ഗുവാഹത്തി ∙ ഓസ്ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയുമൊക്കെ ശ്രദ്ധയ്ക്ക്: കന്നി വനിതാ ഏകദിന ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇതാ വരവായി.
ടൂർണമെന്റിലെ സഹ ആതിഥേയർ കൂടിയായ ശ്രീലങ്കയെ ഉദ്ഘാടന മത്സരത്തിൽ 59 റൺസിനു തകർത്താണ് ഇന്ത്യയുടെ തുടക്കം. മഴമൂലം 47 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 47 ഓവറിൽ 8 വിക്കറ്റിന് 269 റൺസെടുത്തപ്പോൾ ലങ്കയുടെ മറുപടി 45.4 ഓവറിൽ 211 റൺസിലൊതുങ്ങി. ക്യാപ്റ്റൻ ചമരി അട്ടപ്പട്ടു(43), നിലാക്ഷിക ഡിസിൽവ(35), ഹർഷിത സമരവിക്രമ(29) എന്നിവർ മാത്രമാണ് കാര്യമായ ചെറുത്തുനിൽപ് നടത്തിയത്.
ഇന്ത്യയ്ക്കു വേണ്ടി അർധ സെഞ്ചറിയും 3 വിക്കറ്റും നേടിയ ഓൾറൗണ്ടർ ദീപ്തി ശർമയാണ് പ്ലെയർ ഓഫ് ദ് മാച്ച്. സ്കോർ: ഇന്ത്യ– 47 ഓവറിൽ 8ന് 269, ശ്രീലങ്ക– 45.4 ഓവറിൽ 211 ഓൾഔട്ട്. (ഡിഎൽഎസ് മഴ നിയമ പ്രകാരം 59 റൺസ് വിജയം)
ലോകകപ്പിൽ തന്റെ അരങ്ങേറ്റ മത്സരത്തിൽ അർധസെഞ്ചറിക്കു പിന്നാലെ ഒരു വിക്കറ്റു സ്വന്തമാക്കുകയും ചെയ്ത ഓൾറൗണ്ടർ അമൻജ്യോത് കൗറും ഇന്ത്യയ്ക്കായി തിളങ്ങി. ഓഫ്സ്പിന്നർ സ്നേഹ് റാണയും ഇടംകൈ സ്പിന്നർ ശ്രീചരണിയും രണ്ടു വിക്കറ്റു വീതവും പേസർ ക്രാന്തി ഗൗഡ്, പാർട്‌ടൈം സ്പിന്നർ പ്രതിക റാവൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ഒക്ടോബർ 5ന് പാക്കിസ്ഥാനെതിരെ കൊളംബോയിലാണ് ഇന്ത്യയുടെ അടുത്ത മത്സരം.
സ്പിൻ കെണി
സ്പിന്നർമാരായ ദീപ്തിയും സ്നേഹ് റാണയും ശ്രീചരണിയും പ്രതിക റാവലും ചേർന്നാണ് ലങ്കൻ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കിയത്. ഡിഎൽഎസ് മഴനിയമപ്രകാരം പുതുക്കി നിശ്ചയിച്ച 271 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ലങ്കയ്ക്കു കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ പാതി ഓവറുകൾ പിന്നീടും മുൻപേ മത്സരം ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്നു. ഓപ്പണർ ഹസിനി പെരേരയുടെ സ്റ്റംപ് കടപുഴക്കി പേസർ ക്രാന്തി ഗൗഡാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ട തുടങ്ങിവച്ചത്. രണ്ടാം വിക്കറ്റിനു ഹർഷിത സമരവിക്രമയ്ക്കൊപ്പം ക്യാപ്റ്റൻ ചമരി 52 റൺസ് ചേർത്തത് ലങ്കയ്ക്കു പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, ദീപ്തി ശർമയുടെ പന്തിൽ ചമരി ബോൾഡായതിനു പിന്നാലെ അവർക്ക് ഇടയ്ക്കിടെ വിക്കറ്റുകൾ നഷ്ടമായതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു.
തകർച്ചയ്ക്കു ശേഷം
നേരത്തേ, മധ്യനിര പരാജയപ്പെട്ടതോടെ 6 വിക്കറ്റിന് 124 എന്ന നിലയിൽ ടീം വൻതകർച്ച നേരിട്ടപ്പോൾ ഇന്ത്യയെ രക്ഷിച്ചത് അമൻജ്യോത് കൗറിന്റെയും (56 പന്തിൽ 57) ദീപ്തി ശർമയുടെയും (53 പന്തിൽ 53) അർധസെഞ്ചറികളാണ്. മൂന്നാം നമ്പർ ബാറ്റർ ഹർലീൻ ഡിയോൾ(48), ഓപ്പണർ പ്രതിക റാവൽ(37), സ്നേഹ് റാണ(28) എന്നിവരുടെ ഇന്നിങ്സുകളും നിർണായകമായി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ(21), സ്മൃതി മന്ഥന(8), ജമീമ റോഡ്രിഗ്സ്(0) എന്നിവർ പരാജയപ്പെട്ടു.
ഓൾറൗണ്ട് കൂട്ടുകെട്ട്
രണ്ട് ഓവറിൽ 4 റൺസെടുക്കുന്നതിനിടെ 4 വിക്കറ്റുകളാണു പൊടുന്നനെ ഇന്ത്യയ്ക്കു നഷ്ടമായത്. 2ന് 120 എന്ന ഭേദപ്പെട്ട നിലയിൽ നിന്ന് 6നു 124 എന്ന സ്കോറിലേക്ക് ഇന്ത്യ കൂപ്പുകുത്തി. തന്റെ ആദ്യ ഓവറിൽ പ്രതിക റാവലിനെ പുറത്താക്കിയ ഇനോക രണവീരയുടെ മാന്ത്രിക സ്പെൽ 26–ാം ഓവറിലായിരുന്നു.
ആദ്യ പന്തിൽ ഹർലീൻ ഡിയോൾ, രണ്ടാം പന്തിൽ ജമീമ റോഡ്രിഗ്സ്, അഞ്ചാം പന്തിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എന്നിവരായിരുന്നു ഇരകൾ. 7–ാം വിക്കറ്റിൽ ഒത്തുചേർന്ന ദീപ്തി ശർമ– അമൻജ്യോത് കൂട്ടുകെട്ട് നേടിയ 103 റൺസിന്റെ കരുത്തിൽ ഇന്ത്യ മത്സരത്തിലേക്കു തിരിച്ചു വന്നു. അവസാന ഓവറുകളിൽ വെടിക്കെട്ടു നടത്തിയ സ്നേഹ് റാണയാണ് (15 പന്തിൽ 28) ഇവർക്കൊപ്പം മികച്ച സ്കോറിലേക്ക് ഇന്ത്യയെ നയിച്ചത്.
English Summary:








English (US) ·