പത്തനംതിട്ട: റാന്നിയിലും പരിസരപ്രദേശങ്ങളും കഥാപശ്ചാത്തലമായ 'തുടരും' സിനിമ മികച്ച വിജയം നേടി മുന്നേറുകയാണ്. നിർമാതാവ് പത്തനംതിട്ട ഓമല്ലൂർ മാത്തൂർ സ്വദേശി എം. രഞ്ജിത്തിന്റെ താത്പര്യമാണ് സിനിമയുടെ കഥാപശ്ചാത്തലം റാന്നിയായത്. 35 വർഷമായി നിർമാതാവ്, വിതരണക്കാരൻ എന്നീ മേഖലകളിൽ തിളങ്ങിനിൽക്കുന്നയാളാണ് രജപുത്ര ഫിലിംസിന്റെ സാരഥി രഞ്ജിത്ത്. മാത്തൂർക്കാവ് ക്ഷേത്രത്തിലെ കൊടിമര പ്രതിഷ്ഠയിൽ പങ്കാളിയാകാൻ ഭാര്യയും നടിയുമായ ചിപ്പിക്കൊപ്പം കുടുംബവീട്ടിലെത്തിയ രഞ്ജിത്ത്, തന്റെ സിനിമാ യാത്രയെപ്പറ്റിയും പത്തനംതിട്ടയുമായുള്ള അടുപ്പത്തെപ്പറ്റിയും സംസാരിക്കുന്നു.
മാത്തൂർ മാന്ത്രമഠത്തിൽ രഞ്ജിത്തിന് സിനിമയോടുള്ള താത്പര്യം ഉണ്ടായതെങ്ങനെ?
മലയാള സിനിമാ ചരിത്രകാരനും ചലച്ചിത്രനിരൂപകനുമായ ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ എന്റെ അമ്മാവനാണ് (അമ്മയുടെ അനിയൻ). ശരിക്കും അദ്ദേഹമാണ് കുട്ടിക്കാലത്ത് സിനിമാ താത്പര്യങ്ങൾ വളർത്തിയത്. ചേർത്തലയിൽ അമ്മാവന്റെ വീട്ടിൽ പോയി നിൽക്കുമ്പോൾ ഒരുപാട് പുസ്തകങ്ങൾ വായിക്കാൻ തരും, സിനിമകൾ കാണിക്കും. അമ്മാവനൊപ്പമാണ് കുട്ടിക്കാലത്ത് സിനിമയിൽനിന്നുള്ള ഒരുപാട് ആളുകളെ കണ്ടിട്ടുള്ളത്. അമ്മാവന്റെ ആഗ്രഹംകൂടിയായിരുന്നു ഞാൻ സിനിമയിലേക്ക് എത്തണം എന്നത്.
സിനിമാ നിർമാതാവിലേക്കുള്ള യാത്ര?
പഠനത്തിനുശേഷം കേരളത്തിനകത്തും പുറത്തും വിവിധ കമ്പനികളിൽ ജോലി ചെയ്തു. 1990-ൽ കോട്ടയത്ത് ജോലിചെയ്യുന്ന സമയത്ത് സുഹൃത്ത് നിർമിച്ച സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട് പലരെയും പരിചയപ്പെടാൻ സാധിച്ചു. ഒപ്പം സിനിമകളെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു. അങ്ങനെ പരിചയപ്പെട്ട പട്ടണം റഷീദ്, ജെ.പള്ളാശരി തുടങ്ങിയവരുമായി സിനിമ നിർമിക്കാനുള്ള താത്പര്യം പങ്കുവെച്ചു. അങ്ങനെയുള്ള പരിചയങ്ങളിലൂടെയാണ് 1990-ൽ എന്റെ 24-ാം വയസ്സിൽ മുഖചിത്രം എന്ന സിനിമ നിർമിച്ച് സിനിമാലോകത്തേക്ക് എത്തുന്നത്. പട്ടണം റഷീദാണ് രജപുത്ര എന്ന പേരിട്ടത്.
തുടരും സിനിമയുടെ കഥാപശ്ചാത്തലം പത്തനംതിട്ടയായത് താങ്കളുടെ താത്പര്യമാണോ?
പത്തനംതിട്ട ഞാൻ ഏറ്റവും സ്നേഹിക്കുന്ന സ്ഥലമാണ്. എന്നേക്കാൾ ഏറെ അച്ഛൻ പി. ഉണ്ണികൃഷ്ണൻനായർക്ക് പത്തനംതിട്ട ഒരു വികാരമായിരുന്നു. അച്ഛന്റെ ഇഷ്ടങ്ങൾ കണ്ടുവളർന്ന എനിക്കും പത്തനംതിട്ട ഒരു വീക്ക്നെസായി. അങ്ങനെയാണ് എന്റെ പല പ്രോജക്ടുകളിലും സ്ഥലവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കടന്നുവന്നത്. തുടരും സിനിമയുടെ കഥ ആദ്യം പാലക്കാട് പശ്ചാത്തലമായിരുന്നു. ഞാൻ തന്നെയാണ് റാന്നി പശ്ചാത്തലമാക്കാം എന്ന നിർദേശംവെച്ചത്.
റാന്നിയുടെ പ്രത്യേകത ശബരിമല, എരുമേലി, പത്തനംതിട്ട, കുമ്പഴ, തിരുവല്ല, പിന്നെ വനപ്രദേശം ഇവയെല്ലാം നമ്മുടെ കഥയ്ക്ക് അനുയോജ്യമായി ബന്ധപ്പെടുത്താൻ സാധിക്കും എന്നതാണ്. പത്തനംതിട്ടയിലെ പ്രദേശങ്ങളൊക്കെ എനിക്ക് നന്നായി അറിയാവുന്നതുകൊണ്ട് സ്ക്രിപ്റ്റ് എഴുതുന്ന സമയത്ത് അതിനെപ്പറ്റിയൊക്കെ പറഞ്ഞുകൊടുക്കാൻ സാധിച്ചു.
പത്തനംതിട്ടയുടെ പശ്ചാത്തലവും സംസാരശൈലിയുമൊക്കെ തിരക്കഥാകൃത്തുക്കളെ പരിചയപ്പെടുത്തിയതെങ്ങനെ?
ആദ്യം തന്നെ അവരെ ലൊക്കേഷൻ കാണാൻ വിട്ടിരുന്നു. സംശയം വരുമ്പോൾ സംവിധായകൻ തരുൺ മൂർത്തിയും തിരക്കഥാകൃത്ത് കെ.ആർ. സുനിലും എന്നോട് ചോദിക്കും. പോലീസ് സ്റ്റേഷന്റെ പേരും ഞാനാണ് നിർദേശിച്ചത്. സംഭാഷണശൈലിയൊക്കെ അതുപോലെ പകർത്താൻ ഞങ്ങൾ ഒന്നിച്ച് സിനിമയിൽ പറയുന്ന സ്ഥലങ്ങളിലൂടെയെല്ലാം കുറേ യാത്രകൾ നടത്തി. ആളുകളുമായി സംസാരിച്ചു.
മനോഹരമായ ലൊക്കേഷനുകൾ ഉണ്ടായിട്ടും ജില്ലയിൽ സിനിമാ ഷൂട്ടിങ്ങുകൾ അധികം നടക്കുന്നില്ല?
ചെറിയ സിനിമകൾ പലതും ഇവിടെ ഷൂട്ടുചെയ്യുന്നുണ്ട്. എന്നാൽ പത്തനംതിട്ടയിൽ വലിയ സിനിമയ്ക്ക് ഉൾക്കൊള്ളാവുന്ന സൗകര്യങ്ങൾ പരിമിതമാണ്. സിനിമയെ സംബന്ധിച്ചിടത്തോളം സമയക്രമം ഏറെ പ്രധാനമാണ്. ഇവിടത്തെ ലഭിക്കുന്ന സൗകര്യങ്ങൾവെച്ച് സമയക്രമം പാലിക്കാൻ ബുദ്ധിമുട്ടായി വരാം. തുടരും പത്തനംതിട്ടയിൽ ഷൂട്ടുചെയ്യാൻ ശ്രമിച്ചിരുന്നു, പക്ഷേ സാഹചര്യങ്ങൾകൊണ്ട് കുറച്ചുഭാഗം മാത്രമാണ് ഇവിടെ ചിത്രീകരിക്കാൻ സാധിച്ചത്. അന്ന് വലിയ മഴപെയ്തതൊക്കെ ഇവിടെ ചിത്രീകരണത്തിന് ബുദ്ധിമുട്ടായി.
പത്തനംതിട്ട പശ്ചാത്തലത്തിലുള്ള ചിത്രവുമായി ചെന്നപ്പോൾ മോഹൻലാലിന്റെ പ്രതികരണം?
നാടിനെ ഏറെ സ്നേഹിക്കുന്ന ആളാണ് ലാലേട്ടനും. സിനിമയിൽ അദ്ദേഹത്തിന്റെ 'ഞാൻ പത്തനംതിട്ടക്കാരനാണ്' എന്ന ഡയലോഗ് ഒക്കെ വളരെ സന്തോഷത്തോടെ പറഞ്ഞതാണ്. ലാലേട്ടനും ഞാനും ബന്ധുക്കളാണ്, കുട്ടിക്കാലത്തെ വളരെ അടുപ്പമുള്ള കുടുംബങ്ങളുമാണ്. ഇപ്പോഴും ഓർക്കുന്നു ലാലേട്ടന്റെ അമ്മൂമ്മയെ (അമ്മയുടെ അമ്മ) അദ്ദേഹത്തിന്റെ ആദ്യ ചിത്രം 'മഞ്ഞിൽവിരിഞ്ഞ പൂക്കൾ' കാണിക്കാൻ പത്തനംതിട്ട അനുരാഗ് തിയേറ്ററിൽ കൊണ്ടുപോയത് ഞാനാണ്.
പത്തനംതിട്ടയിൽ പുതിയ സിനിമാ കൂട്ടായ്മകൾ ഉണ്ടാകുന്നുണ്ടോ, ജില്ലയിലെ സിനിമാ സംസ്കാരത്തെപ്പറ്റി എന്താണ് അഭിപ്രായം?
ഞാൻ സിനിമയിൽ വരുന്ന കാലത്ത് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ഗാന്ധിമതി ബാലൻ, പന്തളം ഗോപിനാഥ് പോലെയുള്ള ആൾക്കാർമാത്രമേ ജില്ലയിൽനിന്നും നിർമാണരംഗത്ത് ഉണ്ടായിരുന്നുള്ളൂ. ഇന്ന് കുറച്ചുകൂടി നല്ല മികച്ച കൂട്ടായ്മകളും സൗഹൃദങ്ങളുമുണ്ട്. പിന്നെ ഇവിടത്തെ സിനിമാ പ്രവർത്തനങ്ങൾക്ക് കൂട്ടായ നേതൃത്വം നൽകാൻ ആളില്ല എന്നതാണ് പ്രശ്നമെന്ന് കരുതുന്നു. അങ്ങനെ ഉണ്ടായാൽ അതിനൊപ്പം ചേർന്നുനിൽക്കാൻ എനിക്കും ഏറെ താത്പര്യമുണ്ട്. തുടരും സിനിമ റിലീസ് ആയപ്പോൾ എന്നെ ഏറ്റവും വിളിച്ചത് പത്തനംതിട്ടക്കാരാണ്. എന്റെ നമ്പർ തേടിപ്പിടിച്ച് വിളിച്ച് അവർ സന്തോഷം പങ്കുവെച്ചു. അതൊക്കെ ഇവിടെ നാടിനെയും സിനിമയെയും അത്രയധികം സ്നേഹിക്കുന്ന ആളുകൾ ഉണ്ടായതുകൊണ്ടാണ്.
എം. രഞ്ജിത്ത് നിർമിച്ച ചിത്രങ്ങൾ
മുഖചിത്രം (1991), മുഖമുദ്ര (1992), പൊന്നാരംതോട്ടത്തെ രാജാവ് (1992), ചിന്താമണി കൊലക്കേസ് (2006), റെഡ് ചില്ലീസ് (2009), എൽസമ്മ എന്ന ആൺകുട്ടി (2010), മേക്കപ്പ്മാൻ (2011), ഇടുക്കി ഗോൾഡ് (2013), ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് (2013), ടമാർ പടാർ (2014), ടു കൺട്രീസ് (2015), കൂടെ (2018), തുടരും (2025).
Content Highlights: M Renjith exclusive interview
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·