മുജീബുര്‍റഹ്മാന്‍ കരിയാടന്‍
'മേക്ക് യുവര്‍ ഫാദര്‍ പ്രൗഡ്' തളര്‍ന്നു പോയ ശിഷ്യയോട് മാസ്റ്റര്‍ നല്‍കുന്ന ഉപദേശത്തിനൊരു ചാരുതയുണ്ട്. കാരണം രംഗത്ത് മോഹന്‍ലാലും മകള്‍ വിസ്മയയുമാണ്. അച്ഛനെ അഭിമാനിതനാക്കൂ എന്ന ഉപദേശം സിനിമയിലാണെങ്കിലും ആദ്യ ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ മകള്‍ വിസ്മയ അച്ഛന്‍ മോഹന്‍ലാലിലെ അക്ഷരാര്‍ഥത്തില്‍ അഭിമാനിതനാക്കിയിട്ടുണ്ടാകും.
അഭിനേത്രി എന്ന നിലയില്‍ വിസ്മയ മോഹന്‍ലാല്‍ ഇനിയും പല കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് തന്നെ തെളിയിക്കേണ്ടതുണ്ടാകാം. എന്നാല്‍ ആദ്യ ചിത്രത്തില്‍ തന്നെ അവര്‍ തന്നെ അടയാളപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്.
മോഹന്‍ലാലിന്റെ മകളുടേത് മാത്രമല്ല മോഹന്‍ലാലിന്റെ സന്തത സഹചാരിയും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മകന്റെ കൂടി ആദ്യ ചിത്രമാണ് തുടക്കം . 'വിസ്മയ മോഹന്‍ലാല്‍സ് തുടക്കം' എന്നാണ് ടൈറ്റിലെങ്കിലും ആഷിഷ് ജോ ആന്റണീസ് തുടക്കം കൂടിയാണ് ഈ ചിത്രം. വിസ്മയയെ കുറിച്ചു പറഞ്ഞതുപോലെ ആഷിഷും തന്നെ തെളിയിക്കേണ്ടതുണ്ടെങ്കിലും ആദ്യ ചിത്രത്തില്‍ തന്നെ കൊടൂര വില്ലനെ അവതരിപ്പിച്ച് അടയാളം സ്ഥാപിച്ചിട്ടുണ്ട് അയാള്‍. തുടക്കം കണ്ടവരാരും വിസ്മയയെ മറക്കാത്തതുപോലെ ആഷിഷിനേയും മറക്കില്ല.
സമൂഹത്തില്‍ പെണ്‍കുട്ടികള്‍ക്കെതിരെ വര്‍ധിക്കുന്ന ലൈംഗിക ആക്രമണങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്ന ചിത്രമാണ് തുടക്കം. തീവണ്ടിയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടാതെ പോയെന്ന് സങ്കടപ്പെടുന്ന ഒരു അച്ഛനും അമ്മയും മകളുമുള്ള ലോകത്ത് എല്ലാ പെണ്‍കുട്ടികള്‍ക്കുമുള്ള നീതി ചോദിച്ചു വാങ്ങുന്ന മീനുവാണ് സിനിമയിലെ കേന്ദ്രകഥാപാത്രം.
വളരെ സാധാരണമായൊരു മലയോര ഗ്രാമവും അവിടുത്തെ ജീവിതങ്ങളും പറഞ്ഞാണ് തുടക്കം മുന്നോട്ടു പോകുന്നത്. സിനിമയുടെ ഴോണറില്‍ അഡ്വഞ്ചര്‍, ത്രില്ലര്‍ എന്നൊക്കെയുണ്ടെങ്കിലും സിനിമ സഞ്ചരിക്കുന്ന 'മൂഡ്' അങ്ങനെയുള്ളതല്ല. എന്നാലാവട്ടെ ആവോളം അഡ്വഞ്ചറും ത്രില്ലറും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ശാന്തമായൊഴുകുന്ന പുഴയില്‍ ഒളിഞ്ഞു കിടക്കുന്ന ചുഴിയോ കുഴിയോ പോലെ ഉപരിതലത്തില്‍ ഒന്നും ദൃശ്യമാകുന്നില്ല.
ഒരു പെണ്‍കുട്ടിക്ക് മറ്റൊരു പെണ്‍കുട്ടിയുടെ മാനസികാവസ്ഥകളുമായി താദാത്മ്യം പ്രാപിക്കാനാവുമെന്ന് തുടക്കം പഠിപ്പിച്ചു തരുന്നു. അല്ലായിരുന്നുവെങ്കില്‍ സമയം വൈകിയോടുന്ന അത്രയും തിരക്കുള്ളൊരു ബസ്സില്‍ ആ രണ്ടു പെണ്‍കുട്ടികളോട് മീനുവിന് ഉത്തരവാദിത്വം തോന്നേണ്ട കാര്യമുണ്ടായിരുന്നില്ലല്ലോ.
മോഹന്‍ലാല്‍ എന്ന നടനെ ഒഴിച്ചു നിര്‍ത്തിയാല്‍ ചെറിയൊരു സിനിമയാണ് തുടക്കമെന്നു പറയാം. മുഴുനീള കഥാപാത്രമായി സായ്കുമാറിന്റേയും മികച്ചൊരു കഥാപാത്രമായി മനോജ് കെ ജയന്റേയും സാന്നിധ്യമല്ലാതെ 'ഹെവി' അഭനേതാക്കളൊന്നും സിനിമയില്‍ വരുന്നില്ല. പുതുമുഖ നായിക, പുതുമുഖ വില്ലന്‍, ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സാധാരണ അഭനേതാക്കള്‍ എന്നിവരാണ് തുടക്കത്തിലുള്ളത്. മോഹന്‍ലാലിന്റെ മകളും ആന്റണി പെരുമ്പാവൂരിന്റെ മകനും എന്നതാണ് തുടക്കത്തെ ആദ്യം മുതല്‍ ശ്രദ്ധേയമാക്കിയത്. എന്നാല്‍ തുടക്കം കൈകാര്യം ചെയ്ത പ്രമേയമാണ് ഇവിടെ ചെറിയ ചിത്രത്തിലെ 'വലിയ' സംഗതി.
സിനിമയുടെ ആദ്യപകുതിയില്‍ പാളിച്ചകളില്ലാതെ തിരക്കഥ ഒരുക്കിയിട്ടുണ്ടെങ്കിലും രണ്ടാം പകുതിയില്‍ ചിലയിടങ്ങളിലെങ്കിലും അത് പാളിപ്പോയിട്ടുണ്ട്. എന്നാല്‍ തിരക്കഥയ്ക്കുണ്ടായ പാളിച്ചകളെ മേക്കിംഗ് രീതികൊണ്ട് മറച്ചുവെക്കാന്‍ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫിന് സാധിച്ചിട്ടുമുണ്ട്. അതോടൊപ്പം തന്റെ 'പെര്‍ഫോമന്‍സ്' കൊണ്ട് വിസ്മയയും ആ ഭാഗങ്ങള്‍ സജീവമാക്കിയിട്ടുണ്ട്.
സമൂഹത്തിന് നേരെ പിടിച്ച കണ്ണാടിയിലൂടെയുള്ള കാഴ്ചകള്‍ എന്ന രീതിയിലാണ് തുടക്കത്തെ സ്വീകരിക്കേണ്ടത്. ലോഹിതദാസ്- മമ്മൂട്ടി ചിത്രം 'ഭൂതക്കണ്ണാടി' മുമ്പോട്ടു വെച്ച ആശങ്കകള്‍ക്ക് പുതിയ തലമുറ നല്‍കുന്ന മറുപടി കൂടിയാണ് 'തുടക്കം' എന്നും വേണമെങ്കില്‍ പറയാനാവും.
മോഹന്‍ലാലിന്റെ മകളെന്ന നിലയില്‍ വിസ്മയയ്ക്ക് കിട്ടുന്ന നേട്ടത്തിന്റെ അതേ കനം തന്നെയായിരിക്കും അഭിനേത്രി എന്ന നിലയില്‍ അവര്‍ പിറകോട്ടു പോയിരുന്നുവെങ്കില്‍ ഉണ്ടാക്കുമായിരുന്ന കോട്ടത്തിനും. അരനൂറ്റാണ്ടോളം കാലമായി മലയാള വെള്ളിത്തിരയിലുള്ള അച്ഛന്റെ അനുഭവത്തഴമ്പ് മകളിലുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന നിരവധി പേരുണ്ടാകും. ഇവരെയൊന്നും വിസ്മയ നിരാശപ്പെടുത്തിയിട്ടില്ല. മാത്രമല്ല കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതോടെ അവര്‍ തേച്ചുമിനുക്കപ്പെടുകയും ചെയ്യും. സാധാരണയായി മലയാള സിനിമയില്‍ നായിക നടിമാര്‍ സ്വസ്ഥം ഗൃഹഭരണത്തിലേക്ക് മടങ്ങുകയോ ഫീല്‍ഡ് ഔട്ട് ആവുകയോ ചെയ്യുന്ന പ്രായത്തിലാണ് വിസ്മയ മോഹന്‍ലാല്‍ തന്റെ സിനിമാ കരിയറിന് തുടക്കം കുറിക്കുന്നതെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് അനുയോജ്യമായ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയെന്നത് തിരക്കഥാകൃത്തുക്കള്‍ക്ക് മുമ്പില്‍ വലിയ വെല്ലുവിളിയാകാനും സാധ്യതയുണ്ട്.
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം നിര്‍വഹിച്ച ബറോസ് സിനിമയില്‍ സഹസംവിധായികയായാണ് വിസ്മയ സിനിമാ രംഗത്തെത്തിയത്. തന്റെ ആദ്യ സിനിമയില്‍ പ്രവര്‍ത്തിക്കുന്നതിന് മുമ്പേ വിസ്മയ എഴുത്തുകാരിയും ചിത്രകാരിയുമെന്ന നിലയില്‍ തന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന കവിതാ സമാഹാരം വിസ്മയയുടേതായി പുറത്തുവന്നിട്ടുണ്ട്.
ജൂഡ് ആന്തണി ജോസഫ് എന്ന സംവിധായകനെ സംബന്ധിച്ചിടത്തോളം അദ്ദേഹം നേരത്തെ തന്നെ പ്രതിഭ തെളിയിച്ചിട്ടുള്ളതാണ്. 2018ന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ചില രംഗങ്ങള്‍ മികച്ച രീതിയില്‍ ഭാവനയില്‍ കാണാനും അത് വെള്ളിത്തിരയിലെത്തിക്കാനും ജൂഡിന് സാധിച്ചിട്ടുണ്ട്. ജൂഡിന്റെ കാഴ്ചകളെ ചമന്‍ ചാക്കോ ഭംഗിയായി എഡിറ്റ് ചെയ്ത് യാഥാര്‍ഥ്യമാക്കിയെന്നും പറയാതെ വയ്യ.
ലിനീഷ് നെല്ലിക്കലും അഖില്‍ കൃഷ്ണയും ഒപ്പം സംവിധായകന്‍ ജൂഡ് ആന്തണി ജോസഫും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോപോളിന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയിയുടെ സംഗീതവും കെ എസ് ചിത്രയുടെ ആലാപനവും സിനിമയെ ഹൃദയത്തോടു ചേര്‍ത്തുവെക്കാനുള്ള ഹേതുവാകുന്നുണ്ട്. അഖില്‍ ജോര്‍ജ്ജും ജോമോന്‍ ടി ജോണുമാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് തുടക്കത്തിന്റെ നിര്‍മാതാവ്.




English (US) ·