തീരുമാനങ്ങളും കൂട്ടുകെട്ടുകളും പാളി; എല്ലാവരും മറന്നു, ഒപ്പം നിന്നത് പന്ത് മാത്രം; അർജുനൊപ്പമുള്ള വളർച്ച കണ്ട സച്ചിനും പിന്തുണച്ചു: പൃഥ്വി ഷാ

6 months ago 7

മുംബൈ∙ ജീവിതത്തിൽ കൈക്കൊണ്ട ചില തീരുമാനങ്ങളും ചേർത്തുപിടിച്ചിരുന്ന ചില കൂട്ടുകെട്ടുകളും പൂർണമായും പാളിപ്പോയെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷാ. കരിയറിന്റെ നിർണായക ഘട്ടത്തിൽ നിൽക്കെ ക്രിക്കറ്റിനെ മറന്ന് മറ്റു വഴികളിലേക്ക് പോയതാണ് ജീവിതത്തിൽ തിരിച്ചടിയായതെന്ന് പൃഥ്വി ഷാ വെളിപ്പെടുത്തി. ഒരു ദിവസം പകുതിയിലേറെ സമയം ഗ്രൗണ്ടിൽ ചെലവഴിച്ചിരുന്ന തനിക്ക്, പിന്നീട് അതിന്റെ പകുതി സമയം പോലും ക്രിക്കറ്റിനായി മാറ്റിവയ്ക്കാനായില്ലെന്ന് പൃഥ്വി ഷാ പറഞ്ഞു. ജീവിതത്തിലെ ദുർഘട സന്ധിയിൽ എല്ലാവരും മറന്നപ്പോൾ, കൂടെനിന്നത് ഋഷഭ് പന്തും മുൻ താരം സച്ചിൻ തെൻഡുൽക്കറുമാണെന്നും പൃഥ്വി ഷാ വെളിപ്പെടുത്തി.

‘‘ജീവിതത്തിൽ ഞാൻ കൈക്കൊണ്ട ചില തീരുമാനങ്ങളിൽ വൻ പാളിച്ച സംഭവിച്ചു. ക്രിക്കറ്റിനായി ഞാൻ കണ്ടെത്തിയിരുന്ന സമയം കുത്തനെ ഇടിഞ്ഞു. 2023 വരെ ഒരു ദിവസത്തിന്റെ പകുതിയും ഞാൻ ചെലവഴിച്ചിരുന്നത് ഗ്രൗണ്ടിലാണ്. അതിനു ശേഷം എന്റെ ശ്രദ്ധ മാറി. തെറ്റായ കാര്യങ്ങളിലേക്ക് വഴിമാറിയതോടെ പ്രാധാന്യം അതിനായി’ – പൃഥ്വി ഷാ പറഞ്ഞു.

‘‘ഇതിനിടയിൽ എന്റെ സൗഹൃദങ്ങളിലും പാളിച്ച സംഭവിച്ചു. എന്റെ കൂട്ടുകെട്ടുകൾ മോശമായിപ്പോയി. ആ സമയത്ത് കരിയറിന്റെ ഔന്നത്യത്തിലായിരുന്നു ഞാൻ. അതുകൊണ്ട് സ്വാഭാവികമായും കൂട്ടുകെട്ടുകൾ വർധിച്ചു. അതോടെ ഞാൻ ക്രിക്കറ്റിൽനിന്ന് വഴിമാറി നടക്കാൻ തുടങ്ങി. ഒരു ദിവസം ക്രിക്കറ്റിനായി എട്ടു മണിക്കൂർ വരെ മാറ്റിവച്ചിരുന്നത് കുത്തനെ ഇടിഞ്ഞ് വെറും നാലു മണിക്കൂറായി ചുരുങ്ങി’ – പൃഥ്വി ഷാ പറഞ്ഞു.

ഇതിനിടയിൽ കുടുംബത്തിൽ സംഭവിച്ച ചില കാര്യങ്ങളും കരിയറിനെ ബാധിച്ചതായി പ‍ൃഥ്വി ഷാ വെളിപ്പെടുത്തി. ‘‘ഇതിനെല്ലാം പുറമേ വേറെയും കാര്യങ്ങളുണ്ട്. അത് എന്റെ ഭാഗത്തുനിന്ന് വന്ന പിഴവുകളിൽ മാത്രം ഒതുങ്ങില്ല. കുടുംബത്തിലും ചില പ്രശ്നങ്ങളുണ്ടായി. എന്റെ പിതാവിന്റെ അച്ഛൻ മരണപ്പെട്ടു. അദ്ദേഹവുമായി എനിക്ക് വലിയ അടുപ്പമുണ്ടായിരുന്നു. ഇതിനെല്ലാം പുറമേ, പുറത്തു പറയാൻ പറ്റാത്ത മറ്റു പ്രശ്നങ്ങളുമുണ്ടായി. അതെല്ലാം എന്റേതു മാത്രമായ പ്രശ്നങ്ങളാണ്’ – പൃഥ്വി ഷാ പറഞ്ഞു.

‘‘എനിക്കു സംഭവിച്ച പാളിച്ചകൾ ഞാൻ തുറന്നു സമ്മതിക്കുന്നു. പക്ഷേ, ഇതിനിടയിലും എന്റെ പിതാവ് ഉറച്ച പിന്തുണ തന്ന് കൂടെ നിന്നു. ഞാൻ കടന്നുപോയത് എത്ര ദുർഘടമായ വഴിയിലൂടെയായിരുന്നെങ്കിലും അദ്ദേഹം ഒപ്പം വന്നു. എന്റെ ജീവിതത്തിന്റെ രണ്ടു വശങ്ങളും അടുത്തുനിന്ന് കണ്ട വ്യക്തിയാണ് അദ്ദേഹം’ – പൃഥ്വി ഷാ പറഞ്ഞു.

ജീവിതത്തിലെ മോശം കാലഘട്ടത്തിൽ ഇന്ത്യൻ ടീമിലെ സുഹൃത്തുക്കൾ കൂട്ടത്തോടെ മാറിനിന്നപ്പോൾ, വിളിച്ച് അന്വേഷിക്കാനും പിന്തുണയ്ക്കാനും ആകെയുണ്ടായിരുന്നത് ഋഷഭ് പന്ത് മാത്രമാണെന്നും പൃഥ്വി ഷാ വെളിപ്പെടുത്തി. സച്ചിൻ തെൻഡുൽക്കർ നൽകിയ ഉറച്ച പിന്തുണയ്ക്കും പൃഥ്വി ഷാ നന്ദി പറഞ്ഞു.

‘‘ഈ ഘട്ടങ്ങളിലെല്ലാം ഋഷഭ് പന്ത് സ്ഥിരമായി എന്നെ വിളിക്കുമായിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടെന്ന തോന്നലുണ്ടായാൽ പന്ത് അപ്പോൾത്തന്നെ എന്നെ വിളിച്ച് സംസാരിക്കും. സച്ചിൻ തെൻഡുൽക്കറാണ് എന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്തിയ മറ്റൊരാൾ. എന്റെ ബുദ്ധിമുട്ടുകൾ അദ്ദേഹം മനസ്സിലാക്കിയിരുന്നു. അർജുൻ തെൻഡുൽക്കറിനൊപ്പം എന്റെ വളർച്ചയും അടുത്തുനിന്ന് കണ്ട വ്യക്തിയാണ് അദ്ദേഹം. അവരുടെ വീട്ടിലും ഞാൻ പോയിട്ടുണ്ട്’ – പൃഥ്വി ഷാ പറഞ്ഞു.

‘‘ഇപ്പോൾ ഞാൻ പിഴവുകളെല്ലാം തിരുത്തി തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. ഏറെക്കുറെ ട്രാക്കിലായിക്കഴിഞ്ഞു. ക്രിക്കറ്റിന്റെ അടിസ്ഥാന പാഠങ്ങിലേക്കാണ് മടക്കം. അഞ്ച് വർഷം മുൻപ് കരിയറിനായി ഞാൻ എത്രമാത്രം കഠിനാധ്വാനം ചെയ്തിരുന്നോ, അതേ ശൈലിയിലാണ് ഇപ്പോൾ കഠിനാധ്വാനം ചെയ്യുന്നത്. എനിക്ക് ഇപ്പോഴും ആത്മവിശ്വാസമുണ്ട്. മറ്റുള്ളവരിൽ ആരൊക്കെ എന്നെ വിശ്വസിക്കുമെന്ന് അറിയില്ല. പക്ഷേ എനിക്ക് എന്നിൽ വിശ്വാസമുണ്ട്. ലക്ഷ്യത്തിലേക്ക് തിരിച്ചെത്തേണ്ടത് എങ്ങനെയെന്ന് നല്ല ബോധ്യവുമുണ്ട്. അതുകൊണ്ടാണ് ഈ തിരിച്ചുവരവിനുള്ള ശ്രമം’– ഷായുടെ വാക്കുകൾ.

‘‘എന്റെ പിതാവ് പറഞ്ഞ ഒരു കാര്യമാണ് മനസ്സിൽ. പൃഥ്വി ഷായ്ക്ക് ഒരു തിരിച്ചുവരവുണ്ടെങ്കിൽ അതിന് പൃഥ്വി ഷാ തന്നെ വിചാരിച്ചേ പറ്റൂ. മറ്റാര് അതിനായി ശ്രമിച്ചിട്ടും കാര്യമില്ല. അതുകൊണ്ട് മറ്റെല്ലാം മാറ്റിവച്ച് ഞാൻ ഒരു തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്’ – പൃഥ്വി ഷാ പറഞ്ഞു.

English Summary:

Prithvi Shaw reveals however 'wrong friends' derailed him, and the lone Indian cricketer who helped him

Read Entire Article