പ്രിയദർശന്റെ 'കടത്തനാടൻ അമ്പാടി'യുടെ ഷൂട്ടിങ് ഹൈദരാബാദിൽ നടക്കുന്ന കാലം. മോഹൻലാലാണ് ചിത്രത്തിലെ നായകനെങ്കിലും മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രേംനസീറാണ്. ഫൈറ്റ് മാസ്റ്റർ ത്യാഗരാജനും. ഇരുനൂറോളം സിനിമകളിൽ പ്രേംനസീറിന് വേണ്ടി ആക്ഷൻ രംഗങ്ങളിൽ ഡ്യൂപ്പായി പ്രവർത്തിച്ചത് ത്യാഗരാജനാണ്. ഫൈറ്റ് രംഗങ്ങളിൽ ഡ്യൂപ്പിനെ പരമാവധി ഉപയോഗിച്ച നടനായിരുന്നു നസീർ. അതിന് രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്നാമതായി അപകടമുള്ള പണിക്കൊന്നും നസീർ നിൽക്കാറില്ല. മറ്റൊന്ന് ഡ്യുപ്പുകൾക്ക് കിട്ടുന്ന പ്രതിഫലം താൻ കാരണം ഇല്ലാതെയാവരുത് എന്ന നല്ല മനസ്സും.
ഇങ്ങനെയൊക്കെയാണെങ്കിലും നന്നായി കുതിരയെ ഓടിക്കാൻ നസീർ പരിശീലിച്ചിരുന്നു. വടക്കൻപാട്ട് ചിത്രങ്ങളിൽ കുതിരയെ ഓടിക്കുന്ന പല രംഗങ്ങളും ഡ്യൂപ്പില്ലാതെയാണ് അദ്ദേഹം ചെയ്തത്. എങ്കിലും അപകടകരമായ രംഗങ്ങളെല്ലാം തന്നെ നസീർ ഡ്യൂപ്പിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്. കടത്തനാടൻ അമ്പാടിയിൽ അഭിനയിക്കുമ്പോൾ നസീറിന് അൻപത്തിയഞ്ച് വയസ്സിന് മുകളിൽ പ്രായമുണ്ട്. ത്യാഗരാജന്റെ ഗ്രൂപ്പിലുള്ളവരാണ് അക്കാലത്ത് നസീറിന് വേണ്ടി ഡ്യൂപ്പായി പ്രവർത്തിച്ചത്. അമ്പാടിയുടെ ഷൂട്ടിങ് കാലത്ത് നസീർ ത്യാഗരാജനോട് പറഞ്ഞു: 'പ്രിയന്റെ സിനിമയോടെ ഞാൻ അഭിനയം നിർത്തുകയാണ് ത്യാഗരാജൻ. മുപ്പത്തിയഞ്ച് വർഷം കഴിഞ്ഞില്ലേ ഈ വണ്ടി ഓടാൻ തുടങ്ങിയിട്ട്.'
'അഭിനയം നിർത്തിയിട്ട് സാർ എന്ത് ചെയ്യാനാ...?'
'ത്യാഗരാജനോട് ഞാൻ മുൻപ് പറഞ്ഞതാണ്. സിനിമയിൽ തുടങ്ങിയ ജീവിതമാണ് എന്റേത്.
അത് സിനിമയിൽ തന്നെ അവസാനിക്കണമെന്നാണ് ആഗ്രഹം. ഒരു സിനിമ സംവിധാനം ചെയ്യണമെന്നുണ്ട്. അത് വർഷങ്ങളായുള്ള എന്റെ സ്വപ്നമാണ്.'

ഷൂട്ടിങ് കഴിഞ്ഞുള്ള ആ രാത്രി ഏറെ നേരം നസീറിന്റെ മുറിയിലായിരുന്നു ത്യാഗരാജൻ. സിനിമ സംവിധാനം ചെയ്യുക എന്നതിനപ്പുറം സിനിമയിലെ പലരും തന്നോട് കാണിച്ച നെറികേടുകളെക്കുറിച്ച് അന്നാണ് ത്യാഗരാജനോട് നസീർ മനസ്സ് തുറന്നത്. 'നമ്മൾ നിറഞ്ഞുനിൽക്കുന്ന കാലത്തെ സിനിമയ്ക്ക് നമ്മളെ ആവശ്യമുണ്ടാവൂ. അത് കഴിഞ്ഞാൽ പിന്നെ വേണ്ട.'
'സാറിന് വിഷമമുണ്ടാക്കുന്ന അനുഭവം?'
'അത്, കുറെയൊക്കെ ത്യാഗരാജനറിയാമല്ലോ. അത്തരം അനുഭവങ്ങൾ ഇനിയും ഉണ്ടായേക്കാം.'നസീറിന്റെ മനസ്സ് അത്രത്തോളം വേദനിച്ചു കണ്ട മറ്റൊരു സന്ദർഭം ത്യാഗരാജന്റെ ജീവിതത്തിലുണ്ടായിട്ടില്ല. അദ്ദേഹം കൂടുതൽ വിഷമിക്കാതിരിക്കാൻ സംസാരം മറ്റു കാര്യങ്ങളിലേക്ക് വഴിതിരിച്ചുവിട്ടെങ്കിലും നസീറിന്റെ മനസ്സ് മുറിവേറ്റ അനുഭവത്തിൽ തന്നെയായിരുന്നു. അക്കാലത്ത് നസീറിന്റെ താരപ്രഭാവത്തിനും കുറച്ചൊക്കെ മങ്ങലേറ്റു തുടങ്ങിയിരുന്നു.
മുപ്പതു വർഷങ്ങൾ അതിരും എതിരുമില്ലാത്ത നായകനായിരുന്ന അദ്ദേഹത്തിന് എൺപതുകളുടെ തുടക്കത്തോടെ ചിത്രങ്ങൾ കുറഞ്ഞു വരികയുണ്ടായി. അതുവരെയും 'താരം' തന്നെയായിരുന്നു നസീർ. ആ താരപീഠത്തിൽ നിന്നിറങ്ങാനും നസീറിന്റ മനസ്സ് അനുവദിച്ചിരുന്നില്ല എന്നതാണ് സത്യം.
പക്ഷേ, എക്കാലവും താരമായി തുടരുകയെന്നത് അസാധ്യമായ കാര്യമാണെന്നുള്ളതും നസീറിന് നസീറിന് കഴിഞ്ഞിരുന്നു. പുതിയ തലമുറ വന്നപ്പോൾ ആ യാഥാർഥ്യം മനസ്സിലാക്കി അദ്ദേഹം ശാന്തനായി പടികളിറങ്ങി. അവശേഷിച്ച മോഹമായിരുന്നു ഒരു സിനിമ സംവിധാനം ചെയ്യുക എന്നത്. അതേക്കുറിച്ച് ആ രാത്രി ത്യാഗരാജനോട് കുറെയധികം നസീർ സംസാരിച്ചു. 'ഞാൻ സംവിധാനം ചെയ്യാൻ പോകുന്ന പടത്തിലും ഫൈറ്റ് മാസ്റ്ററായി ത്യാഗരാജൻ എന്നോടൊപ്പമുണ്ടാവണം.' എന്ന് പറഞ്ഞാണ് നസീർ സംസാരം അവസാനിപ്പിച്ചത്. കടത്തനാടൻ അമ്പാടിയുടെ ഷൂട്ടിങ് പുരോഗമിക്കവേയാണ് നസീർ കുതിരപ്പുറത്തു നിന്ന് വീണത്. ആ വീഴ്ചയിൽ അദ്ദേഹത്തിന്റെ കൈവിരൽ പൊട്ടി. കടുത്ത വേദന സഹിച്ചുകൊണ്ട് വിഷമത്തോടെ അദ്ദേഹം ത്യാഗരാജന്റെ മുഖത്തേക്ക് നോക്കി. നസീറിന്റെ സിനിമാ ജീവിതത്തിൽ അങ്ങനെയൊരനുഭവം ആദ്യത്തേതായിരുന്നു. വലിയ ഫൈറ്റുകളിൽ പോലും അദ്ദേഹത്തിന്റെ ശരീരത്തിൽ ഒരു പോറൽപോലും ഏൽക്കാതെയാണ് ത്യാഗരാജൻ സംരക്ഷിച്ചത്. പക്ഷേ, ഈ വീഴ്ച എങ്ങനെ സംഭവിച്ചുവെന്ന് ത്യാകരാജനറിയില്ല. ഒന്നുറപ്പാണ്, ആ ചിത്രീകരണത്തിലും നസീറിന്റെ മനസ്സ് മറ്റെന്തൊക്കയോ വിഷമങ്ങളിലായിരുന്നുവെന്ന് ത്യാഗരാജന് ഉറപ്പുണ്ട്. ഷൂട്ടിങ് കഴിഞ്ഞ് പോവാൻ നേരം നസീർ പറഞ്ഞു.
'ത്യാഗരാജൻ... ഇനി നമ്മൾ തമ്മിൽ അധികം കണ്ടെന്ന് വരില്ല.'
'അങ്ങനെയൊന്നും പറഞ്ഞുപോവരുത് സാർ. നമ്മൾ തമ്മിൽ ഇനിയും കാണും. ഒരുപാട്.'
നസീർ പറഞ്ഞപോലെ, ഏറെ നാളായുള്ള അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു ഒരു സിനിമ സംവിധാനം ചെയ്യുകയെന്നത്. സ്ക്രിപ്റ്റ് റെഡിയായിരുന്നു. അതിനുവേണ്ടി പല സൂപ്പർ താരങ്ങളോടും അദ്ദേഹം ലൊക്കേഷനിൽ നേരിട്ട് ചെന്ന് ഡേറ്റ് ചോദിക്കുകയുണ്ടായി. 'തിരക്കിലാണ് സാർ.' എല്ലാവരുടെയും മറുപടി ഒരേപോലെ ആയിരുന്നു. ആ തിരക്കിന്റെ അർത്ഥം നസീറിന് മനസ്സിലാകാഞ്ഞിട്ടല്ല. പക്ഷേ, അദ്ദേഹമത് ആരോടും തുറന്നുപറഞ്ഞില്ലന്നേയുള്ളൂ. എത്രയോ പുതുമുഖ സംവിധായകർക്ക് അവസരങ്ങൾ നൽകിയ നടനാണ് നസീർ. താനഭിനയിച്ച ഒരു സിനിമ പരാജയപ്പെട്ടാൽ അതിന്റെ നിർമ്മാതാവിനെയും സംവിധായകനെയും വിളിച്ച് അടുത്ത പടത്തിന് ഡേറ്റും സാമ്പത്തിക സഹായവും നൽകി അവരെ കൈപിടിച്ചുയർത്തിയ ചരിത്രമാണ് നസീറിന്റേത്. പുതുമുഖ നടന്മാരെയൊക്കെ വലിയ പരിഗണനകളോടെയാണ് അദ്ദേഹം ചേർത്തുനിർത്തിയത്. എന്നിട്ടും നസീർ തഴയപ്പെടുകയായിരുന്നു. കോഴിക്കോട്ടെ ഒരു സിനിമാ ലൊക്കേഷനിൽ ഒരു സൂപ്പർതാരത്തെ കണ്ട് ഡേറ്റ് വാങ്ങിക്കാൻ രണ്ടുതവണ അദ്ദേഹം വന്നു. നിരാശയായിരുന്നു ഫലം. മടങ്ങുമ്പോൾ ത്യാഗരാജൻ നസീറിനോട് പറഞ്ഞു: 'സാറിന് പണത്തിന് പ്രയാസമുണ്ടെങ്കിൽ എന്റെ വീടും സ്ഥലവും വിറ്റിട്ടാണെങ്കിലും ഞാൻ സാറിനൊപ്പം നിൽക്കാം. പക്ഷേ, ഡേറ്റിനായി ഇനി ഇവന്മാരുടെ അടുത്തേക്ക് സാർ വരരുത്.'
'ഇല്ല ത്യാഗരാജൻ ഇനി ഞാൻ വരില്ല.'ഇത്രയും പറഞ്ഞാണ് അന്ന് പ്രേംനസീർ മടങ്ങിയത്. അന്ന്, നസീറിനെ ഒഴിവാക്കിയ സൂപ്പർ താരത്തോട് ത്യാഗരാജൻ ചോദിച്ചു:'എന്തുകൊണ്ട് നസീർ സാറിന് ഡേറ്റ് കൊടുത്തില്ല?'
'ചുമ്മാതിരി മാസ്റ്റർ, ആ ഓൾഡ്മാന്റെ കൈയിൽ ഒരു പഴഞ്ചൻ കഥയുണ്ട്. അതുവെച്ച് സംവിധാനം ചെയ്യണമെന്ന് പറഞ്ഞാൽ നമുക്ക് വേറെയെന്തെല്ലാം പണിയുണ്ട്.' എന്നാണ്. പിന്നീടൊരിക്കൽ മാത്രമേ ത്യാഗരാജൻ നസീറിനെ കണ്ടുള്ളൂ. അപ്പോൾ പ്രേംനസീർ എന്ന മലയാളത്തിന്റെ ഇതിഹാസതാരം അവസാനത്തെ ഉറക്കത്തിലായിരുന്നു. ഡേറ്റ് നൽകാതെ നസീറിനെ കയ്യൊഴിഞ്ഞ സൂപ്പർ താരങ്ങളെല്ലാം ഷർട്ടിൽ കറുത്തശീലയും കുത്തി ആദരാഞലികൾ അർപ്പിക്കാനെത്തിയിരുന്നു. അപ്പോഴും ത്യാഗരാജൻ ഓർത്തത് നസീറിന്റെ വാക്കുകളാണ്: 'ഇല്ല ത്യാഗരാജൻ.. ഇനി ഞാൻ വരില്ല.'
ഇന്ന്, രണ്ടോ മൂന്നോ ചിത്രങ്ങളിലഭിനയിച്ച നടന്മാരുടെ അഹങ്കാരം കാണുമ്പോൾ ത്യാഗരാജന്റെ മനസ്സിൽ ആദ്യം തെളിയുന്നത് പ്രേംനസീറിന്റെ മുഖമാണ്. സംവിധായകനോടും നിർമ്മാതാക്കളോടും നടീനടന്മാരോടും കാണിക്കുന്ന അതേ സ്നേഹം സെറ്റിലെ ലൈറ്റ് ബോയിയോട് വരെ കാണിച്ചിരുന്ന മനുഷ്യസ്നേഹിയായിരുന്നു നസീർ. നൂറു കണക്കിനാളുകൾ അദ്ദേഹത്തോട് സഹായം ചോദിച്ച് വരുന്നത് പല ലൊക്കേഷനിൽ വെച്ചും ത്യാഗരാജൻ കണ്ടിട്ടുണ്ട്. ഒരാളെപ്പോലും അദ്ദേഹം വെറുംകയ്യോടെ മടക്കിയയച്ചിട്ടില്ല. ആ മനുഷ്യന്റെ സഹായത്താൽ സിനിമയിലും ജീവിതത്തിലും പച്ചപിടിച്ചുപോയവർ നിരവധിയാണ്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ചിരിച്ചുകൊണ്ട് സ്നേഹവും സഹായങ്ങളും കൈമാറിയ ആ വലിയ മനുഷ്യനെ ത്യാഗരാജന് എങ്ങനെ മറക്കാനാവും?
(തുടരും)
Content Highlights: A poignant relationship of Prem Nazir`s last years, his unfulfilled dream, and the respect helium commanded.
ABOUT THE AUTHOR
എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·