'തിര'യുടെ സംവിധായകനില്‍നിന്ന്, ദൈവത്തിന്റെ 'കരം'; വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ ഇവാന്‍ ആശാനും?

5 months ago 5

karam trailer

ട്രെയ്‌ലറിൽനിന്ന്‌ | Photo: Screen grab/ Saregama Malayalam

ആകാംക്ഷ നിറയ്ക്കുന്നതും രക്തരൂക്ഷിതവുമായ ഒട്ടേറെ രംഗങ്ങളുമായി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'കരം' സിനിമയുടെ അമ്പരപ്പിക്കുന്ന ട്രെയ്‌ലര്‍ പുറത്ത്. വിനീത് തന്റെ സ്ഥിരം ശൈലി വിട്ട് ഒരു ആക്ഷന്‍ ത്രില്ലറുമായാണ് എത്തുന്നത് എന്നാണ് ട്രെയ്‌ലര്‍ സൂചന നല്‍കുന്നത്. തോക്കുമേന്തി നില്‍ക്കുന്ന നടന്‍ നോബിള്‍ ബാബുവിന്റേതായി എത്തിയ പോസ്റ്റര്‍ മുമ്പ് വൈറലായിരുന്നു. ഇപ്പോഴിതാ ട്രെയ്‌ലറും ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. കിടിലന്‍ ആക്ഷന്‍ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും മനോഹരമായ ദൃശ്യമികവുമായാണ് ചിത്രമെത്തുന്നതെന്നാണ് മനസ്സിലാക്കാനാകുന്നത്. സെപ്റ്റംബര്‍ 25-നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്.

തന്റെ ഏഴാമത്തെ ചിത്രമാണെങ്കിലും, മറ്റ് ചിത്രങ്ങളേക്കാളുപരി 'തിര'യുടെ സംവിധായകന്‍ എന്ന വിശേഷണത്തിനാണ് ട്രെയ്‌ലറില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ട്രെയിലര്‍ റിലീസായതോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ മുന്‍ പരിശീലകന്‍ ഇവാന്‍ വുകമനോവിച്ച് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

'ഹൃദയം', 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്ന് നിര്‍മിക്കുന്നതാണ് ചിത്രം. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. 'ആനന്ദം', 'ഹെലന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് വിനീത് വീണ്ടും നിര്‍മാതാവിന്റെ കുപ്പായമണിയുന്നത്. ചിത്രത്തില്‍ നായകനായെത്തുന്നത് നോബിള്‍ ബാബുവാണ്. 'തിര'യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലര്‍ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.

മെറിലാന്‍ഡ് 1955-ല്‍ പുറത്തിറക്കിയ 'സിഐഡി' മലയാളത്തിലെ തന്നെ ആദ്യം ക്രൈം ത്രില്ലര്‍ സിനിമയായിരുന്നു. ഈ ചിത്രം എഴുപത് വര്‍ഷം തികയുന്ന വേളയിലാണ് ഒരു ത്രില്ലര്‍ സിനിമയുമായി വീണ്ടും മെറിലാന്‍ഡ് എത്തുന്നത്. പ്രണയത്തിനും സൗഹൃദത്തിനും കുടുംബ ബന്ധങ്ങള്‍ക്കും ഒക്കെ പ്രാധാന്യം നല്‍കുന്ന സിനിമകളാണ് വിനീത് സംവിധാനംചെയ്ത ചിത്രങ്ങളില്‍ കൂടുതലും. ത്രില്ലര്‍ സിനിമയുമായി വിനീത് എത്തുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്.

വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ജോര്‍ജിയ, റഷ്യയുടെയും അസര്‍ബൈജാന്റേയും അതിര്‍ത്തികള്‍ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂര്‍ത്തിയായിരിക്കുന്നത്. 2024 ഏപ്രില്‍ മുതല്‍ ഒരു വര്‍ഷമെടുത്താണ് ലൊക്കേഷന്‍ കണ്ടെത്തി പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നത്. ഷിംല, ഛണ്ഡീഗഡ് എന്നിവിടങ്ങളില്‍ അഞ്ചുദിവസത്തെ ഷൂട്ടിങ് നടന്നിരുന്നു. ഒറ്റ ദിവസത്തെ ഷൂട്ടിങ് മാത്രമാണ് കേരളത്തില്‍ (കൊച്ചി) നടക്കുകയുണ്ടായത്.

ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയില്‍ ഷാന്‍ റഹ്‌മാനാണ് സംഗീതം. തട്ടത്തിന്‍ മറയത്ത്, തിര, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിനീതിനൊപ്പം ജോമോനും ഷാനും വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്. രഞ്ജന്‍ എബ്രഹാമാണ് എഡിറ്റിങ്. നായകനായ നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. 'ജേക്കബിന്റെ സ്വര്‍ഗരാജ്യം' നിര്‍മിച്ച നോബിള്‍ ബാബു ഹെലന്റെ രചയിതാക്കളില്‍ ഒരാളായിരുന്നു, അഭിനയിച്ചിട്ടുമുണ്ട്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാര്‍. മനോജ് കെ. ജയന്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിഷ്ണു ജി. വാരിയര്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സിനിമയുടെ ഓവര്‍സീസ് വിതരണ അവകാശം ഫാര്‍സ് ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്.

സംവിധായകന്‍ കെ. മധുവിന്റെ മകള്‍ പാര്‍വതി കെ. മധുവും മരുമകന്‍ മാധവ് രമേശുമാണ് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍മാര്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ശ്രാവണ്‍ കൃഷ്ണകുമാര്‍. മാക്ക് ഈറാക്ലി മക്കത്സാറീയ (മാക്ക് പ്രൊഡക്ഷന്‍സ്) ആണ് ജോര്‍ജിയയിലെ ലൈന്‍ പ്രൊഡ്യൂസര്‍.

വസ്ത്രാലങ്കാരം: മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജീവ് ചന്ദിരൂര്‍, ക്രിയേറ്റീവ് ഡയറക്ടര്‍: ഷാരൂഖ് റഷീദ്, സംഘട്ടനം: ലസാര്‍ വര്‍ദുകദ്‌സെ, നോബിള്‍ ബാബു തോമസ്, ഈറാക്ലി സബനാഡ്‌സെ, പ്രൊഡക്ഷന്‍ ഡിസൈനര്‍: വിനോദ് രവീന്ദ്രന്‍, കലാസംവിധാനം: അരുണ്‍ കൃഷ്ണ, മേക്കപ്പ്: മനു മോഹന്‍, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍: അഭയ് വാരിയര്‍, സ്റ്റില്‍സ്: അനൂപ് ചാക്കോ, ഫിനാന്‍സ് കണ്‍ട്രോള്‍: വിജേഷ് രവി, ടിന്‍സണ്‍ തോമസ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Content Highlights: Karam Trailer: Vineeth Sreenivasan`s Action Thriller

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article