തീവ്രവാദികൾ 'സ്വാതന്ത്ര്യസമര സേനാനികളെ'ന്ന് പാക് ഉപപ്രധാനമന്ത്രി; രൂക്ഷവിമർശനവുമായി ഡാനിഷ് കനേരിയ

8 months ago 10

pakistan-deputy-pm-Pahalgam-attack-criticism

ഇഷാഖ് ദാർ, ഡാനിഷ് കനേരിയ | Photo: AFP

ഇസ്ലാമാബാദ്: പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദികളെ 'സ്വാതന്ത്ര്യ സമര സേനാനികള്‍' എന്ന് വിളിച്ച പാകിസ്താന്‍ ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിനെതിരേ മുന്‍ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. പാകിസ്താന്റെ വിദേശകാര്യ മന്ത്രി കൂടിയാണ് ഇഷാഖ് ദാര്‍.

'പാകിസ്താന്‍ ഉപപ്രധാനമന്ത്രി തീവ്രവാദികളെ 'സ്വാതന്ത്ര്യ സമര സേനാനികള്‍' എന്ന് വിളിക്കുമ്പോള്‍ അത് ഒരു അപമാനം മാത്രമല്ല - ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയെ തുറന്നു സമ്മതിക്കലുമാണ്', കനേരിയ എക്‌സില്‍ കുറിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരവാദികളെ ഇഷാഖ് ദാര്‍ സ്വാതന്ത്ര്യസമര സേനാനികളെന്ന് വിശേഷിപ്പിച്ചത്. പഹല്‍ഗാം ആക്രമണത്തെ പാകിസ്താന്‍ അപലപിക്കുകയും തീവ്രവാദ സംഘടനകള്‍ക്ക് അഭയം നല്‍കുന്നുവെന്ന ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഉപപ്രധാനമന്ത്രിയുടെ വിശേഷണം. 'ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാം ജില്ലയില്‍ ആക്രമണം നടത്തിയവര്‍ സ്വാതന്ത്ര്യ സമര സേനാനികളായിരിക്കാം' എന്നായിരുന്നു ഇഷാഖ് ദാറിന്റെ കമന്റ്.

ഇന്ത്യ, പാകിസ്താനെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്താല്‍ തിരിച്ചടി നല്‍കുമെന്നും ഇഷാഖ് ദാര്‍ പറഞ്ഞു. സിന്ധു നദീജല കരാര്‍ പ്രകാരം തങ്ങള്‍ക്ക് ലഭിക്കേണ്ട വെള്ളം തിരിച്ചുവിടാനുള്ള ഏതൊരു നീക്കവും യുദ്ധനടപടിയായി കണക്കാക്കുമെന്നും പാകിസ്താന്‍ നിലപാടെടുത്തിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെയും ഡാനിഷ് കനേരിയ കുറ്റപ്പെടുത്തിയിരുന്നു. ആക്രമണത്തില്‍ പാകിസ്താന് പങ്കില്ലെങ്കില്‍ എന്തുകൊണ്ടാണ് പാക് പ്രധാനമന്ത്രി സംഭവത്തെ അപലപിക്കാത്തതെന്ന് കനേരിയ ചോദിച്ചു. പ്രധാനമന്ത്രിയുടെ നിശബ്ദത സത്യത്തിന്റെ പ്രതിഫലനത്തിന് തുല്യമാണെന്ന് പറഞ്ഞ കനേരിയ, ഷെരീഫിന്റെ സര്‍ക്കാര്‍ ഭീകരര്‍ക്ക് അഭയം നല്‍കുകയും വളര്‍ത്തുകയും ചെയ്യുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു.

Content Highlights: Danish Kaneria criticizes Pakistan`s lawman PM for calling Pahalgham attackers `freedom fighters`.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article