Published: November 29, 2025 01:22 PM IST
1 minute Read
റാഞ്ചി ∙ ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ തോൽവിയുടെ മുറിപ്പാടുകൾ മായിച്ച് വിജയ പ്രതാപത്തിലേക്ക് തിരിച്ചെത്താനൊരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് മുൻപിൽ ഇനി ഏകദിന പരീക്ഷണം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ 3 മത്സര പരമ്പരയ്ക്ക് നാളെ റാഞ്ചിയിൽ തുടക്കമാകും.
25 വർഷത്തിനുശേഷം ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് പരമ്പര വിജയിച്ചതിന്റെ ആവേശത്തിലാണ് ദക്ഷിണാഫ്രിക്ക അടുത്ത പരമ്പരയ്ക്കിറങ്ങുന്നത്. ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കഴിഞ്ഞ 2 പരമ്പരകളിലെ വിജയത്തിലാണ് ഇന്ത്യയുടെ ആത്മവിശ്വാസം. വ്യാഴാഴ്ച റാഞ്ചിയിലെത്തിയ ഇന്ത്യൻ ടീം ഇന്നലെ സ്റ്റേഡിയത്തിൽ കഠിന പരിശീലത്തിലായിരുന്നു. വിരാട് കോലിയും രോഹിത് ശർമയും ഏറെ നേരം നെറ്റ്സിൽ ബാറ്റ് ചെയ്തു.
പരുക്കേറ്റ ശുഭ്മൻ ഗില്ലിന് പകരം കെ.എൽ.രാഹുലിന് കീഴിലിറങ്ങുന്ന ഇന്ത്യൻ ടീമിൽ ടെസ്റ്റ് പരമ്പര കളിച്ച 8 താരങ്ങൾ മാത്രമാണുള്ളത്. ജസ്പ്രീത് ബുമ്രയ്ക്കും മുഹമ്മദ് സിറാജിനും വിശ്രമം അനുവദിച്ചതോടെ അർഷ്‍ദീപ് സിങ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പേസ് ബോളിങ്ങിലെ പ്രതീക്ഷകൾ. വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ അഭാവത്തിൽ മധ്യനിര ബാറ്ററായി തിലക് വർമയും ടീമിലുണ്ട്.
ജയ്സ്വാളിന് അവസരംവിവിധ ഫോർമാറ്റുകളിലായി ഇന്ത്യൻ ടീമിനൊപ്പം 52 മത്സരങ്ങൾ കളിച്ച യശസ്വി ജയ്സ്വാളിന് ഇതുവരെ ഒരു ഏകദിനത്തിൽ മാത്രമാണ് ഓപ്പണറായി ഇറങ്ങാനായത്. ഇന്ത്യൻ ടോപ് ഓർഡറിലെ പ്രതിഭകളുടെ കൂട്ടയിടിയായിരുന്നു അതിനു കാരണം.
ശുഭ്മൻ ഗില്ലിന് പരുക്കേറ്റതോടെ രോഹിത് ശർമയ്ക്കൊപ്പം ജയ്സ്വാൾ ഈ പരമ്പരയിൽ ബാറ്റിങ് ഓപ്പണറായെത്തും. 2 വർഷത്തിനുശേഷം ഏകദിന ടീമിൽ തിരിച്ചെത്തിയ ഋതുരാജ് ഗെയ്ക്‌വാദാണ് ബാക്കപ് ഓപ്പണർ. ക്യാപ്റ്റൻ കെ.എൽ.രാഹുലും വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തും പ്ലേയിങ് ഇലവനിൽ ഒന്നിച്ചുണ്ടാകുമോ എന്നതിലാണ് ആകാംക്ഷ.
English Summary:








English (US) ·