‘തുടക്കം’ സെൻസറിംഗ് പൂർത്തിയായി; വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം ഓഗസ്റ്റ് 7ന് തിയേറ്ററുകളിൽ

1 month ago 9

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ചലച്ചിത്ര അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ സെൻസറിംഗ് നടപടികൾ പൂർത്തിയാക്കി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. 2 മണിക്കൂർ 19 മിനിറ്റ് (139.35 മിനിറ്റ്) ദൈർഘ്യമുള്ള ചിത്രം ഓഗസ്റ്റ് 7ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ, നിർമ്മാതാവിന്റെ മകൻ ആശിഷ് ജോ ആന്റണി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

‘2018’ എന്ന വമ്പൻ വിജയചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘തുടക്കം’. കുട്ടിക്കാനത്ത് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഒരു കുടുംബകഥയാണ് പറയുന്നതെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, വിസ്മയയുടെ അഭിനയ അരങ്ങേറ്റം എന്ന നിലയിലും ജൂഡ് ആന്റണിയുടെ പുതിയ ചിത്രമെന്ന നിലയിലും സിനിമയ്ക്കായി വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ.

‘എമ്പുരാൻ’ എന്ന ചിത്രത്തിന് ശേഷം ആശിഷ് ജോ ആന്റണി അഭിനയരംഗത്ത് സജീവമാകുന്ന സിനിമ കൂടിയാണ് ഇത്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുന്നു. ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

Read Entire Article