Published: December 04, 2025 01:36 PM IST
1 minute Read
ലക്നൗ∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇന്ത്യൻ ടീമിലെ സൂപ്പർ താരങ്ങൾ അണിനിരക്കുന്ന മുംബൈയെ തകർത്ത് കേരളം. സഞ്ജു സാംസൺ നയിക്കുന്ന കേരളം 15 റൺസ് വിജയമാണു മത്സരത്തിൽ നേടിയത്. ആദ്യം ബാറ്റു ചെയ്ത കേരളം 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തപ്പോൾ, മറുപടിയിൽ മുംബൈ 19.4 ഓവറിൽ 163 റൺസടിച്ചു പുറത്തായി. മറുപടി ബാറ്റിങ്ങിൽ മുംബൈയുടെ അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ കെ.എം. ആസിഫാണ് കളി കേരളത്തിനു അനുകൂലമാക്കിയത്. 3.4 ഓവറുകൾ പന്തെറിഞ്ഞ താരം 24 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കി.
ടോസ് നേടിയ കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് സഞ്ജു കേരളത്തിനു നല്‍കിയത്. രോഹന്‍ കുന്നുമ്മലിനെ സാക്ഷിയാക്കി ആദ്യ ഓവറുകളിൽ സഞ്ജു തകർത്തടിച്ചതോടെ ഓപ്പണിങ് വിക്കറ്റിൽ 42 റൺസിന്റെ കൂട്ടുകെട്ടാണു കേരളം നേടിയത്. 28 പന്തുകളിൽ എട്ട് ഫോറുകളും ഒരു സിക്സും ബൗണ്ടറി കടത്തിയ സഞ്ജു 46 റൺസെടുത്താണു പുറത്തായത്. ഷാർദൂൽ ഠാക്കൂറിന്റെ പന്തിൽ സർഫറാസ് ഖാൻ ക്യാച്ചെടുത്ത് കേരള ക്യാപ്റ്റനെ പുറത്താക്കി.
40 പന്തിൽ 43 റൺസെടുത്ത വിഷ്ണു വിനോദും നിലയുറപ്പിച്ചു കളിച്ചു. എൻ.എം. ഷറഫുദ്ദീൻ (15 പന്തിൽ 35), മുഹമ്മദ് അസ്ഹറുദ്ദീൻ (25 പന്തിൽ 32) എന്നിവരും കേരളത്തിനായി തിളങ്ങി. മറുപടി ബാറ്റിങ്ങിൽ സര്‍ഫറാസ് ഖാൻ അർധ സെഞ്ചറി നേടിയിട്ടും മുംബൈയ്ക്ക് വിജയത്തിലെത്താൻ സാധിച്ചില്ല. 40 പന്തിൽ 52 റൺസാണ് സർഫറാസ് അടിച്ചെടുത്തത്.
അജിൻക്യ രഹാനെ (32), സൂര്യകുമാർ യാദവ് (32) എന്നിവരാണ് മുംബൈയുടെ മറ്റ് പ്രധാന സ്കോറർമാർ. സൂര്യകുമാര്‍ യാദവ്, സായ്‍രാജ് പാട്ടീൽ, ഷാർദൂൽ ഠാക്കൂർ, ഹാർദിക് ടമോർ, ഷംസ് മുലാനി എന്നിവരുടെ വിക്കറ്റുകളാണ് കെ.എം. ആസിഫ് വീഴ്ത്തിയത്. അജിൻക്യ രഹാനെ, ശിവം ദുബെ എന്നിവരെ പുറത്താക്കിയ സ്പിന്നർ വിഘ്നേഷ് പുത്തൂരിന്റെ പ്രകടനവും മത്സരത്തിൽ നിർണായകമായി.
English Summary:








English (US) ·