
തിലകൻ,മമ്മൂട്ടി,കലാഭവൻ മണി,മോഹൻലാൽ | photo: comyan
തിരുവനന്തപുരം: 'അവസാന റൗണ്ടിൽ ബച്ചനും തച്ചനും'- പത്രത്തിൽ വന്ന ഈ തലക്കെട്ടുപോലെ സിനിമാ പ്രേമികളിൽ ഉദ്വേഗം നിറഞ്ഞുനിന്ന സമയം. ആകാംക്ഷയോടെ മലയാളികൾ 1990-ലെ ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം കാത്തിരുന്നു. കാരണം 'പെരുന്തച്ചനി'ലൂടെ തിലകന് മികച്ച നടനുള്ള അവാർഡ് കിട്ടുമെന്നതിൽ അത്രയ്ക്ക് പ്രതീക്ഷയായിരുന്നു. 'അളന്നുമുറിച്ച' അഭിനയ മികവിൽ തച്ചന് എതിരുനിൽക്കാൻ ആരുമില്ല എന്നതരത്തിലായിരുന്നു വാർത്തകളും. കൂടാതെ ജൂറിയിൽ മലയാളിയായ ഷാജി എൻ. കരുണും ഉണ്ട്.
ക്ലൈമാക്‌സിൽ പക്ഷേ, 'അളവെടുപ്പിന്റെ മുഴക്കോൽ' ചതിച്ചു. അവാർഡ് പ്രഖ്യാപിച്ചപ്പോൾ 'അഗ്നിപഥ്' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ അമിതാഭ് ബച്ചൻ മികച്ച നടൻ! പെരുന്തച്ചനെ മറികടന്ന് അവാർഡ് കൊണ്ടുപോയത് മുംബൈ അധോലോകത്തിന്റെ കഥപറഞ്ഞ കച്ചവട സിനിമയിലൂടെ. പെരുന്തച്ചനിലൂടെ അജയന് നവാഗത സംവിധായകനും സന്തോഷ് ശിവന് മികച്ച ഛായാഗ്രാഹകനുമുള്ള പുരസ്കാരം കിട്ടിയെങ്കിലും ചിത്രത്തിന്റെ 'നെടുംതൂണായ' തച്ചൻ തഴയപ്പെട്ടത് ചർച്ചയായി. നടൻ അശോക് കുമാർ ചെയർമാനും ഭൂപൻ ഹസാരിക ഉൾപ്പെടെ അംഗങ്ങളുമായ ജൂറി ഉത്തരേന്ത്യൻ ലോബി കളിച്ചതാണെന്ന ആരോപണം തൊട്ടുപിന്നാലെ പുകഞ്ഞു. അവസാനനിമിഷം 'ചതിയുടെ ഉളി'യെറിഞ്ഞതാണെന്ന് തിലകനും വിശ്വസിച്ചു.
(അവാർഡ് പ്രഖ്യാപനത്തിന്റെ അവസാന ഘട്ടത്തിൽ കടുത്ത സമ്മർദമുണ്ടായിരുന്നതായി ഒരു ജൂറിയംഗം വർഷങ്ങൾക്കിപ്പുറം തന്നോടു തുറന്നുപറഞ്ഞതായി പിന്നീട് തിലകൻ വെളിപ്പെടുത്തിയിട്ടുണ്ട്). അവാർഡ് പ്രഖ്യാപനത്തിനു പിന്നാലെ ആകെ നിരാശനായ തിലകനെ ഒടുവിൽ ചിത്രത്തിന്റെ സംവിധായകൻ അജയൻ ഫോൺവിളിച്ച് ആശ്വസിപ്പിക്കേണ്ടിവന്നു. അജയൻ ഇത്രയേ പറഞ്ഞുള്ളൂ: ‘‘കൊച്ചനെ തച്ചൻ ചതിച്ചാൽ, തച്ചനെ ബച്ചൻ ചതിക്കും!’’
ചന്തുവും സേതുവും നേർക്കുനേർ
ദേശീയ അവാർഡ് പ്രഖ്യാപനത്തിന്റെ പിന്നാമ്പുറത്തേക്ക് വെട്ടമടിച്ചാൽ സ്‌ക്രീനിൽ തെളിയാത്ത പല കഥകളും വെളിപ്പെടും. 1989-ൽ വടക്കൻ വീരഗാഥയിലെ ചന്തുവിലൂടെ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി നേടിയത് ഒരു തർക്കത്തിനും ഇടനൽകാത്ത അഭിനയ മികവിലൂടെയായിരുന്നു. പക്ഷേ, ആ അവാർഡ് നിർണയത്തിലുമുണ്ടായിരുന്നു ചർച്ചകളും തർക്കങ്ങളും. അവസാന റൗണ്ടിൽ മമ്മൂട്ടിക്കൊപ്പം മത്സരിച്ചത് സാക്ഷാൽ മോഹൻലാൽ ആയിരുന്നു. കിരീടം, സീസൺ തുടങ്ങി വ്യത്യസ്തമായ ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹൻലാലിനെ പരിഗണിക്കണമെന്ന് ജൂറിയിൽ ഒരു വിഭാഗം വാദിച്ചു. എങ്കിലും 'ചന്തുവിനെ തോൽപ്പിക്കാനായില്ല'. വടക്കൻവീരഗാഥയ്ക്കു പുറമേ മതിലുകളും മൃഗയയുമൊക്കെയായി മമ്മൂട്ടി ബലാബലം നിന്നു. ഒടുവിൽ ജൂറിയിലുണ്ടായിരുന്ന കെ.ജി. ജോർജിന്റെ കാസ്റ്റിങ് വോട്ടിലാണ് മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്.
ഗ്ളാമർ കൂടിപ്പോയ അരയൻ
1991-ലും ഇതേപടി മമ്മൂട്ടിയും ലാലും മുഖാമുഖം വന്നു. 'അമര'ത്തിലെ അച്ചൂട്ടിയും 'ഭരത'ത്തിലെ ഗോപിനാഥനും പ്രകടനംകൊണ്ട് ജൂറിയെ ഞെട്ടിച്ചു. പക്ഷേ, മികച്ച നടനുള്ള പുരസ്‌കാരം മോഹൻലാലിനായിരുന്നു. കടലിൽ പോകുന്ന അരയനായ അച്ചൂട്ടിക്ക് മേക്കപ്പും ഗ്ലാമറും കൂടിപ്പോയി എന്നായിരുന്നു ജൂറിയുടെ പ്രധാന വിലയിരുത്തൽ. മമ്മൂട്ടിക്ക് 'സൗന്ദര്യം ഒരു ശാപ'മായി മാറിയ അപൂർവ സന്ദർഭം!
ടിവിക്കു മുന്നിൽ തലചുറ്റിവീണ കലാഭവൻ മണി
2000-ലെ ദേശീയ അവാർഡ് പ്രഖ്യാപനത്തിന്റെ തലേന്ന് പടക്കം പൊട്ടീരും സദ്യ ഒരുക്കലുമൊക്കെയായി ചാലക്കുടിയാകെ ആഘോഷമയം. 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രത്തിലെ അഭിനയത്തിന് കലാഭവൻ മണിക്ക് ദേശീയ അവാർഡ് ഉറപ്പാണെന്ന് വിശ്വസിച്ച് നാട്ടുകാർ ആഘോഷമാക്കിയതാണ്.
അടുത്ത ദിവസം മണി ടിവിക്കു മുന്നിൽ അവാർഡ് പത്രസമ്മേളനം കാണാനിരുന്നത് കുടുംബത്തിനും ചാലക്കുടിക്കാർക്കുമൊപ്പമായിരുന്നു. ആകാംക്ഷയ്ക്ക് വിരാമമിട്ട് മികച്ച നടനെ പ്രഖ്യാപിച്ചു-'വാനപ്രസ്ഥ'ത്തിലൂടെ മോഹൻലാൽ മികച്ച നടൻ. പറഞ്ഞുതീരും മുൻപേ മണിക്ക് തലചുറ്റി. പ്രതീക്ഷയുടെ കൊടുമുടിയിൽനിന്ന് നിരാശയുടെ പടുകുഴിയിലേക്ക്. മണിക്ക് സ്പെഷ്യൽ ജൂറി അവാർഡ് പ്രഖ്യാപിച്ചതുപോലും ആ കോലാഹലത്തിനിടെ ആരും കേട്ടില്ല. 'വാസന്തിയും ലക്ഷ്മിയും' എന്ന ഒരു കൊച്ചു സിനിമ കേരളത്തിൽ സൂപ്പർഹിറ്റായി ഓടിയപ്പോൾ ഇതിന് അവാർഡ് ഉറപ്പ് എന്ന് മണിയെ സ്നേഹിക്കുന്നവർ പറഞ്ഞിരുന്നു. ''ആ അവാർഡ് പ്രഖ്യാപനത്തിന് തലേനാൾ എത്രമാത്രം സന്തോഷത്തോടെ മണി ചിരിച്ചുവോ അതിന്റെ നൂറിരട്ടി വേദനയോടെ കരയുന്നതു കണ്ടപ്പോൾ ഞാനും വല്ലാതെ പതറിപ്പോയി'' - വിനയൻ പറഞ്ഞു.
Content Highlights: malayalam actors who mislaid nationalist movie grant successful past circular competion
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·