൗധരി മീറ്റിങ്ങിനടയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ആര്‍ബിട്രേറ്റര്‍ വിധി പ്രകാരം ബിസിസിഐ കൊച്ചി ടസ്‌ക്കേഴ്‌സിന് നല്‍കാനുള്ള 1080 കോടി രൂപ നൽകുന്ന കാര്യത്തില്‍ പല അഭിപ്രായങ്ങളും ബിസിസിഐക്കുള്ളിൽ തന്നെ ഉയർന്നുവന്നു. ബോര്‍ഡിലെ ചിലര്‍ കൊച്ചിയെ ഐപിഎല്ലില്‍ കളിക്കാന്‍ അനുവദിച്ച് നഷ്ടപരിഹാരം ഒഴിവാക്കണമെന്ന് വാദിച്ചിരുന്നു. എന്നാല്‍, അതിന് പൊതുഅംഗീകാരം ലഭിച്ചില്ല. നഷ്ടപരിഹാരം വേണ്ടെന്നും ഐപിഎല്ലില്‍ കളിക്കാന്‍ അനുവദിക്കണമെന്നുമാണ് കൊച്ചി ടസ്‌ക്കേഴ്‌സ് നിലപാടെടുത്തത്. അത് തള്ളിയ ബിസിസിഐ നിയമപോരാട്ടവുമായി മുന്നോട്ടുപോകുകയായിരുന്നു.
ഒടുക്കം കോടതിയിൽനിന്നു ബിസിസിഐക്ക് തിരിച്ചടിയേറ്റു. ആര്‍ബിട്രല്‍ ട്രൈബ്യൂണല്‍ വിധിയെ ചോദ്യം ചെയ്തുള്ള ബിസിസിഐയുടെ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. കൊച്ചി ടസ്‌കേഴ്‌സ് കേരളയ്ക്ക് 538 കോടി രൂപ നല്‍കണമെന്ന ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധി ബോംബെ ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. ജസ്റ്റിസ് ആര്‍.ഐ. ചാഗ്‌ലയുടെ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ തീരുമാനം കോടതിക്ക് റദ്ദാക്കാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കുകയും ചെയ്തു.
ഐപിഎല്ലില്‍ ഒരു സീസണ്‍ മാത്രമാണ് കൊച്ചി ടസ്ക്കേഴ്സ് കേരള കളിച്ചത്. കൊച്ചിക്കൊപ്പം പുണെ വാരിയേഴ്‌സും ലീഗില്‍ ചേര്‍ന്നതോടെ 2011 സീസണില്‍ 10 ടീമുകളാണ് ഏറ്റുമുട്ടിയത്. എട്ടാം സ്ഥാനത്താണ് ടീം ലീഗ് പൂര്‍ത്തിയാക്കിയത്. 14 മത്സരങ്ങളില്‍നിന്ന് ആറ് ജയവും എട്ട് തോല്‍വിയുമടക്കം 12 പോയന്റാണ് ടീമിന്റെ സമ്പാദ്യം. താരസമ്പന്നമായിരുന്നു കൊച്ചി. ബ്രന്‍ഡന്‍ മക്കല്ലവും ബ്രാഡ് ഹോജും രവീന്ദ്ര ജഡേജയും മുത്തയ്യ മുരളീധരനും ശ്രീശാന്തും കൊച്ചി കുപ്പായത്തില്‍ കളത്തിലിറങ്ങി.
Content Highlights: Bombay HC upholds Kochi Tuskers kerala arbitration bcci case








English (US) ·