Published: January 17, 2026 08:21 AM IST
1 minute Read
മുംബൈ∙ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മാറ്റങ്ങളുമായി ബിസിസിഐ. ട്വന്റി20 ലോകകപ്പിനു മുൻപുള്ള ടീം ഇന്ത്യയുടെ അവസാന പരമ്പരയ്ക്ക് ഫെബ്രുവരി ഏഴിനാണു തുടക്കമാകുന്നത്. പരുക്കേറ്റ വാഷിങ്ടൻ സുന്ദറിനും തിലക് വർമയ്ക്കും പകരം രവി ബിഷ്ണോയിയും ശ്രേയസ് അയ്യരും ടീമിലെത്തി. ശ്രേയസ് അയ്യരെ ആദ്യ മൂന്നു മത്സരങ്ങളിൽ മാത്രമാണ് കളിപ്പിക്കുക. അവസാന രണ്ട് ട്വന്റി20കളിൽ തിലക് വർമ ടീമിലെത്തും. അതേസമയം രവി ബിഷ്ണോയി പരമ്പരയിലെ എല്ലാ മത്സരങ്ങളും കളിക്കും.
ലോകകപ്പിൽ തിലക് വർമയും വാഷിങ്ടൻ സുന്ദറും തന്നെ ഇന്ത്യൻ ടീമിൽ കളിക്കുമെന്നാണു വിവരം. ‘‘ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രി വിട്ട തിലക് വർമ ഇപ്പോൾ ഹൈദരാബാദിൽ വിശ്രമത്തിലാണ്. താരത്തിന്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ട്. അതിന് അനുസരിച്ചാകും അവസാന ട്വന്റി20 മത്സരങ്ങളിൽ കളിക്കുന്ന കാര്യം തീരുമാനിക്കുക’’–ബിസിസിഐ വ്യക്തമാക്കി.
അതേസമയം തിലക് വർമ പൂർണമായും ഫിറ്റ്നസിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ ലോകകപ്പിൽ ശ്രേയസ് അയ്യരെ പരിഗണിക്കാനും സാധ്യതയുണ്ട്. ന്യൂസീലൻഡിനെതിരായ ഒന്നാം ഏകദിനത്തിനിടെ വാരിയെല്ലിനു പരുക്കേറ്റ വാഷിങ്ടൻ സുന്ദറിനെ സ്കാനിങ്ങിനു വിധേയനാക്കിയിരുന്നു. കുറച്ചു ദിവസത്തെ വിശ്രമത്തിനു ശേഷം താരം ബിസിസിഐ ‘സെന്റർ ഓഫ് എക്സലൻസിൽ’ പരിശീലനം തുടങ്ങും.
ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ട്വന്റി20 ടീം– സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ്കീപ്പർ), ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ,ശിവം ദുബെ,അക്ഷര്‍ പട്ടേൽ (വൈസ് ക്യാപ്റ്റൻ), റിങ്കുസിങ്, ജസ്പ്രീത് ബുമ്ര, ഹര്‍ഷിത് റാണ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഇഷാൻ കിഷൻ, രവി ബിഷ്ണോയി.
English Summary:








English (US) ·