Published: October 17, 2025 10:55 PM IST
1 minute Read
തിരുവനന്തപുരം ∙ സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെ തൃശൂർ മാജിക് എഫ്സിക്ക് ജയം. തിരുവനന്തപുരം കൊമ്പൻസിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തൃശൂർ മാജിക് എഫ്സി തോൽപ്പിച്ചത്. ആദ്യ പകുതിയിൽ ബ്രസീൽ താരം മെയ്ൽസൻ ആൽവേസാണ് ഗോൾ നേടിയത്. തൃശൂരിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. കഴിഞ്ഞ മത്സരത്തിൽ തൃശൂർ ഏകപക്ഷീയമായ ഒരു ഗോളിന് കാലിക്കറ്റ് എഫ്‌സിയെ പരാജയപ്പെടുത്തിയിരുന്നു. 3 കളികളിൽ 2 ജയവുമായി 6 പോയിന്റോടെ തൃശൂർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. രണ്ടാം തോൽവി വഴങ്ങിയ കൊമ്പൻസ് 3 കളികളിൽ ഒരു ജയവുമായി 3 പോയിന്റോടെ 5–ാം സ്ഥാനത്താണ്.
മഴയിൽ കുതിർന്ന ഗ്രൗണ്ടിൽ കൊമ്പൻസിന്റെ ആക്രമണത്തോടെയായിരുന്നു തുടക്കം. കൊമ്പൻസിന് 10 മിനിറ്റിനുള്ളിൽ മൂന്നു കോർണറുകൾ ലഭിച്ചെങ്കിലും ഗോൾ നേടാനായില്ല. എട്ടാം മിനിറ്റിൽ കൊമ്പൻസിന്റെ ബ്രസീൽ താരം റൊണാൾഡ് കോസ്റ്റയെ തൃശൂരിന്റെ തേജസ് കൃഷ്ണ ബോക്സിൽ വീഴ്ത്തിയെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല. 12 ാം മിനിറ്റിൽ കളിഗതിക്ക് വിപരീതമായി തൃശൂരിന്റെ ഗോൾ. എസ്.കെ.ഫയസിന്റെ കോർണർ കിക്ക് ബോക്സിൽ ഘാനതാരം ഫ്രാൻസിസ് ആഡോ ഹെഡ് ചെയ്തു നൽകിയത് നായകൻ മെയ്ൽസൻ ആൽവേസ് വലയിലെത്തിച്ചു.
23 ാം മിനിറ്റിൽ കൊമ്പൻസിന്റെ അണ്ടർ 23 താരം മുഹമ്മദ് അസ്‌ഹർ ഇടതു വിങിലൂടെ മുന്നേറി രണ്ട് എതിരാളികളെ ഡ്രിബിൾ ചെയ്ത ശേഷം തൊടുത്ത ഷോട്ട് തേജസ് കൃഷ്ണയുടെ മുഖത്ത് തട്ടി പുറത്ത് പോയി. 38 ാം മിനിറ്റിൽ കൊമ്പൻസിന് വീണ്ടും അവസരം. റൊണാൾഡ് മക്കാലിസ്റ്റർ ബോക്സിന് പുറത്ത് നിന്ന് പായിച്ച ഷോട്ട് തൃശൂരിന്റെ അണ്ടർ 23 ഗോൾ കീപ്പർ കമാലുദീൻ രക്ഷപ്പെടുത്തി. ബ്രസീലിയൻ താരങ്ങളായ റൊണാൾഡ് മക്കാലിസ്റ്റർ, പൗലോ വിക്ടർ എന്നിവരെ മുൻനിർത്തി തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ലക്ഷ്യം കാണാതെ പോയപ്പോൾ കൊമ്പൻസിന് ഹോം ഗ്രൗണ്ടിൽ സീസണിലെ രണ്ടാം തോൽവി.
English Summary:








English (US) ·