'തീര്‍ത്തും ദൗര്‍ഭാഗ്യകരം'; ലോര്‍ഡ്‌സ് ടെസ്റ്റിലെ സിറാജിന്റെ പുറത്താകലിനെക്കുറിച്ച് ചാള്‍സ് രാജാവ്

6 months ago 8

16 July 2025, 10:49 AM IST

king-charles-meets-indian-cricket-teams

Photo: PTI

ലണ്ടന്‍: ലോര്‍ഡ്‌സില്‍ നടന്ന ഇന്ത്യ - ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ അവസാന ദിനം മുഹമ്മദ് സിറാജിന്റെ പുറത്താകലിനെ 'തീര്‍ത്തും ദൗര്‍ഭാഗ്യകരം' എന്ന് വിശേഷിപ്പിച്ച് ചാള്‍സ് രാജാവ്. ചൊവ്വാഴ്ച ക്ലാരന്‍സ് ഹൗസില്‍ ഇന്ത്യന്‍ പുരുഷ - വനിതാ ക്രിക്കറ്റ് ടീമുകളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കു ശേഷം ശുഭ്മന്‍ ഗില്ലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണർ വിക്രം ദൊരൈസ്വാമി, ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുജിത് ഘോഷ്, കോണ്‍ഗ്രസ് രാജ്യസഭാ എംപിയും ബിസിസിഐ വൈസ് പ്രസിഡന്റുമായ രാജീവ് ശുക്ല, സെക്രട്ടറി ദേവജിത് സൈകിയ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ഇംഗ്ലണ്ടില്‍ ആദ്യ ടി20 പരമ്പര വിജയം നേടിയ ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള വനിതാ ടീം, ആതിഥേയര്‍ക്കെതിരേ 3-2ന് വിജയിച്ച ശേഷം ഏകദിന പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ്. ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പുരുഷ ടീം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 2-1ന് പിന്നിലാണ്.

ലോര്‍ഡ്‌സ് ടെസ്റ്റിന്റെ അഞ്ചാം ദിനം മുഹമ്മദ് സിറാജ് വിചിത്രമായ രീതിയില്‍ പുറത്തായതിനെക്കുറിച്ച് ചാള്‍സ് രാജാവ് സംസാരിച്ചതായി ഗില്‍ പറഞ്ഞു. അവസാന ബാറ്റര്‍ പുറത്തായ രീതി വളരെ നിര്‍ഭാഗ്യകരമായിപ്പോയെന്ന് അദ്ദേഹം പറഞ്ഞതായി ഗില്‍ വ്യക്തമാക്കി. ബാറ്റര്‍ പ്രതിരോധിച്ച പന്ത് പിന്നീട് ഉരുണ്ട് വിക്കറ്റിലേക്ക് പോയപ്പോള്‍ മനസില്‍ എന്താണ് തോന്നിയതെന്നും അദ്ദേഹം ഗില്ലിനോട് ചോദിച്ചു. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഇത് നിര്‍ഭാഗ്യകരമായ മത്സരമായിരുന്നുവെന്ന് ഗില്‍ അദ്ദേഹത്തോടു പറഞ്ഞു. രണ്ടു ടീമുകള്‍ക്കും ഒരുപോലെ സാധ്യതയുണ്ടായിരുന്ന മത്സരമായിരുന്നു. അടുത്ത രണ്ടു മത്സരങ്ങളിലും കൂടുതല്‍ മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയും തങ്ങള്‍ അദ്ദേഹവുമായി പങ്കുവെച്ചെന്നും ഗില്‍ വ്യക്തമാക്കി.

ദക്ഷിണേഷ്യയിലെ ദാരിദ്ര്യം, അസമത്വം, അനീതി എന്നിവ പരിഹരിക്കുന്നതിനായി ചാള്‍സ് രാജാവ് സ്ഥാപിച്ച ചാരിറ്റിയായ ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റാണ് കൂടിക്കാഴ്ചയ്ക്ക് ആതിഥേയത്വം വഹിച്ചത്.

Content Highlights: King Charles met with the Indian men`s and women`s cricket teams, calling Siraj`s dismissal

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article