തീകൊണ്ട് കളിച്ചാൽ പൊള്ളും, ദീപിക JNU സന്ദർശിച്ചത് അവിടുത്തെ രാഷ്ട്രീയം അറിയാതെ -വിവേക് അ​ഗ്നിഹോത്രി

7 months ago 7

Vivek Agnihotri and Deepika Padukone

സംവിധായകൻ വിവേക് അ​ഗ്നിഹോത്രി, ദീപികാ പദുക്കോൺ ജെഎൻയുവിലെ വിദ്യാർത്ഥികൾക്കൊപ്പം | ഫോട്ടോ: PTI

2020-ൽ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ നടി ദീപികാ പദുക്കോൺ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി സന്ദർശിച്ചതിനെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ച് സംവിധായകൻ വിവേക് അ​ഗ്നിഹോത്രി. ജെഎൻയുവിലെ രാഷ്ട്രീയത്തെക്കുറിച്ച് ​ദീപികയ്ക്ക് എന്തെങ്കിലും അറിയാമെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ശുഭാങ്കർ മിശ്രയുടെ പോഡ്കാസ്റ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു വിവേക് അ​ഗ്നിഹോത്രി.

ജെഎൻയുവിലെ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിൽ ചേരാൻ ദീപികയെ അവരുടെ പിആർ ടീം പ്രേരിപ്പിച്ചതാകാം എന്ന് അഗ്നിഹോത്രി അവകാശപ്പെട്ടു. ദീപിക അവിടെ പോയപ്പോൾ ജെഎൻയു രാഷ്ട്രീയത്തെക്കുറിച്ച് യാതൊരു ധാരണയും അവർക്കുണ്ടായിരുന്നില്ലെന്ന് തനിക്ക് ഉറപ്പുതരാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നടിക്ക് വേണ്ടത്ര ബുദ്ധിയില്ലെന്നാണോ സംവിധായകൻ ഉദ്ദേശിക്കുന്നതെന്ന് അവതാരകൻ മറുചോദ്യം ഉന്നയിച്ചു. ഇത് മണ്ടത്തരത്തെക്കുറിച്ചുള്ള കാര്യമല്ലെന്നായിരുന്നു വിവേക് അ​ഗ്നിഹോത്രി ഇതിനോട് പ്രതികരിച്ചത്.

"സർവ്വകലാശാല രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലും സിനിമയും രാഷ്ട്രീയമായതിനാലും സിനിമ പ്രൊമോട്ട് ചെയ്യാൻ ഇത് നല്ല അവസരമാണെന്ന് അവരുടെ പിആർ ടീം അവരോട് പറഞ്ഞിട്ടുണ്ടാവാം. ജെഎൻയുവിലെ രാഷ്ട്രീയത്തേക്കുറിച്ച് അറിയുമായിരുന്നെങ്കിൽ അവർ അവിടെ ഒരിക്കലും വരില്ലായിരുന്നു. രാഷ്ട്രീയവുമായി ബന്ധപ്പെടുന്നത് ഒഴിവാക്കാനാവാത്ത അപകടങ്ങൾക്ക് ഇടയാക്കും. തീകൊണ്ട് കളിച്ചാൽ പൊള്ളും." സംവിധായകൻ തുടർന്നു.

"സിനിമയുടെ പ്രൊമോഷൻ സമയത്ത്, എന്തുചെയ്യണമെന്നും ആരോട് സംസാരിക്കണമെന്നും താരങ്ങളോട് പറയാൻ ധാരാളം ആളുകളുണ്ടാകും. പക്ഷേ ഇവിടെ ദീപികയുടെ പിആർ ടീമിന് തെറ്റുപറ്റി. അവരതിനെ ഒരു പരിപാടിയായി കണക്കാക്കി. പക്ഷേ അതൊരു പരിപാടിയായിരുന്നില്ല. അവരെക്കാൾ വലിയ ആളുകൾ രാഷ്ട്രീയത്തിൽ ഇടപെട്ട് പൊള്ളിപ്പോയിട്ടുണ്ട്," അ​ഗ്നിഹോത്രി കൂട്ടിച്ചേർത്തു.

ജെഎൻയുവിൽ പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ വിദ്യാർത്ഥി പ്രക്ഷോഭം നടക്കുമ്പോൾ ദീപിക നായികയായ ഛപാക് എന്ന ചിത്രം റിലീസിനൊരുങ്ങുകയായിരുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ച മാൽതി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിച്ചത്. ഈ ചിത്രത്തിന്റെ പ്രചാരണപരിപാടികൾക്കിടെയാണ് വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ദീപികാ പദുക്കോൺ എത്തിയത്. ഇതിനെയാണിപ്പോൾ വിവേക് അ​ഗ്നിഹോത്രി വിമർശിച്ചത്.

'ദി ബം​ഗാൾ ഫയൽസ്' ആണ് വിവേക് അ​ഗ്നിഹോത്രി സംവിധാനം ചെയ്ത് പുറത്തിറങ്ങാനുള്ളത്. അനുപം ഖേർ, മിഥുൻ ചക്രവർത്തി, പല്ലവി ജോഷി, ദർശൻ കുമാർ, പുനീത് ഇസ്സാർ, ശശ്വത ചാറ്റർജി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സെപ്റ്റംബർ അഞ്ചിനായിരിക്കും ചിത്രം റിലീസ് ചെയ്യുക.

Content Highlights: Vivek Agnihotri defends Deepika Padukone`s JNU visit, suggesting her PR squad misguided her

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article