ബോളിവുഡിലും തെലുങ്ക് സിനിമയിലും സജീവമായ നടി രാകുൽ പ്രീത് സിംഗ് തന്റെ കരിയർ അഭിലാഷങ്ങൾ തുറന്നുപറഞ്ഞു. സിനിമാ ജീവിതത്തിൽ ഇതുവരെ പൂർണവും ഹൃദയസ്പർശിയുമായ ഒരു തീവ്ര പ്രണയകഥയിൽ അഭിനയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അത്തരമൊരു ചിത്രത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞു.
ചരിത്ര പശ്ചാത്തലത്തിലുള്ള സിനിമകളിലും ഹൊറർ ചിത്രങ്ങളിലും ഇതുവരെ കാര്യമായി പരീക്ഷണം നടത്തിയിട്ടില്ലെന്നും ഈ വിഭാഗങ്ങളിലും വ്യത്യസ്ത വേഷങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും രാകുൽ വ്യക്തമാക്കി. പതിവ് കഥാപാത്രങ്ങളിൽ നിന്ന് മാറി, അഭിനയശേഷിയെ വെല്ലുവിളിക്കുന്ന തിരക്കഥകൾ തിരഞ്ഞെടുക്കുകയാണ് ഇനി ലക്ഷ്യമെന്നും അവർ പറഞ്ഞു.
വലിയ ബാനറുകളേക്കാളും സിനിമയുടെ വിഭാഗത്തേക്കാളും താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിനാണ് ഇനി പ്രാധാന്യം നൽകുന്നതെന്നും രാകുൽ പറഞ്ഞു. സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുക എന്നതിലുപരി, ഒരു അഭിനേത്രിയെന്ന നിലയിൽ മാനസികമായി ഉത്തേജിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന വേഷങ്ങളാണ് തേടുന്നതെന്നും താരം വ്യക്തമാക്കി.
അതേസമയം, നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണം’ എന്ന ചിത്രത്തിൽ ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗ് എത്തുന്നുണ്ട്. രൺബീർ കപൂർ രാമനായും സായ് പല്ലവി സീതയായും യാഷ് രാവണനായും കാജൽ അഗർവാൾ മണ്ഡോദരിയായും വേഷമിടുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം നവംബർ ആറിന് ആഗോളതലത്തിൽ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.
1 week ago
4




English (US) ·