Published: December 04, 2025 03:56 AM IST
1 minute Read
തിരുവനന്തപുരം∙ വിജയവും സെമി ഫൈനൽ ടിക്കറ്റും ഉറപ്പിച്ചു നിന്ന തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ എക്സ്ട്രാ ടൈമിലെ ഇരട്ട ഗോളിലൂടെ തകർത്ത് നിലവിലെ ചാംപ്യൻമാരായ കാലിക്കറ്റ് എഫ്സി (2–1). 16–ാം മിനിറ്റിൽ ബ്രസീലിയൻ താരം പൗലോ വിക്ടർ ലിമ സിൽവ നേടിയ ഗോളിലൂടെ അവസാനം വരെ പിടിച്ചു നിന്ന കൊമ്പൻസിനെ സെബാസ്റ്റ്യൻ റിങ്കൻസും മുഹമ്മദ് അജ്സലും ചേർന്നാണ് എക്സ്ട്രാ ടൈം ഗോളുകളിലൂടെ തകർത്തത്. 12 പോയിന്റുമായി നാലാം സ്ഥാനത്തുള്ള കൊമ്പൻസിന്റെ സെമി പ്രവേശം ഇന്ന് നടക്കുന്ന മലപ്പുറം എഫ്സി–ഫോഴ്സ കൊച്ചി മത്സരത്തെ ആശ്രയിച്ചിരിക്കും. തിരുവനന്തപുരത്തിന്റെ തോൽവിയോടെ കണ്ണൂർ സെമിയുറപ്പിച്ചു.
ജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ കൊമ്പൻസിനായി തുടർച്ചയായ രണ്ടാം മത്സരത്തിലും പൗലോ വിക്ടർ സ്കോർ ചെയ്യുകയായിരുന്നു. തുടർന്ന് ഗോൾ വഴങ്ങാതെയും പ്രത്യാക്രമണത്തിലൂടെയും കൊമ്പൻസ് വിജയത്തിന്റെ പടിവാതിൽക്കൽ എത്തി. എക്സ്ട്രാ ടൈമിന്റെ അഞ്ചാം മിനിറ്റിൽ ഫൗൾ രൂപത്തിൽ പക്ഷേ, നിർഭാഗ്യമെത്തി. സെബാസ്റ്റ്യൻ റിങ്കനെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിനു ലഭിച്ച പെനൽറ്റി അദ്ദേഹം തന്നെ ഗോളാക്കി. അതോടെ പതറിയ കൊമ്പൻസിനെ അവസാന മിനിറ്റിൽ കാലിക്കറ്റ് അക്ഷരാർഥത്തിൽ ഞെട്ടിച്ചു. സെബാസ്റ്റ്യൻ റിങ്കന്റെ ഫ്രീകിക്ക് മുഹമ്മദ് അജ്സൽ ഹെഡറിലൂടെ വലയിലെത്തിച്ചു. പിന്നാലെ ഫൈനൽ വിസിൽ മുഴങ്ങിയതോടെ പ്രതീക്ഷയുടെ കൊടുമുടിയിലായിരുന്ന കൊമ്പൻസ് ആരാധകർ നിരാശയുടെ പടുകുഴിയിലായി.
മലപ്പുറത്തിന് പ്രതീക്ഷ
മലപ്പുറം ∙ സൂപ്പർ ലീഗ് കേരളയിൽ അവസാന ഗ്രൂപ്പ് മത്സരത്തിന് ഇന്ന് ഫോഴ്‌സ കൊച്ചിക്കെതിരെ തോൽക്കാതിരുന്നാൽ മലപ്പുറം എഫ്സി സെമിയിലെത്തും. നിലവിൽ 11 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മലപ്പുറം എഫ്സി. 12 പോയിന്റുമായി തിരുവനന്തപുരം നാലാമതും. ഇന്ന് ജയിച്ചാൽ പോയിന്റ് പട്ടികയിൽ മൂന്നാംസ്ഥാനക്കാരായി മലപ്പുറം സെമിയിലെത്തും. സമനിലയെങ്കിൽ ഇരു ടീമുകളും പോയിന്റ് നിലയിൽ ഒപ്പത്തിനൊപ്പം. എങ്കിലും ഗോൾ വ്യത്യാസത്തിലെ മേൽക്കൈയിൽ മലപ്പുറം സെമിയിലെത്തും.
English Summary:









English (US) ·