താറാവിനെ വിട്ട് ചൈനക്കാർ പന്നിയിറച്ചിയിലേയ്ക്ക്; അടി കിട്ടിയത് ഷട്ടിൽ കോക്കിന്

5 months ago 6

ചൈനക്കാര്‍ താറാവിറച്ചി വിട്ട് പന്നിയിറച്ചി കൂടുതലായി കഴിക്കാന്‍ തുടങ്ങിയതോടെ പണി കിട്ടിയത് ഇന്ത്യയിലെ ബാഡ്മിന്റണ്‍ അക്കാദമികള്‍ക്കും പരിശീലകര്‍ക്കുമാണ്. 2024-ല്‍ എഎസ് 2 നിലവാരത്തിലുള്ള 12 എണ്ണമടങ്ങുന്ന ഒരു ഫെതര്‍ ഷട്ടില്‍കോക്ക് ട്യൂബിന്റെ വില 1200 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിന് 2700 രൂപ നല്‍കണം. അധികം വൈകാതെ മുന്‍നിര ബ്രാന്‍ഡിന്റെ പ്രീമിയര്‍ ഷട്ടിലുകളുടെ വില 3000 രൂപയിലെത്തുമെന്നാണ് ബാഡ്മിന്റണ്‍ അക്കാദമി നടത്തുന്ന പരിശീലകര്‍ പറയുന്നത്.

ചൈനയിലെ രുചി മാറ്റമാണ് ഈ വിലക്കയറ്റത്തിനു പിന്നിലെന്നതാണ് രസകരമായ കാര്യം. താറാവ് ഇറച്ചിയും വാത്ത ഇറച്ചിയും ധാരാളം കഴിക്കുന്നവരായിരുന്നു ചൈനക്കാര്‍. അതിനാല്‍ തന്നെ ഇറച്ചിക്കായി ഇവയെ വ്യാപകമായി വളര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ചൈനക്കാര്‍ താറാവിറച്ചിയേക്കാള്‍ ഇപ്പോള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് പന്നിയിറച്ചിയാണ്. ഇതോടെ താറാവുകളെയും വാത്തകളെയും ആളുകള്‍ വളര്‍ത്താതെയായി. ഇത് ഷട്ടില്‍കോക്ക് നിര്‍മിക്കാനുള്ള തൂവലുകളുടെ ക്ഷാമത്തിനും കാരണമായെന്ന് ഫ്രഞ്ച് മാധ്യമം ലാ എക്യുപ് റിപ്പോര്‍ട്ട് ചെയ്തു.

താരതമ്യേന വിലകുറഞ്ഞ ഷട്ടില്‍കോക്കുകള്‍ നിര്‍മിക്കാനാണ് താറാവിന്റെ തൂവലുകള്‍ ഉപയോഗിക്കുന്നത്. വാത്ത തൂവലുകള്‍ക്ക് അവയുടെ കരുത്തുറ്റ തണ്ടും ഈടുനില്‍പ്പും വായുവിലൂടെയുള്ള സുഗമമായ സഞ്ചാരവും കാരണം വില കൂടുതലാണ്. നല്ല സാമ്പത്തിക സ്ഥിതിയുള്ളവര്‍ മാത്രമാണ് ഇവ ഉപയോഗിക്കുന്നത്. ചൈനയിലെ ചെറുകിട ഫാക്ടറികള്‍ ഇവയുടെ മാംസം എടുത്ത ശേഷം തൂലവുകള്‍ ഷട്ടില്‍ കോക്കുകളുടെ നിര്‍മാണത്തിനായി നല്‍കാറാണ് പതിവ്. മാംസത്തിനായി വളര്‍ത്തുന്ന പക്ഷികളെ തൂവലിന് മാത്രമായി വളര്‍ത്താന്‍ സാധിക്കില്ലല്ലോ.

തുവലുകള്‍ക്ക് കടുത്ത ക്ഷാമം നേരിട്ടതോടെ കഴിഞ്ഞ 16 മാസമായി ഇറക്കുമതി ചെയ്യുന്ന ഫെതര്‍ ഷട്ടില്‍കോക്കുകളുടെ വില ക്രമാനുഗതമായി വര്‍ധിക്കുകയാണ്. പരിശീലകര്‍ക്ക് നല്‍കുന്ന ശമ്പളത്തിന് തുല്യമാണ് ഇപ്പോള്‍ ഷട്ടില്‍കോക്കുകള്‍ വാങ്ങുന്ന തുകയെന്ന് ചെന്നൈയിലെ ഒരു ബാഡ്മിന്റണ്‍ അക്കാദമി ഉടമ പറയുന്നു. കൂടുതല്‍ പണം നല്‍കാന്‍ തയ്യാറായാല്‍ പോലും ഇവ ലഭിക്കാനും ഇപ്പോള്‍ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചൈനയില്‍ പന്നിയിറച്ചിക്ക് പ്രിയമേറിയതോടെ ഫാമുകളില്‍ താറാവുകളുടെയും വാത്തകളുടെയും എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നതെന്ന് ഫ്രഞ്ച് മാധ്യമം പറയുന്നു. തായ്ലന്‍ഡ്, മലേഷ്യ എന്നീ രാജ്യങ്ങളും താറാവിറച്ചി കഴിക്കുന്നതില്‍ മുമ്പരാണ്. എന്നാല്‍ താറാവുകളുടെ ലഭ്യതയും ചെലവുകുറവും ഉത്പാദനത്തില്‍ അവരുടെ കുത്തകയ്ക്ക് കാരണമായി. മുന്‍നിര കമ്പനികളായ യോണെക്‌സിന്റെയും ലി നിങ്ങിന്റെയും 90 ശതമാനം ഫാക്ടറികളും ചൈനയിലാണ്.

Content Highlights: Badminton shuttlecock prices skyrocket arsenic China`s penchant shifts from duck to pork

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article