Published: May 17 , 2025 04:19 PM IST
1 minute Read
ലക്നൗ∙ യുവപേസർ മയങ്ക് യാദവ് പരുക്കേറ്റു പുറത്തായതിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ രൂക്ഷവിമർശനം. പരുക്കിന്റെ പിടിയിലായ മയങ്ക് ഫിറ്റ്നസ് ‘തെളിയിച്ച്’ ഐപിഎലിലേക്കു തിരിച്ചുവന്നെങ്കിലും രണ്ടു മത്സരങ്ങൾക്കു ശേഷം വീണ്ടും പരുക്കേറ്റു പുറത്തായി. ന്യൂസീലൻഡ് പേസർ വില്യം ഒറൂകിനെ മയങ്കിനു പകരക്കാരനായി ലക്നൗ ടീമിലെത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ മയങ്ക് പരുക്കു കാരണം ഏറെക്കാലം പുറത്തിരുന്ന ശേഷമാണ് വീണ്ടും ഐപിഎലിൽ മടങ്ങിയെത്തിയത്.
മയങ്കിനെ ഐപിഎൽ കളിപ്പിക്കേണ്ടതിനാൽ താരത്തിന്റെ ഫിറ്റ്നസ്‍ പൂർണമായും വീണ്ടെടുക്കുന്നതിൽ ബിസിസിഐയുടെ ‘സെന്റർ ഓഫ് എക്സലൻസും’ ഐപിഎൽ ഫ്രാഞ്ചൈസിയും കൃത്യമായ രീതികൾ പിന്തുടർന്നില്ലെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ലക്നൗവിൽ ചേരുന്നതിനു മുൻപ് താരത്തിന്റെ ശരീരത്തിൽ വീണ്ടും ചെറിയ പരുക്കു കണ്ടെത്തിയിരുന്നു. എന്നാൽ ക്ലബ്ബ് ഇതു ഗൗരവമായി എടുത്തില്ലെന്നാണു പരാതി.
ബിസിസിഐയുടെ പരിശീലന കേന്ദ്രത്തിലുണ്ടായിരുന്ന മയങ്ക് മാർച്ച് അവസാനം മാത്രമാണ് കുറച്ചു നേരമെങ്കിലും പന്തെറിയാൻ തുടങ്ങിയത്. 10–12 സെഷനുകൾക്കു ശേഷം താരത്തിന് ഐപിഎൽ കളിക്കാൻ അനുമതി ലഭിക്കുകയായിരുന്നു. മയങ്ക് യാദവ് 80–85 ശതമാനം ഫിറ്റാണെന്നു മാത്രമേ പറയാൻ സാധിക്കൂവെന്ന് ബിസിസിഐയിലെ ഒരു പ്രതിനിധി ദേശീയ മാധ്യമത്തോടു വെളിപ്പെടുത്തി. ലക്നൗ സൂപ്പർ ജയന്റ്സിന്റെ ഭാഗത്തുനിന്നുള്ള സമ്മർദത്തെ തുടർന്നാണു താരത്തിന് കളിക്കാൻ അനുമതി ലഭിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്.
മയങ്ക് യാദവിന്റെ നടുവിനാണ് ഇപ്പോൾ പരുക്കുള്ളത്. ലക്നൗവിന്റെ കണ്ടെത്തലായ മയങ്കിനെ മെഗാലേലത്തിനു മുൻപേ ടീം നിലനിർത്തിയിരുന്നു. പതിവായി 150 കിലോമീറ്ററിനു മുകളിൽ വേഗതയിൽ പന്തെറിഞ്ഞിരുന്ന മയങ്ക് തിരിച്ചുവരവിൽ അപൂര്‍വമായാണ് 140 വേഗത പിന്നിട്ടത്. കഴിഞ്ഞ വർഷം ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലാണ് മയങ്ക് ഇന്ത്യയ്ക്കായി അരങ്ങേറിയത്. താരത്തെ ടെസ്റ്റിലേക്കു പരിഗണിക്കാനിരിക്കുന്നതിനിടെയാണു പരുക്കു വില്ലനായെത്തിയത്.
English Summary:








English (US) ·