Published: May 31 , 2025 04:30 PM IST Updated: June 01, 2025 12:51 AM IST
1 minute Read
കാന്റർബറി (ഇംഗ്ലണ്ട്)∙ ഒരു ഇടവേളയ്ക്കു ശേഷം ദേശീയ ടീമിൽ തിരിച്ചെത്തിയതിന്റെ സന്തോഷം ഇരട്ട സെഞ്ചറിയോടെ കരുൺ നായർ ആഘോഷിച്ചു. ഇന്ത്യ– ഇംഗ്ലണ്ട് 5 മത്സര ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി നടക്കുന്ന ഇന്ത്യ എ– ഇംഗ്ലണ്ട് ലയൺസ് അനൗദ്യോഗിക ടെസ്റ്റിലാണ് കരുൺ (204) ഇരട്ട സെഞ്ചറി കുറിച്ചത്. കരുണിന്റെ ഇരട്ട സെഞ്ചറിക്കരുത്തിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ എ 557 റൺസ് നേടി. കരുണിനു പുറമേ സർഫറാസ് ഖാൻ (92), ധ്രുവ് ജുറേൽ (94) എന്നിവരും ഇന്ത്യ എയ്ക്കായി തിളങ്ങി.
രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 237 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട് ലയൺസ്. സെഞ്ചറിയുമായി ഓപ്പണർ ടോം ഹെയ്ൻസും (147 പന്തില് 103), അർധ സെഞ്ചറിയുമായി മാക്സ് ഹോൾഡനും (61 പന്തിൽ 64) പുറത്താകാതെ നിൽക്കുന്നു. എമിലിയോ ഗേയും (46), ബെൻ മകിന്നിയുമാണ് (16) ഇംഗ്ലണ്ട് നിരയില്‍ ശനിയാഴ്ച പുറത്തായത്. അൻഷൂൽ കാംബോജും ഹർഷ് ദുബെയുമാണു വിക്കറ്റുകൾ വീഴ്ത്തിയത്.
നേരത്തെ, 3ന് 409 എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യ എയ്ക്ക് നാലാം വിക്കറ്റിൽ 195 റൺസ് കൂട്ടിച്ചേർത്ത കരുൺ– ജുറേൽ സഖ്യമാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഇരുവരും പുറത്തായതിനു പിന്നാലെ വാലറ്റത്ത് പ്രതിരോധം തീർത്ത ഹർഷ് ദുബെ (32), അൻഷുൽ കാംബോജ് (23), ഹർഷിത് റാണ (16) എന്നിവർ ചേർന്ന് ടീം സ്കോർ 557ൽ എത്തിച്ചു.
ഇംഗ്ലണ്ട് എയ്ക്കായി ജോഷ് ഹൾ, സമാൻ അക്തർ എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലയൺസിന് തുടക്കത്തിൽ തന്നെ ഓപ്പണർ ബെൻ മകിനീയെ (16) നഷ്ടമായി. കാംബോജിനായിരുന്നു വിക്കറ്റ്. രണ്ടാം വിക്കറ്റിൽ 72 റൺസ് കൂട്ടിച്ചേർത്ത ഹൈനസ്– ഗേ സഖ്യമാണ് ഇംഗ്ലണ്ട് ലയൺസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
English Summary:








English (US) ·