
ആരതി, രവി മോഹൻ | ഫോട്ടോ: Instagram, വി. രമേഷ്| മാതൃഭൂമി
ചെന്നൈ: വിവാഹമോചനവുമായി ബന്ധപ്പെട്ട് നടൻ രവി മോഹനും ആരതിയും ചെന്നൈ കുടുംബ കോടതിയിൽ ഹാജരായി. ഇരുവരും വ്യക്തിഗത ഹർജികൾ ഫയൽ ചെയ്തു. വിവാഹബന്ധം തുടരാൻ തനിക്ക് താല്പര്യമില്ലെന്ന് രവി വ്യക്തമാക്കിയപ്പോൾ, ആരതി പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടുവെന്നാണ് വിവിധ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ബുധനാഴ്ച രവി മോഹൻ തൻ്റെ വിവാഹമോചന ആവശ്യം കോടതിയിൽ വീണ്ടും ഉന്നയിച്ചു. ആരതിയുടെ ആവശ്യം നിരസിക്കണമെന്ന് അദ്ദേഹം കോടതിയോട് അഭ്യർത്ഥിച്ചു. ഇരുകക്ഷികളോടും അവരുടെ ഹർജികൾ പുനഃപരിശോധിക്കാൻ നിർദ്ദേശിച്ച ജഡ്ജി വിഷയം പരിഗണിക്കുന്നത് ജൂൺ 12-ലേക്ക് മാറ്റിവെക്കുകയും ചെയ്തു. സമവായത്തിലെത്താത്തതിനാൽ, രേഖാമൂലമുള്ള പ്രതികരണങ്ങൾ സമർപ്പിക്കാൻ ഇരുകൂട്ടരോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
രവിയോടും ആരതിയോടും പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനായി മധ്യസ്ഥ ചർച്ചയിൽ പങ്കെടുക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ, ഇരുവരും ഇതിന് താൽപര്യം കാണിക്കുകയോ സിറ്റിങ്ങിൽ പങ്കെടുക്കുകയോ ചെയ്തില്ല. ഇതോടെയാണ് മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതായി അധികൃതർ കോടതിയെ അറിയിച്ചത്. തുടർന്ന് വിവാഹമോചന വാദം പുനരാരംഭിച്ചു. വീഡിയോ കോൺഫറൻസിങ് വഴിയാണ് രവിയും ആരതിയും ഹാജരായത്. ഫെബ്രുവരി 15നായിരുന്നു ഇതിനു മുമ്പ് കോടതി ഈ കേസിൽ വാദം കൂടിയത്.
കഴിഞ്ഞദിവസം രവി മോഹൻ സോഷ്യൽ മീഡിയയിലൂടെ ഉന്നയിച്ച വാദങ്ങൾക്ക് ആരതി മറുപടിയുമായി എത്തിയിരുന്നു. മക്കളെ കാണാന്‍ സമ്മതിക്കുന്നില്ലെന്നും തനിക്കെതിരേയും തന്റെ അമ്മയ്‌ക്കെതിരേയും രവി മോഹന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കുമെതിരേയാണ് ആരതി രംഗത്തെത്തിയത്. തങ്ങളുടെ വിവാഹജീവിതത്തില്‍ മൂന്നാമതൊരാളുണ്ടായിരുന്നുവെന്നും തങ്ങള്‍ക്കിടയിലല്ല പ്രശ്‌നങ്ങളെന്നും പുറമെ നിന്നായിരുന്നു ഇടപടെലുകളെന്നും ആരതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.
'നിങ്ങളുടെ ജീവിതത്തിലെ വെളിച്ചം' എന്ന് നിങ്ങള്‍ വിശേഷിപ്പിച്ച സ്ത്രീ യഥാര്‍ത്ഥത്തില്‍ തങ്ങളുടെ ജീവിതത്തില്‍ ഇരുട്ട് വീഴ്ത്തിയെന്നും വിവാഹമോചനവുമായി മുന്നോട്ട് പോകുന്നതിനും മുൻപേ അവരുടെ സ്വാധീനം രവിയുടെ ജീവിതത്തില്‍ ഉണ്ടായിരുന്നെന്നും ഇതിനുള്ള തെളിവുകള്‍ തന്റെ കൈയിലുണ്ടെന്നും ആരതി പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിലാണ് താനും ആരതിയും തമ്മിലുള്ള വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് രവി മോഹന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. എന്നാല്‍ തന്റെ അറിവോ സമ്മതമോ കൂടാതെയാണ് വിവാഹമോചനത്തെ കുറിച്ച് രവി പ്രഖ്യാപനം നടത്തിയതെന്നും ഈ തീരുമാനം തീര്‍ത്തും ഏകപക്ഷീയമാണെന്നും ആരതി വ്യക്തമാക്കിയിരുന്നു.
Content Highlights: Ravi Mohan and woman Aarti`s divorcement lawsuit heats up with Aarti demanding ₹40 lakh monthly alimony
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·